സൂറത്ത്: അയോധ്യ ഭൂമിത്തര്‍ക്ക കേസില്‍ സുപ്രീം കോടതി വിധി വന്നതിനു പിന്നാലെ വിവാദ പരാമര്‍ശവുമായി ബിജെപി നേതാവ്. സുപ്രീം കോടതിയില്‍ നിന്ന് തങ്ങള്‍ക്ക് അനുകൂലമായ വിധി വന്നത് കേന്ദ്രത്തില്‍ ബിജെപി സര്‍ക്കാര്‍ ഭരിക്കുന്നതുകൊണ്ടാണെന്ന് ബറൂച്ചിലെ ബിജെപി എംപി മനുഷ്‌ക് വാസവ പറഞ്ഞു. ബിജെപി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോഴാണ് ബിജെപി നേതാവിന്റെ വിവാദ പരാമര്‍ശം.

“അയോധ്യയിലെ രാമജന്മഭൂമി പ്രശ്‌നം ഒരുപാട് വര്‍ഷങ്ങള്‍ പഴക്കമുള്ളതാണ്. നമ്മുടെ രാജ്യത്തിനു സ്വാതന്ത്ര്യം ലഭിച്ച ശേഷവും അയോധ്യ പ്രശ്‌നം തുടര്‍ന്നു. രാമജന്മഭൂമിക്ക് വേണ്ടിയുള്ള പോരാട്ടത്തില്‍ നിരവധി പേര്‍ രക്തസാക്ഷികളായി. ഏറെ വര്‍ഷമായി രാമജന്മഭൂമിക്കു വേണ്ടിയുള്ള പോരാട്ടങ്ങള്‍ തുടരുകയാണ്. നമുക്ക് അനുകൂലമായ വിധി സുപ്രീം കോടതിയില്‍ നിന്ന് ലഭിച്ചത് കേന്ദ്രത്തില്‍ ബിജെപി സര്‍ക്കാര്‍ ഭരിക്കുന്നതുകൊണ്ടാണ്” എംപി മനുഷ്‌ക് വാസവ പറഞ്ഞു.

Read Also: അയോധ്യ കേസ്: നീതി ലഭിച്ചില്ല, പുനഃപരിശോധന ഹർജിയെക്കുറിച്ച് ആലോചിക്കുമെന്ന് മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡ്

കശ്മീരില്‍ നിന്ന് ആര്‍ട്ടിക്കിള്‍ 370 നീക്കിയ നടപടി നരേന്ദ്ര മോദിയുടെ നയതന്ത്രജ്ഞതയുടെ വിജയമാണെന്നും മനുഷ്‌ക് പറഞ്ഞു. നിരവധി ബിജെപി നേതാക്കളാണ് ഈ പരിപാടിയില്‍ പങ്കെടുത്തത്.

അയോധ്യ ഭൂമിത്തർക്ക കേസിൽ നവംബർ ഒൻപതിനാണ് സുപ്രീം കോടതി വിധി പുറപ്പെടുവിച്ചത്. തർക്ക ഭൂമിയിൽ ഹിന്ദുക്കൾക്ക് രാമക്ഷേത്രം പണിയാമെന്നും മുസ്‌ലിങ്ങൾക്ക് അയോധ്യയിൽ തന്നെ അനുയോജ്യമായ സ്ഥലത്ത് 5 ഏക്കർ നൽകണമെന്നുമാണ് സുപ്രീം കോടതി വിധി. 2010ൽ അയോധ്യയിലെ 2.77 ഏക്കർ തർക്കഭൂമി നിര്‍മോഹി അഖാഡ, രാംലല്ല, സുന്നി വഖഫ് ബോര്‍ഡ് എന്നിവര്‍ക്കു തുല്യമായി വിഭജിച്ചു നൽകിയ അലഹബാദ് കോടതി വിധിക്കെതിരെ നൽകിയ അപ്പീലുകളിലാണ് സുപ്രീം കോടതി വിധി പറഞ്ഞത്. അലഹബാദ് ഹെെക്കോടതി വിധി സുപ്രീം കോടതി റദ്ദാക്കുകയും ചെയ്‌തു.

Read Also: ‘രാമജന്മഭൂമിക്ക് നീതി വേണം’; ഫെയ്‌സ്‌ബുക്ക് പോസ്റ്റിട്ട 56 കാരനെ പൊലീസ് അറസ്റ്റു ചെയ്തു

വിധിക്കെതിരെ മുസ്‌ലിം സംഘടനകൾ രംഗത്തെത്തിയിരുന്നു. വിധി പഠിച്ചശേഷം തുടർനടപടികളിലേക്ക് കടക്കുമെന്നാണ് മുസ്‌ലിം സംഘടനകളുടെ നിലപാട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook