ന്യൂഡൽഹി: സ്‌കൂളുകളും കോളേജുകളും ഓഗസ്റ്റ് 15 നു ശേഷം തുറന്നേക്കുമെന്ന സൂചന നൽകി കേന്ദ്രമാനവശേഷി മന്ത്രി രമേഷ് പൊഖ്രിയാല്‍. ബിബിസിക്ക് നൽകിയ അഭിമുഖത്തിലാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. ഓഗസ്റ്റിൽ തന്നെ വിദ്യാഭ്യാസസ്ഥാപനങ്ങൾ തുറക്കാനാണ് സാധ്യത. കൂടുതലും ഓഗസ്റ്റ് 15 നു ശേഷമാകാനാണ് സാധ്യതയെന്നും മന്ത്രി അഭിമുഖത്തിൽ വ്യക്തമാക്കി. ഓഗസ്റ്റിനു ശേഷം മാത്രമായിരിക്കും വിദ്യാഭ്യാസസ്ഥാപനങ്ങൾ തുറക്കുക എന്നും അദ്ദേഹം ആവർത്തിച്ചു. സിബിഎസ്‌ഇ, ഐസിഎസ്‌ഇ പരീക്ഷകൾ ജൂലായ് ഒന്നിനു തന്നെ ആരംഭിക്കും. വീണ്ടും തുറന്നുപ്രവർത്തിക്കുമ്പോൾ സ്വീകരിക്കേണ്ട മുൻകരുതലുകളെ കുറിച്ച് വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് കൃത്യമായ മാർഗനിർദേശം നൽകുമെന്നും മന്ത്രി പറഞ്ഞു.

Read Also: സൂപ്പർതാരങ്ങളടക്കം പ്രതിഫലം കുറയ്‌ക്കാൻ സാധ്യത; സൂചന നൽകി ‘അമ്മ’

ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ടുകൾ അനുസരിച്ച് വിദ്യാഭ്യാസസ്ഥാപനങ്ങളിൽ സ്വീകരിക്കേണ്ട മുൻകരുതലുകൾ ഇങ്ങനെ:

അധ്യാപകരും വിദ്യാർഥികളും മാസ്‌ക് ധരിക്കുക

അധ്യാപകർ കെെയുറകളും ധരിക്കണം

സ്‌കൂളുകളിൽ തെർമൽ സ്‌കാനറുകൾ സ്ഥാപിക്കണം

സാമൂഹിക അകലം പാലിക്കുന്നത് ഉറപ്പിക്കാൻ സിസിടിവി സ്ഥാപിക്കണം

മൂന്ന് പേർക്ക് ഇരിക്കാവുന്ന ബഞ്ചിൽ രണ്ട് വിദ്യാർഥികൾ മാത്രം ഇരിക്കുക

സ്വീകരിക്കേണ്ട മുൻകരുതലുകളെ കുറിച്ച് വിദ്യാർഥികൾക്ക് നിർദേശം നൽകുക, സ്‌കൂളിൽ പരസ്യമായി നിർദേശങ്ങൾ പതിക്കുക.

Read Also: Horoscope Today June 08, 2020: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം

എസ്എസ്എൽസി ഫലം

എസ്എസ്എൽസി പരീക്ഷാഫലം ജൂലൈ ആദ്യവാരത്തിൽ പ്രഖ്യാപിക്കും. തൊട്ടടുത്ത ദിവസങ്ങളിൽ തന്നെ ഹയർസെക്കൻഡറി പരീക്ഷാഫലവും പ്രഖ്യാപിക്കാനാണ് തീരുമാനം. ഈ മാസം അവസാനത്തോടെ എസ്എസ്എൽസി മൂല്യനിർണയം അവസാനിക്കാനാണ് സാധ്യത. കഴിഞ്ഞ തിങ്കളാഴ്‌ചയാണ് എസ്എസ്എൽസി രണ്ടാംഘട്ട മൂല്യനിർണയം ആരംഭിച്ചത്. പല മൂല്യനിർണയ ക്യാംപുകളിലും അധ്യാപകർ കുറവാണ്. അതിനാൽ തന്നെ പതുക്കെയാണ് മൂല്യനിർണയം മുന്നോട്ടു പോകുന്നത്. ടാബുലേഷനും മാർക്ക് ഒത്തുനോക്കലും നടത്തേണ്ടതായുണ്ട്. അതിനു ഒരാഴ്‌ച സമയം വേണം. ജൂലൈ ആദ്യ ആഴ്‌ചയിൽ തന്നെ ഫലം പുറത്തുവിടാൻ സാധിക്കുമെന്നാണ് വിദ്യാഭ്യാസവകുപ്പ് അധികൃതർ വ്യക്‌തമാക്കുന്നത്. കോവിഡ് വ്യാപനത്തെ തുടർന്ന് മാറ്റിവച്ച എസ്‌എസ്‌എൽസി, ഹയർസെക്കൻഡറി പരീക്ഷകൾ പുനരാരംഭിച്ചത് മേയ് 26 മുതലാണ്. മേയ് 30 ന് പരീക്ഷകൾ അവസാനിച്ചു. അതിനുശേഷം അടുത്ത ഘട്ട മൂല്യനിർണയം ആരംഭിക്കുകയായിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook