scorecardresearch
Latest News

കോവിഡ് കേസുകൾ കൂടുന്നതിന് കാരണമെന്ത്?, ഉപ-വകഭേദങ്ങൾ പരിശോധിച്ച് ശാസ്ത്രജ്ഞർ

ഈ വർഷം ആദ്യം ഇന്ത്യയിൽ പ്രബലമായ സ്‌ട്രെയിനായിരുന്ന ബിഎ.2, അതിന്റെ സബ്-ലീനേജിൽ ഉൾപ്പെട്ട BA.2.75, ആണ് നിലവിൽ പ്രചരിക്കുന്ന മറ്റ് ഒമിക്രോൺ ഉപ-വകഭേദങ്ങളെ അപേക്ഷിച്ച് 18 ശതമാനം വ്യാപിച്ചിരിക്കുന്നുവെന്നാണ് കണ്ടെത്തൽ

Covid, Covid XE, Covid XE Variant

രാജ്യത്തെ കോവിഡ് കേസുകളുടെ സമീപകാല വർധനവിന്റെ കാരണങ്ങൾ തേടുകയാണ് ശാസ്ത്രജ്ഞർ. കഴിഞ്ഞ കുറച്ചു ആഴ്ചകളായി വ്യാപനം രൂക്ഷമായി തുടരുമ്പോൾ, ഓമിക്രോൺ വകഭേദത്തിന്റെ നിരവധി ഉപ വകഭേദങ്ങളിൽ ഒന്നായ ബിഎ.2.75 അവരുടെ ശ്രദ്ധയിൽപ്പെട്ടിരിക്കുകയാണ്.

ഈ വർഷം ആദ്യം ഇന്ത്യയിൽ പ്രബലമായ സ്‌ട്രെയിനായിരുന്ന ബിഎ.2, അതിന്റെ സബ്-ലീനേജിൽ ഉൾപ്പെട്ട BA.2.75, ആണ് നിലവിൽ പ്രചരിക്കുന്ന മറ്റ് ഒമിക്രോൺ ഉപ-വകഭേദങ്ങളെ അപേക്ഷിച്ച് 18 ശതമാനം വ്യാപിച്ചിരിക്കുന്നുവെന്നാണ് കണ്ടെത്തൽ.

രാജ്യത്ത് നിലവിലുള്ള കേസുകളുടെ വർദ്ധനവ് അൽപ്പം കൗതുകകരമാണെന്ന് പൂണെയിലെ ബി ജെ മെഡിക്കൽ കോളേജിലെ മൈക്രോബയോളജിസ്റ്റും മഹാരാഷ്ട്രയുടെ ജീനോം സീക്വൻസിംഗിന് നേതൃത്വം നൽകുന്ന ഡോ രാജേഷ് കാര്യകാർത്തെ പറഞ്ഞു. കാരണം നിലവിൽ വ്യപനമുണ്ടാക്കുന്ന എല്ലാം ഒമ്രിക്രോണിന്റെ ഉപവകഭേദങ്ങളാണ്. ഓമിക്രോൺ പോലെ മറ്റു വകഭേദങ്ങൾ ഉണ്ടായിട്ടില്ല.

“ഈ വർഷം ആദ്യം ഒമിക്രോൺ കാരണം ഒരു വലിയ തരംഗമുണ്ടായിരുന്നു. അതിനാൽ, ഇപ്പോഴത്തെ വർധനവ് കുറച്ച് അപ്രതീക്ഷിതമാണ്, ”അദ്ദേഹം പറഞ്ഞു.

കാര്യകാർത്തേയുടെ ടീമും മറ്റിടങ്ങളിലെ ശാസ്ത്രജ്ഞരും ബിഎ.2.74, ബിഎ.2.75, ബിഎ.2.76 എന്നീ മൂന്ന് ഉപ വകഭേദങ്ങളാണ് നിലവിലെ വർധനവിന് കാരണമായി തിരഞ്ഞെടുത്തിരിക്കുന്നത്. ഈ മൂന്ന് ഉപ വകഭേദങ്ങളുടെയും സ്പൈക്ക് പ്രോട്ടീനിൽ ഒമ്പതിലധികം മാറ്റങ്ങളുണ്ട്. ഏതാനും ആഴ്‌ചകൾ മുമ്പ് വരെ ഏറ്റവും സാധാരണമായിരുന്ന ബിഎ.4, ബിഎ.5 എന്നീ ഉപ-വകഭേദങ്ങളെ ഈ മൂന്നെണ്ണം മറികടക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ബിഎ.2.75 സബ്-ലീനേജ് (സെന്റോറസ് എന്ന് വിളിപ്പേരുള്ളത്) ഇതുവരെ രാജ്യത്ത് ഏറ്റവും സാധാരണമായി കണ്ടിരുന്ന ഒമിക്രോൺ ഉപ വകഭേദമായ ബിഎ.2ൽ നിന്നുള്ള പരിണാമപരമായ കുതിപ്പ് ആയിരുന്നു എന്ന് മെൽബണിൽ നിന്നുള്ള ഡാറ്റാ ഇന്റഗ്രേഷൻ സ്പെഷ്യലിസ്റ്റായ മൈക്ക് ഹണി ഒരു ട്വിറ്റർ പോസ്റ്റിൽ പറഞ്ഞു.

ജീനോം സീക്വൻസിംഗിന്റെ സമീപകാല ഫലങ്ങളിൽ രാജ്യത്ത് ഏറ്റവും സാധാരണയായി കണ്ടെത്തിയ ഉപ-വകഭേദങ്ങളിൽ ഒന്നാണ് ഇത് (ബിഎ.2.75) എന്ന് ഇന്ത്യയിലെ ശാസ്ത്രജ്ഞർ പറഞ്ഞു.

“ബിഎ.2.75 ന് ബിഎ.4 അല്ലെങ്കിൽ ബിഎ.5 വിനേക്കാൾ ഒരു പ്രത്യേക വളർച്ചാ നേട്ടമുണ്ട്,” ഡോ കാര്യകാർത്തെ ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു.

എന്നാൽ, ബിഎ.2.75 കൂടുതൽ ഗുരുതരമായ അണുബാധയ്ക്ക് കാരണമാകുന്നു എന്നതിന് ഇപ്പോൾ തെളിവുകളൊന്നുമില്ല. ഇത് ശരീരത്തിന് ഉണ്ടാക്കുന്ന ആഘാതം വിലയിരുത്താൻ ക്ലിനിക്കൽ പഠനങ്ങൾ നടത്താൻ ഒരുങ്ങുകയാണെന്ന് കാര്യകാർത്തെ പറഞ്ഞു.

ശാസ്ത്രജ്ഞർ ബിഎ.2.75 നെ സൂക്ഷ്മമായി നിരീക്ഷിക്കേണ്ടതുണ്ടെന്ന് ഇംപീരിയൽ കോളേജിലെ പകർച്ചവ്യാധി വിഭാഗത്തിലെ വൈറോളജിസ്റ്റായ ടോം മയിൽ ഒരു ട്വീറ്റിൽ പറഞ്ഞു, അവയ്ക്ക് ധാരാളം സ്പൈക്ക് മ്യൂട്ടേഷനുകൾ ഉണ്ടാകുന്നുണ്ട്, അവയിൽ രണ്ടെണ്ണം വളരെ പ്രാധാന്യമർഹിക്കുന്നുണ്ട്. ഭൂമിശാസ്ത്രപരമായി വ്യത്യാസങ്ങളുള്ള ഇടങ്ങളിൽ നിന്നാണ് അവയെ തിരഞ്ഞെടുക്കുന്നത്.

ബിഎ.2.75 ഉപ വകഭേദങ്ങളിലെ മ്യൂട്ടേഷനുകൾ ആന്റിബോഡികളെ ഒഴിവാക്കാനും മനുഷ്യ കോശങ്ങളുമായി സ്വയം ബന്ധിപ്പിക്കാനുമുള്ള ഒരു മികച്ച കഴിവ് നൽകുന്നു. മുമ്പ് രോഗബാധിതരായവരിൽപ്പോലും, അല്ലെങ്കിൽ പൂർണ്ണമായി വാക്സിനേഷൻ എടുത്തവരിൽപ്പോലും ഇത് രോഗമുണ്ടാകുന്നതിന് കാരണമാകും.

“സാർസ്-കോവ്-2 വൈറസിന്റെ മ്യൂട്ടേഷനുകൾ സാധാരണ കേസുകളിലും ഗുരുതര കേസുകളിലും എങ്ങനെ പടരുന്നു എന്നത് സൂക്ഷ്മമായി നിരീക്ഷിച്ചുവരുകയാണ്,” ഡോ കാര്യകാർത്തെ പറഞ്ഞു.

“ആശുപത്രിയിൽ പ്രവേശിപ്പിച്ച അല്ലെങ്കിൽ ഓക്സിജൻ വേണ്ടിവന്ന, മരണമടഞ്ഞ, ആളുകളുടെ ലക്ഷണങ്ങൾ മനസിലാക്കാൻ ക്ലിനിക്കൽ പഠനം നടത്താനും ജീനോം സീക്വൻസിംഗിനായും സാമ്പിളുകൾ അയയ്‌ക്കാൻ ഞങ്ങൾ സ്വകാര്യ ലബോറട്ടറികളോട് ആവശ്യപ്പെട്ടിട്ടുണ്ട്,” അദ്ദേഹം പറഞ്ഞു.

എന്നാൽ, ബഎ.2.75 ന്റെ വ്യാപനത്തിൽ ഇപ്പോൾ പരിഭ്രാന്തരാകേണ്ടതില്ലെന്ന് പ്രിസിഷൻ മെഡിസിൻ, ക്ലിനിക്കൽ ജീനോമിക്സ് എന്നിവയിലെ മെഡിക്കൽ ഗവേഷകനായ വിനോദ് സ്കറിയ പറഞ്ഞു.

“ഓർമ്മിക്കേണ്ട ഒര കാര്യം, വേരിയന്റ് തുടർച്ചയായി വികസിക്കുകയും കൂടുതൽ മ്യൂട്ടേഷനുകൾ ഉണ്ടാവുകയും ചെയ്യുന്നു, അതുകൊണ്ട് തന്നെ ഏതെങ്കിലും നിഗമനങ്ങളിൽ ഇപ്പോൾ എത്തിച്ചേരാൻ കഴിയില്ല,” അദ്ദേഹം ഒരു ട്വീറ്റിൽ പറഞ്ഞു.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Scientists probing spike in cases look at omicron sub variant