/indian-express-malayalam/media/media_files/uploads/2017/08/arun-jaitley-cats-tile.jpg)
ന്യൂഡൽഹി: സ്വകാര്യത മൗലികാവകാശമാണെന്ന സുപ്രീം കോടതി വിധിയെ കേന്ദ്രസർക്കാർ സ്വാഗതം ചെയ്യുന്നതായി നിയമമന്ത്രി രവിശങ്കർ പ്രസാദ്. സ്വകാര്യത മൗലികാവകാശം തന്നെയാണെന്ന കേന്ദ്രസർക്കാര്‍ നിലപാടിനെ ഉറപ്പിക്കുന്നതാണ് കോടതി വിധിയെന്നും അദ്ദേഹം പറഞ്ഞു. സ്വകാര്യത മൗലികാവകാശമല്ലെന്ന് കോടതിയില്‍ വാദിച്ച കേന്ദ്രസർക്കാരിന് തിരിച്ചടിയായിട്ടാണ് കോടതി വിധിയെ വിലയിരുത്തുന്നത്. ഇതിനിടെയാണ് കേന്ദ്രത്തിന്റെ ആദ്യ പ്രതികരണം.
സ്വകാര്യത മൗലികാവകാശം ആണെങ്കിലും പരമമായ അവകാശമല്ലെന്ന ഒമ്പതംഗ ബെഞ്ചിന്റെ പരാമര്‍ശം ചൂണ്ടിക്കാട്ടിയായിരുന്നു നിയമമന്ത്രിയുടെ പരാമര്‍ശം. സ്വകാര്യത പരമമായ അവകാശമല്ലെന്നും യുക്തിസഹമായ ചില നിയന്ത്രണങ്ങൾ അതിലുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
കോടതി വിധി കേന്ദ്രത്തിനേറ്റ തിരിച്ചടിയാണെന്ന് വിമര്‍ശിച്ച പ്രതിപക്ഷത്തേയും അദ്ദേഹം കുറ്റപ്പെടുത്തി. കോൺഗ്രസും ഇടതുപക്ഷവും ജനങ്ങളുടെ സ്വകാര്യത സംരക്ഷിക്കുന്നതിൽ എന്ത് പങ്കാണ് വഹിച്ചിട്ടുളളതെന്ന് അദ്ദേഹം ചോദിച്ചു. "യു.പി.എ സർക്കാരിന്റെ കാലത്ത് ആധാറിന് നിയമ സംരക്ഷണമൊന്നും ഉണ്ടായിരുന്നില്ല. എൻ.ഡി.എയാണ് ആധാറിൽ നിയമനിർമാണം നടത്തിയത്. വിവരങ്ങൾ സംരക്ഷിക്കുന്നതിന് നിയമപരമായ ചട്ടക്കൂട് നിർമിച്ചതും ഞങ്ങളാണ്. അടിയന്തരാവസ്ഥ കാലത്ത് ജനത്തിന്റെ സ്വകാര്യത കോൺഗ്രസ് മാനിച്ചിരുന്നോയെന്നും രവിശങ്കർ പ്രസാദ് ചോദിച്ചു.
കോടതി വിധി സ്വാഗതം ചെയ്യുന്നതായി പ്രതിരോധ മന്ത്രി അരുണ്‍ ജെയ്റ്റ്ലിയും പ്രതികരിച്ചു. വിഷയത്തില്‍ കേന്ദ്രത്തിന് മുമ്പേ വ്യക്തമായ നിലപാട് ഉണ്ടായിരുന്നതായും അദ്ദേഹം പ്രസ്താവനയില്‍ അറിയിച്ചു. "സ്വകാര്യതയില്‍ സര്‍ക്കാരിന് മുമ്പേ വ്യക്തമായ നിലപാട് ഉണ്ടായിരുന്നു. ഇതൊരു ഗുണകരമായ വിധിയാണ്. സ്വകാര്യത മൗലികാവകാശമാണെന്ന് വ്യക്തമാക്കിയിട്ടുണ്ടെങ്കിലും പരമമായ അവകാശം അല്ലെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ടെന്നും ജെയ്റ്റ്‍ലി കൂട്ടിച്ചേര്‍ത്തു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.