ന്യൂഡൽഹി: എതിര് ശബ്ദങ്ങള്‍ കൂടുതല്‍ ഉച്ചത്തിലും വിദ്വേഷപരവും ആവുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. എതിര്‍പ്പുകള്‍ വളരെയധികം അക്രമാസക്തമാവുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ‘ഞങ്ങള്‍ തെറ്റ് ചെയ്തത് കൊണ്ടല്ല എതിര്‍പ്പ് ഉയരുന്നത്. പകരം ബിജെപി വളരുന്നു എന്ന കാരണമാണ് എതിരാളികളെ പ്രകോപിപ്പിക്കുന്നത്’, മോദി ആരോപിച്ചു. മുംബൈയിൽ ബി.ജെ.പി സ്ഥാപകദിന റാലി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബിജെപിക്കെതിരായുള്ള പ്രതിപക്ഷപാർട്ടികളുടെ ഐക്യത്തെ പാർട്ടി ദേശീയ അധ്യക്ഷൻ അമിത് ഷാ പരിഹസിച്ചു. പ്രതിപക്ഷകക്ഷികളെ മൃഗങ്ങളോട് ഉപമിച്ചായിരുന്നു ഷായുടെ പരിഹാസം. ‘2019ലെ തിരഞ്ഞെടുപ്പിനെ നേരിടാന്‍ എല്ലാ പ്രതിപക്ഷ പാർട്ടികളും ഒന്നിക്കാനുള്ള പ്രചരണ പരിപാടികൾ ആരംഭിച്ചിരിക്കുകയാണ്. വലിയ വെള്ളപ്പൊക്കത്തിൽ രക്ഷനേടാനായി കീരിയും പാമ്പും ചെമ്പുലിയും പട്ടിയും പൂച്ചയും വലിയ മരത്തിനു മുകളിൽ കയറുന്നതുപോലെയാണ് പ്രതിപക്ഷ കക്ഷികൾ ഒന്നാകാൻ ശ്രമിക്കുന്നതെന്ന് ഷാ പറഞ്ഞു.
‘ഇത് ബിജെപിയുടെ സുവർണ യുഗമല്ല. ബംഗാളിലും ഒഡീഷയിലും സര്‍ക്കാര്‍ രൂപീകരിക്കുന്നതോടെയാണ് ബിജെപിയുടെ സുവര്‍ണയുഗം തുടങ്ങുക. വൈകാതെ തന്നെ അതുണ്ടാവും. ലോക്സഭാ ഉപതെരഞ്ഞെടുപ്പിൽ ഉത്തർപ്രദേശിൽ ബി.ജെ.പിക്കുണ്ടായ തോൽവിയെ കുറിച്ച് പറയുമ്പോൾ, 11 സംസ്ഥാനങ്ങളിൽ കോൺഗ്രസിനെ പരാജയപ്പെടുത്തിയാണ് തങ്ങള്‍ മുന്നേറിയതെന്ന് രാഹുൽ ഗാന്ധി ഓർമ്മിക്കണം. കഴിഞ്ഞ നാലു വര്‍ഷമായി കേന്ദ്ര സര്‍ക്കാര്‍ എന്താണ് ചെയ്തതെന്ന് രാഹുല്‍ ചോദിക്കുന്നു. എന്നാല്‍ കഴിഞ്ഞ നാലു തലമുറകളായി കോണ്‍ഗ്രസ് എന്താണ് ചെയ്തതെന്ന് ജനങ്ങള്‍ ഇപ്പോള്‍ തിരിച്ചുചോദിക്കുകയാണെന്നും അമിത് ഷാ പറഞ്ഞു.