scorecardresearch
Latest News

മുന്നാക്ക സംവരണം: വിധി നൂറ്റാണ്ട് നീണ്ട സാമൂഹ്യനീതി പോരാട്ടത്തിന് തിരിച്ചടിയെന്ന് സ്റ്റാലിന്‍

നിയമവിദഗ്ധരുമായി കൂടിയാലോചിച്ചശേഷം ഇ ഡബ്ല്യു എസ് സംവരണത്തിനെതിരായ സമരം തുടരുന്ന കാര്യത്തിൽ തീരുമാനമെടുക്കുമെന്നു സ്റ്റാലിൻ പറഞ്ഞു

മുന്നാക്ക സംവരണം: വിധി നൂറ്റാണ്ട് നീണ്ട സാമൂഹ്യനീതി പോരാട്ടത്തിന് തിരിച്ചടിയെന്ന് സ്റ്റാലിന്‍

ചെന്നൈ: മുന്നാക്കക്കാരിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് (ഇ ഡബ്ല്യു എസ്) 10 ശതമാനം സംവരണം ഏര്‍പ്പെടുത്തിയ നടപടി ശരിവച്ച സുപ്രീം കോടതി വിധിക്കെ തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. വിധി സാമൂഹിക നീതിക്കുവേണ്ടിയുള്ള നൂറ്റാണ്ട് നീണ്ട പോരാട്ടത്തിനു തിരിച്ചടിയാണെന്ന് ഡി എം കെ പ്രസിഡന്റ് കൂടിയായ അദ്ദേഹം പറഞ്ഞു.

സാമൂഹിക നീതി സംരക്ഷിക്കാനും രാജ്യത്തുടനീളം അതു കേള്‍ക്കുന്നുവെന്ന് ഉറപ്പാക്കാനും തമിഴ്നാട്ടിലെ രാഷ്ട്രീയ പാര്‍ട്ടികളും സമാന ചിന്താഗതിക്കാരായ എല്ലാ സംഘടനകളും ഒരുമിച്ചുനില്‍ക്കണമെന്നു സ്റ്റാലിന്‍ അഭ്യര്‍ഥിച്ചു. വിദ്യാഭ്യാസ പ്രവേശനത്തിലും സര്‍ക്കാര്‍ ജോലികളിലും ഇ ഡബ്ല്യു എസുകാര്‍ക്കു 10 ശതമാനം സംവരണം നല്‍കുന്ന 103-ാം ഭരണഘടനാ ഭേദഗതിയുടെ സാധുത ശരിവച്ച വിധിയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

”ഇന്നത്തെ വിധി സാമൂഹ്യനീതിക്കു വേണ്ടിയുള്ള നൂറ്റാണ്ട് നീണ്ട പോരാട്ടത്തിനു തിരിച്ചടിയായി കണക്കാക്കണം. വിധി സമഗ്രമായി വിശകലനം ചെയ്തശേഷം, നിയമവിദഗ്ധരുമായി കൂടിയാലോചിച്ച് ഇ ഡബ്ല്യു എസ് സംവരണത്തിനെതിരായ സമരം തുടരുന്നതിനുള്ള അടുത്ത നടപടിയെക്കുറിച്ച് തീരുമാനമെടുക്കും,” കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന സംവരണ സമ്പ്രദായത്തിനെതിരെ ഡി എം കെയുടെ നിയമപോരാട്ടത്തെ ഓര്‍മിച്ചുകൊണ്ട് സ്റ്റാലിന്‍ പറഞ്ഞു.

സാമൂഹിക നീതി സംരക്ഷിക്കുന്നതിനായി ആദ്യത്തെ ഭരണഘടനാ ഭേദഗതി വരുത്തിയ തമിഴ്നാട്ടില്‍നിന്ന്, സാമൂഹിക നീതിയുടെ ശബ്ദം രാജ്യത്തുടനീളം മുഴങ്ങാന്‍ സമാന ചിന്താഗതിക്കാരായ സംഘടനകള്‍ ഒന്നിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നതായി അദ്ദേഹം പറഞ്ഞു.

”സുപ്രീം കോടതി വിധി എല്ലാ ജാതികളിലെയും ദരിദ്രര്‍ക്കുള്ളതല്ല. ഇതു സവര്‍ണ വിഭാഗത്തിലെ പാവപ്പെട്ടവരെ ഉദ്ദേശിച്ചുള്ളതാണ്. അങ്ങനെയെങ്കില്‍, സാമ്പത്തിക മാനദണ്ഡങ്ങള്‍ അടിസ്ഥാനമാക്കിയുള്ള വിധിയായി ഇതിനെ എങ്ങനെ വ്യാഖ്യാനിക്കും?’ വിടുതലൈ ചിരുതൈകള്‍ കക്ഷി (വി സി കെ) അധ്യക്ഷന്‍ തോല്‍ തിരുമാവളവന്‍ പറഞ്ഞു. സംവരണത്തിനായി ജാതിയുടെ അടിസ്ഥാനമാക്കിയുള്ള സാമ്പത്തിക മാനദണ്ഡങ്ങള്‍ തുല്യതയെ നിഷേധിക്കുന്നുവെന്ന് രണ്ട് ജഡ്ജിമാര്‍ വാദിച്ചതായി അദ്ദേഹം ചൂണ്ടിക്കാട്ടി.

”വിധി സാമൂഹിക നീതിയുടെ തത്വങ്ങള്‍ക്കെതിരാണ്. ഇത് കടുത്ത അനീതിയാണ്,” തിരുമാവളവന്‍ പറഞ്ഞു. വിധിയെ ചോദ്യം ചെയ്ത് പാര്‍ട്ടി അപ്പീല്‍ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

മുന്നോക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കു 10 ശതമാനം സംവരണം നല്‍കുന്ന 103-ാം ഭരണഘടനാ ഭേദഗതിയുടെ സാധുത ഭൂരിപക്ഷ 3:2 എന്ന ഭൂരിപക്ഷ വീക്ഷണത്തിലാണു സുപ്രീം കോടതി ശരിവച്ചത്. ഇ ഡബ്ല്യു എസ് ക്വാട്ട സംബന്ധിച്ച നിയമം ഭരണഘടനയുടെ അടിസ്ഥാന ഘടനയെ ലംഘിക്കുന്നില്ലെന്നാണു സുപ്രീം കോടതി പറഞ്ഞിരിക്കുന്നത്.

ചീഫ് ജസ്റ്റിസ് യു യു ലളിതിന്റെ അധ്യക്ഷതയിലുള്ള അഞ്ചംഗ ബഞ്ചാണ് വിധി പ്രസ്താവിച്ചത്. അഞ്ചംഗ ബഞ്ചില്‍ മൂന്ന് പേരും സംവരണം ശരിവച്ചു. ജസ്റ്റിസുമാരായ ദിനേഷ് മഹേശ്വരി, ബെല എം ത്രിവേദി, ജെബി പര്‍ദിവാല എന്നിവര്‍ സംവരണത്തെ ശരിവച്ചപ്പോള്‍ ചീഫ് ജസ്റ്റിസ് യു യു ലളിത്, ജസ്റ്റിസ് രവീന്ദ്ര ഭട്ട് എന്നിവര്‍ വിയോജിപ്പ് പ്രകടിപ്പിച്ചു.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Sc verdict ews setback century long social justice struggle tn cm stalin