ലക്നൗ: മഴ കനത്തതിനെ തുടര്‍ന്ന് വെള്ളപ്പൊക്കം ഉണ്ടായ ഉത്തര്‍പ്രദേശില്‍ വെളളത്തില്‍ മുങ്ങിയ ബസില്‍ നിന്നും സ്കൂള്‍ കുട്ടികളെ സാഹസികമായി രക്ഷപ്പെടുത്തി. രാംനഗരിയയില്‍ റെയില്‍വെ പാലത്തിന് താഴെയാണ് സ്കൂള്‍ ബസ് വെള്ളത്തില്‍ കുടുങ്ങിയത്. ബസിന്റെ വിന്‍ഡോ വരെ വെള്ളം ഉയര്‍ന്നിരുന്നു. കുട്ടികളെ ബസില്‍ നിന്നും രക്ഷപ്പെടുത്തുന്നതിന്റെ വീഡിയോ ഉത്തര്‍പ്രദേശ് പൊലീസ് പുറത്തുവിട്ടു.

സ്കൂളില്‍ നിന്നും കുട്ടികളെ തിരികെ വീട്ടില്‍ വിടാനായി പോയ ബസാണ് ചളി അടിഞ്ഞുകൂടിയ വെള്ളത്തില്‍ കുടുങ്ങിയത്. ബസില്‍ നിന്നും നിലവിളി ഉയര്‍ന്നതോടെ നാട്ടുകാരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ഒമ്പതോളം യുവാക്കള്‍ മുകളില്‍ നിന്ന് കുട്ടികളെ രക്ഷിക്കുന്നത് വീഡിയോയില്‍ കാണാന്‍ കഴിയും. പ്രൈമറി സ്കൂള്‍ വിദ്യാര്‍ത്ഥികളാണ് ബസില്‍ കുടുങ്ങിയത്. ചിലര്‍ ബസിനകത്ത് കയറി കുട്ടികളെ ബസിന് മുകളിലുളളവര്‍ക്ക് കൈമാറി. തുടര്‍ന്ന് ഇവരെ സുരക്ഷിതമായി മുകളിലെത്തിച്ചു.

എന്നും പോകുന്ന വഴിയില്‍ വെളളം കയറിയത് കൊണ്ടാണ് റെയില്‍വെ പാലത്തിന് താഴെ കൂടി ഡ്രൈവര്‍ വണ്ടി തിരിച്ചുവിട്ടതെന്നാണ് വിവരം. എന്നാല്‍ ഇവിടെ ചളി കെട്ടിക്കിടക്കുന്നത് അറിഞ്ഞിരുന്നില്ല. നാല് ദിവസം മുമ്പ് ഉത്തര്‍പ്രദേശില്‍ നല്ല മഴ ലഭിച്ചതിനെ തുടര്‍ന്ന് പലയിടത്തും വെള്ളപ്പൊക്കം ഉണ്ടായിരുന്നു. ഇപ്പോള്‍ യുപിയില്‍ മഴ ശമിച്ചിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook