ന്യൂഡല്‍ഹി: 13 വർഷത്തിലേറെയായി ഇന്ത്യയുടെ ചീറ്റ പദ്ധതിയിൽ മുൻപന്തിയിൽ നിൽക്കുകയും, കഴിഞ്ഞ മാസം നമീബിയയിൽ നിന്ന് എത്തിച്ച ചീറ്റയുടെ ആദ്യ ബാച്ചിനൊപ്പം അനുഗമിക്കുകയും ചെയ്ത വൈൽഡ് ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ ഡീനും, പ്രശസ്ത ജീവശാസ്ത്രജ്ഞൻ യാദവേന്ദ്രദേവ് വിക്രംസിൻഹ് ജാലയ്ക്ക് ചീറ്റ ടാസ്ക് ഫോഴ്സില്‍ ഇടം നല്‍കാതെ കേന്ദ്ര സര്‍ക്കാര്‍.
ചീറ്റകളെ രാജ്യത്തെത്തിക്കാനുള്ള പദ്ധതിക്ക് മാറി മാറി വന്ന സര്ക്കാരുക്കള്ക്ക് കീഴില്‍ 2009 മുതല്‍ സാങ്കേതികമായ എല്ലാ ഒരുക്കങ്ങളും നടത്തിയ ജാലയെ ഒഴിവാക്കിയത് വലിയ വിമര്‍ശനങ്ങള്‍ക്കാണ് വഴിവച്ചിരിക്കുന്നത്. എം കെ രഞ്ജിത്സിൻഹിന്റെ കീഴില്‍ 2010-ല്‍ രൂപീകരിച്ച ടാസ്ക് ഫോഴ്സില്‍ ജാല അംഗമായിരുന്നു.
സെപ്തംബര്‍ 16-ന് നമീബിയയില്‍ നിന്ന് കുനൊ നാഷണല്‍ പാര്‍ക്കിലേക്ക് ചീറ്റയെ കൊണ്ടുവന്ന സംഘത്തിലെ പ്രധാനിയായിരുന്നു ജാല. ചീറ്റകളുടെ ക്വാറന്റൈന് കാലഘട്ടത്തില്‍ നിരീക്ഷണങ്ങള്‍ നടത്തിയതും ജാലയായിരുന്നു. എന്നാല്‍ ടാസ്ക് ഫോഴ്സില്‍ നിന്ന് ഒഴിവാക്കിയത് സംബന്ധിച്ച് പ്രതികരിക്കാന്‍ ജാല തയാറായിട്ടില്ല.
2009-ൽ അന്നത്തെ പരിസ്ഥിതി മന്ത്രി ജയറാം രമേശ് സർവെയുടെ ചുമതല നല്‍കിയതിന് ശേഷം രഞ്ജിത്സിൻഹിനൊപ്പം,ചീറ്റപ്പുലികള്‍ക്ക് അനുയോജ്യമായ സ്ഥലങ്ങളെക്കുറിച്ചുള്ള ആദ്യ റിപ്പോർട്ട് ജാല തയ്യാറാക്കിയിരുന്നു. 2022 ജനുവരിയിൽ, ഇന്ത്യ ചീറ്റ ആക്ഷൻ പ്ലാൻ പൂര്‍ത്തികരിച്ചപ്പോള്‍ ജാലയായിരുന്നു പ്രധാനി. നമീബിയയിലെയും ദക്ഷിണാഫ്രിക്കയിലെയും വന്യജീവി ജീവശാസ്ത്രജ്ഞരുമായി സാങ്കേതിക ചർച്ചകൾക്ക് ജാല നേതൃത്വം നൽകിയിരുന്നു.
എന്നിരുന്നാലും, സെപ്തംബർ 20-ന് നാഷണൽ ടൈഗർ കൺസർവേഷൻ അതോറിറ്റി (എന്‍ടിസിഎ) നമീബിയയിൽ നിന്നുള്ള എട്ട് ചീറ്റകൾ കുനൊ നാഷണല്‍ പാര്‍ക്കിലെ അന്തരീക്ഷവുമായ പൊരുത്തപ്പെടുന്നത് നിരീക്ഷിക്കാന്‍ പുതിയ ടാസ്ക് ഫോഴ്സിനെ രൂപികരിച്ചപ്പോഴാണ് ജാലയ്ക്ക് സ്ഥാനമില്ലാതെ പോയത്.
ജാലയെ ഒഴിവാക്കിയതും പുതിയ ടാസ്ക് ഫോഴ്സ് രൂപികരിക്കുന്നതും സംബന്ധിച്ച് തന്റെ അഭിപ്രായം ആരും തേടിയിട്ടില്ലെന്നാണ് രഞ്ജിത്സിൻഹ് ദി ഇന്ത്യന്‍ എക്സ്പ്രസിനോട് പ്രതികരിച്ചത്. എന്‍ടിസിഎ മെമ്പറും സെക്രട്ടറിയുമായ എസ് പി യാദവ് പ്രതികരിക്കാനും തയാറായില്ല.