ബെയ്ജിങ്: മനുഷ്യനെ ക്ലോണ്‍ ചെയ്യാനുളള സാധ്യതകള്‍ വര്‍ധിപ്പിച്ച് ചൈനയിൽ ക്ലോണിങ്ങിലൂടെ കുരങ്ങുകള്‍ പിറന്നു. രണ്ട് പതിറ്റാണ്ട് മുന്‍പ് ഡോളി എന്ന ആടിന് ജന്മം നൽകിയ അതേ സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ചൈനീസ് ശാസ്ത്രഞ്ജർ കുരങ്ങുകൾക്കും ജീവന്‍ നൽകിയത്. സോന്‍ഗ് സോന്‍ഗ്, ഹൂ ഹൂ എന്നീ സമാന ഇരട്ടകളായ സിംഹവാലൻ കുരങ്ങുകളാണ് ക്ലോണിങ്ങിലൂടെ ജനിച്ചിരിക്കുന്നത്. സോന്‍ഗിന് എട്ടാഴ്ചയും ഹുഹുവിന് ആറാഴ്ചയുമാണ് പ്രായം.

സെമാറ്റിക് സെൽ ന്യൂക്ളിയര്‍ ട്രാൻസ്ഫർ എന്ന പ്രക്രിയയിലൂടെയാണ് ക്ലോണിങ് നടത്തിയിരിക്കുന്നത്. ഭ്രൂണകോശത്തിൽ നിന്നല്ലാതെ ജന്മം നൽകുന്ന പ്രൈമേറ്റ് വിഭാഗത്തിലെ ആദ്യ ജീവ വര്‍ഗമാണ് ഈ കുട്ടി കുരങ്ങന്മാര്‍. കൂടുതൽ സിംഹവാലൻ കുരങ്ങുകള്‍ക്ക് ക്ലോണിങ്ങിലൂടെ വരും മാസങ്ങളിൽ ജന്മം നൽകാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ശാസ്ത്രജ്ഞർ അഭിപ്രായപ്പെട്ടു. എന്നാല്‍ പ്രൈമേറ്റ് വിഭാഗത്തില്‍ പെട്ട മനുഷ്യനേയും ക്ലോണിങ്ങിലൂടെ നിര്‍മ്മിക്കാന്‍ കഴിയുന്നതിനുളള തടസ്സമാണ് ഇപ്പോള്‍ നീങ്ങിയിരിക്കുന്നതെന്നും ശാസ്ത്രജ്ഞന്മാര്‍ അഭിപ്രായപ്പെട്ടു.

എസ്‌സിഎന്‍ടി വിദ്യ ഡോളിക്ക് ശേഷം പശു, പട്ടി, പന്നി, മുയൽ, എലി തുടങ്ങി ഇരുപതിലധികം സ്പീഷ്സുകളിൽ പരീക്ഷിച്ച് വിജയം കണ്ടിട്ടുണ്ട്. എന്നാൽ പ്രൈമേറ്റുകളിൽ നടത്തിയ പരീക്ഷണങ്ങളെല്ലാം പരാജയപ്പെടുകയായിരുന്നു. ക്ലോണ്‍ഡ് കുരങ്ങുകളെ മനുഷ്യരിലെ രോഗങ്ങള്‍, പ്രതിരോധ സംവിധാനം, ജനിതക ഘടന എന്നിവ പഠിക്കാൻ ഉപയോഗിക്കാമെന്നാണ് ശാസ്ത്രജ്‍ഞരുടെ കണക്കുക്കൂട്ടൽ. പുതിയതായി ക്ലോണ്‍ ചെയ്ത കുരങ്ങന്മാര്‍ക്ക് ബോട്ടിലിലാണ് പാല്‍ നല്‍കുന്നത്. അവ സാധാരണ പോലെ വളരുന്നുണ്ടെന്നും ശാസ്ത്രജ്ഞന്മാര്‍ പറയുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ