ഹൈദരാബാദ്: റിയാലിറ്റി ഷോയിലെ സാഹസിക പ്രകടനം അനുകരിക്കാന്‍ ശ്രമിച്ച പതിനൊന്നുകാരന് ദാരുണാന്ത്യം. തെലുങ്കാനയിലാണ് രാപല്‍ കാലി വിശ്വനാഥ് എന്ന ആറാം ക്ലാസുകാരന്‍ ഗുരുതരമായി പൊളളലേറ്റ് മരിച്ചത്. മൂന്ന് ദിവസം മുമ്പ് ടിവിയിലെ ഒരു റിയാലിറ്റി ഷോയില്‍ തീ കൊണ്ടുളള സാഹസിക പ്രകടനം കുട്ടി കണ്ടിരുന്നു. ഇത് അനുകരിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്.

സര്‍ക്കസ് പ്രകടനക്കാരെ പോലെ വായില്‍ മണ്ണെണ്ണ ഒഴിച്ച് തീപന്തത്തിലേക്ക് ഊതി തീഗോളം ഉണ്ടാകുന്ന പ്രകടനമാണ് കുട്ടി റിയാലിറ്റി ഷോയില്‍ കണ്ടത്. സംഭവം അതേപടി അനുകരിച്ച കുട്ടിക്ക് ഗുരുതരമായി പരുക്കേല്‍ക്കുകയായിരുന്നു. മുഖത്തും ദേഹത്തും പരുക്കേറ്റ കുട്ടിയെ ഒരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് നില ഗുരുതരമായതിനാല്‍ ഹൈദരാബാദിലെ മറ്റൊരു ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഇന്ന് രാവിലെയോടെ മരണപ്പെടുകയായിരുന്നു.

ബോഡിംഗ് സ്കൂളില്‍ പഠിക്കുന്ന പതിനൊന്നുകാരന്‍ അവധി ആഘോഷിക്കാന്‍ മുത്തശ്ശിയുടെ വീട്ടില്‍ എത്തിയതായിരുന്നു. പഠിത്തത്തില്‍ മികവ് പുലര്‍ത്തിയ കുട്ടി പലപ്പോഴും റിയാലിറ്റി ഷോയിലെ പ്രകടനങ്ങള്‍ ശ്രദ്ധയോടെ വീക്ഷിച്ചിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു. നാല് മാസം മുമ്പ് സമാനമായ സംഭവത്തില്‍ കരീംനഗറില്‍ ആറാം ക്ലാസുകാരന്‍ മരിച്ചിരുന്നു

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ