ബെയ്ജിങ്: ഇന്ത്യ- ചൈന അതിര്‍ത്തി തര്‍ക്കം തുടരുന്നതിനിടെ, ഏറ്റവും മോശമായ സാഹചര്യം മുന്നില്‍ കണ്ട് സൈന്യത്തോട് യുദ്ധ സജ്ജരാകാന്‍ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങിന്റെ ആഹ്വാനം. രാജ്യത്തിന്റെ പരമാധികാരം സംരക്ഷിക്കാന്‍ ദൃഢനിശ്ചയത്തോടെ ഒരുങ്ങാനും പ്രസിഡന്റ് പറഞ്ഞു.
നിലവിലെ പാർലമെന്റ് സമ്മേളനത്തിൽ പീപ്പിൾസ് ലിബറേഷൻ ആർമി (പിഎൽഎ), പീപ്പിൾസ് ആംഡ് പൊലീസ് ഫോഴ്സ് എന്നിവയുടെ പ്രതിനിധി സംഘത്തിന്റെ പ്ലീനറി യോഗത്തിൽ പങ്കെടുക്കുമ്പോഴാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഭരണകക്ഷിയായ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ചൈനയുടെ (സിപിസി) ജനറൽ സെക്രട്ടറിയും, 20 ലക്ഷം അംഗബലമുള്ള സൈന്യത്തിന്റെ തലവനുമായ 66കാരൻ ഷീയ്ക്ക് ആജീവനാന്ത അധികാര തുടര്‍ച്ചയാണ് പാര്‍ട്ടി നല്‍കിയിരിക്കുന്നത്.
ഏറ്റവും മോശം സാഹചര്യങ്ങളെക്കുറിച്ചും പരിശീലനത്തെയും യുദ്ധ തയ്യാറെടുപ്പുകളെയും കുറിച്ച് ചിന്തിക്കാനും എല്ലാത്തരം സങ്കീർണ്ണമായ സാഹചര്യങ്ങളെയും ഉടനടി ഫലപ്രദമായി കൈകാര്യം ചെയ്യാനും ദേശീയ പരമാധികാരം, സുരക്ഷ, വികസന താൽപ്പര്യങ്ങൾ എന്നിവ കർശനമായി സംരക്ഷിക്കാനും ഷി സൈന്യത്തോട് ആവശ്യപ്പെട്ടതായി ചൈനയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയാ സിന്‍ഹുവ റിപ്പോര്‍ട്ട് ചെയ്യുന്നു.
നിയന്ത്രണ രേഖയിൽ (എൽഎസി) ഇന്ത്യയുടേയും ചൈനയുടേയും സൈനികർ തമ്മിലുള്ള നിരന്തരമായ പോരാട്ടത്തിന്റെ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ നിർദേശം.
ലഡാക്കിലെയും വടക്കൻ സിക്കിമിലെയും എൽഎസിക്ക് സമീപമുള്ള നിരവധി പ്രദേശങ്ങളിൽ ഇന്ത്യയുടേയും ചൈനയുടേയും സൈന്യങ്ങളെ വലിയ തോതിൽ വിന്യസിച്ചിരുന്നു. മേയ് ആദ്യവാരം മുതല്‍ സിക്കിം അതിര്‍ത്തിക്ക് സമീപം ഇരു രാജ്യങ്ങളും തമ്മില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്.
തങ്ങളുടെ സൈന്യത്തിന്റെ പട്രോളിങ് ഇന്ത്യന്‍ സൈന്യം തടസപ്പെടുത്തിയതായി ചൈനയുടെ ആഭ്യന്തരമന്ത്രാലയം ആരോപണം ഉന്നയിച്ചിരുന്നു. എന്നാല്‍ ഇന്ത്യയുടെ ഭാഗത്തു നിന്നുള്ള പ്രകോപനം കാരണമാണ് തങ്ങള്‍ കൂടുതല്‍ സൈന്യത്തെ വിന്യസിച്ചതെന്ന് ചൈന പറഞ്ഞിരുന്നു.
Read More: Scale-up battle preparedness, Xi tells Chinese military
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook