ന്യൂഡൽഹി: കോവിഡ് വ്യാപനത്തെ തുടർന്ന് അടച്ചുപൂട്ടിയ സ്‌കൂളുകൾ ഘട്ടംഘട്ടമായി തുറക്കുന്നത് ആലോചനയിൽ. സ്‌കൂളുകൾ അടുത്ത മാസം മുതൽ ഘട്ടംഘട്ടമായി തുറക്കാനാണ് കേന്ദ്ര സർക്കാർ ആലോചിക്കുന്നത്.

10,11,12 ക്ലാസുകളായിരിക്കും ആദ്യം തുടങ്ങുക. ആറ് മുതൽ ഒൻപത് വരെയുള്ള ക്ലാസുകളും പ്രവർത്തിക്കാൻ അനുമതി നൽകും. പ്രീ പ്രൈമറി, പ്രൈമറി ക്ലാസുകൾ ഉടൻ ആരംഭിക്കില്ല. രാവിലെ 8 മുതൽ 11വരെയും ഉച്ചയ്ക്ക് 12 മുതൽ ഉച്ച കഴിഞ്ഞ് മൂന്നുവരെയുമുള്ള രണ്ട് ഷിഫ്റ്റുകളായി ക്ലാസ് നടത്താനാണ് ആലോചിക്കുന്നത്.

വിദ്യാർഥികളുടെയും അധ്യാപകരുടെയും 33 ശതമാനം മാത്രം ഒരു സമയം സ്‌കൂളിലെത്തും വിധമായിരിക്കും ക്രമീകരണം. ഡിവിഷനുകൾ വിഭജിക്കും. എന്നാൽ, ഓരോ പ്രദേശങ്ങളിലെയും സ്ഥിതിഗതികൾ നിരീക്ഷിച്ച് സംസ്ഥാനങ്ങൾക്ക് തീരുമാനമെടുക്കാൻ കേന്ദ്രം അനുമതി നൽകും.

Read Also: ലയങ്ങൾ കാണാനില്ല സാർ, അതിലെല്ലാം ആളുകളുണ്ടായിരുന്നു; വിറങ്ങലിച്ച് രാജമല

പൂർണമായും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും ക്ലാസുകൾ. സാമൂഹിക അകലം പാലിക്കൽ, മാസ്‌ക് ധരിക്കൽ തുടങ്ങിയ കോവിഡ് പ്രോട്ടോകോളുകൾ പാലിക്കണം. ഇടവേളകളിൽ ക്ലാസ് മുറികൾ അണുവിമുക്‌തമാക്കാൻ സജ്ജീകരണം ഒരുക്കണം.

അതേസമയം, ഓഗസ്റ്റിലെ കോവിഡ് വ്യാപനം വിലയിരുത്തിയ ശേഷം സ്‌കൂളുകൾ തുറക്കുന്നതിനെ കുറിച്ച് തീരുമാനമെടുക്കുമെന്ന് കേരള പൊതുവിദ്യാഭ്യാസ വകുപ്പ് നേരത്തെ അറിയിച്ചിരുന്നു. രോഗവ്യാപനം കുറവുള്ള പ്രദേശങ്ങളിലെ ഏതാനും സ്‌കൂളുകൾ ഓണത്തിനു ശേഷമെങ്കിലും പരീക്ഷണ അടിസ്ഥാനത്തില്‍ തുറക്കുന്നതും പരിഗണനയിലാണ്. സംസ്ഥാനത്ത് എല്ലായിടത്തും രോഗവ്യാപനം ഒരുപോലെയല്ല. രോഗവ്യാപനം കുറവുള്ള സ്ഥലങ്ങളിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് സ്‌കൂളുകൾ തുറക്കുന്നതും ആലോചനയിലുണ്ട്.

Read Also: Kerala Weather Live Updates: ഇടുക്കി, വയനാട് ജില്ലകളിൽ അതിതീവ്ര മഴ; രാജമല ദുരന്തത്തിൽ മരണം 11 ആയി

എന്നാൽ, സിലബസ് വെട്ടിച്ചുരുക്കുന്നതുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസവകുപ്പ് ഇപ്പോൾ തീരുമാനമൊന്നും എടുത്തിട്ടില്ല. സ്‌കൂളുകൾ സെപ്റ്റംബറിലും തുറക്കാനായില്ലെങ്കില്‍ മാത്രമെ സിലബസ് വെട്ടിച്ചുരുക്കുന്നത് വിദ്യാഭ്യാസവകുപ്പ് ആലോചിക്കൂ. നിലവിൽ ഇങ്ങനെയൊരു വിഷയം പരിഗണനയിലില്ല. പല സ്‌കൂളുകളും കോവിഡ് ചികിത്സയ്‌ക്കും ക്വാറന്റെെനുമായി ഉപയോഗിക്കുന്നുണ്ട്. കാലവർഷക്കെടുതി രൂക്ഷമായതോടെ പലയിടത്തും സ്‌കൂളുകളാണ് ദുരിതാശ്വാസ ക്യാംപുകളായി പ്രവർത്തിക്കുന്നത്. ഇത്തരം വിഷയങ്ങളെല്ലാം കണക്കിലെടുത്തായിരിക്കും സ്‌കൂളുകൾ തുറക്കുന്നതിനെ സംബന്ധിച്ച് കേരളത്തിൽ തീരുമാനമെടുക്കുക. സംസ്ഥാനത്തിപ്പോൾ ഓൺലെെൻ ക്ലാസുകൾ നടക്കുന്നുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook