പാറ്റ്ന: പൂവാലന്മാരെ മർദ്ദിച്ചതിന് പാറ്റ്നയിലെ റസിഡൻഷ്യൽ സ്കൂളിലെ വിദ്യാർത്ഥിനികളെ നാട്ടുകാർ മർദ്ദിച്ചവശരാക്കി. 36 പേർക്ക് പരിക്കേറ്റു. ബീഹാറിലെ സുപൂർ ജില്ലയിലെ കസ്‌തൂർബ ഗാന്ധി ഗേൾസ് റസിഡൻഷ്യൽ സ്‌കൂളിലെ വിദ്യാർത്ഥിനികളാണ് ക്രൂര മർദ്ദനത്തിനിരയായത്.

അക്രമവുമായി ബന്ധപ്പെട്ട് നാല് യുവാക്കളെ പൊലീസ് പിടികൂടിയിട്ടുണ്ട്. കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്നാണ് ജില്ല കളക്ടർ വ്യക്തമാക്കിയിരിക്കുന്നത്. ആറ് മുതൽ ഒൻപതാം ക്ലാസ് വരെ ക്ലാസുകളിൽ പഠിക്കുന്ന 10 നും 14 നും ഇടയിൽ പ്രായമുളള വിദ്യാർത്ഥിനികളെയാണ് മർദ്ദിച്ചത്.

തങ്ങളെ ശല്യം ചെയ്ത ചില യുവാക്കളെ പെൺകുട്ടികളിൽ ചിലർ സംഘം ചേർന്ന് മർദ്ദിച്ചതാണ് പ്രകോപനം സൃഷ്ടിച്ചതെന്ന് പൊലീസ് പറഞ്ഞു. എന്നാൽ ഇക്കാര്യം അന്വേഷണത്തിന് ശേഷമേ പറയാനാകൂവെന്നാണ് ജില്ല കളക്ടർ പറഞ്ഞത്.

വിദ്യാർത്ഥിനികൾ ഗ്രൗണ്ടിൽ കളിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് ആക്രമണം നടന്നത്. ഒരു സംഘം യുവാക്കളും അവരുടെ മാതാപിതാക്കളും സംഘടിച്ചെത്തി വിദ്യാർത്ഥിനികളെ മർദ്ദിക്കുകയായിരുന്നു. ഇരുമ്പുവടിയും മറ്റും ഉപയോഗിച്ചായിരുന്നു ആക്രമണം. വിദ്യാർത്ഥിനികളിൽ ചിലർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.

സംഭവം ബീഹാറിൽ ഭരണപക്ഷത്തിനെതിരെ പ്രതിപക്ഷ പാർട്ടികൾ ആയുധമാക്കി ഉയർത്തി. സർക്കാർ സ്കൂളിന് എത്രത്തോളം സുരക്ഷയാണ് ഒരുക്കിയിരിക്കുന്നതെന്ന് വ്യക്തമാക്കുന്നതാണ് ആക്രമണമെന്ന് തേജസ്വി യാദവ് വിമർശിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook