ന്യൂഡല്‍ഹി: ഗുണ്ടാത്തലവനും രാഷ്ട്രീയനേതാവുമായ അതിഖ് അഹമ്മദും സഹോദരന്‍ അഷ്‌റഫ് അഹമ്മദും പൊലീസ് കസ്റ്റഡിയില്‍ വെടിയേറ്റ് കൊല്ലപ്പെട്ട സംഭവത്തില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിനെ വിമര്‍ശിച്ച് സുപ്രീംകോടതി. അപകടം നടന്നതിന് പിന്നാലെ ഇരുവരെയും എന്തുകൊണ്ട് നേരിട്ട് ആശുപത്രിയില്‍ എത്തിച്ചില്ലെന്ന് കോടതി സര്‍ക്കാരിനോട് ചോദിച്ചു. എന്നാല്‍ ഇക്കാര്യം പരിശോധിക്കാന്‍ കമ്മീഷനെ നിയോഗിച്ചിട്ടുണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു.
പ്രയാഗ്രാജിലെ കൊലപാതകത്തിന് ശേഷം സ്വീകരിച്ച നടപടികളുടെ തല്‍സ്ഥിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിനോട് സുപ്രീം കോടതി നിര്‍ദേശിച്ചത്. പൊലീസ് ഏറ്റുമുട്ടലില്‍ അതിഖ് അഹമ്മദിന്റെ മകന്‍ ആസാദ് അഹമ്മദ് കൊല്ലപ്പെട്ട സംഭവത്തിലും ജസ്റ്റിസുമാരായ എസ് രവീന്ദ്ര ഭട്ടിന്റെയും ദീപാങ്കര്‍ ദത്തയുടെയും ബെഞ്ച് സംസ്ഥാന സര്‍ക്കാരിനോട് റിപ്പോര്‍ട്ട് തേടി.
പിതാവും അമ്മാവനും കൊല്ലപ്പെടുന്നതിന് രണ്ട് ദിവസം മുമ്പ് ഏപ്രില്‍ 13 ന് യുപി പൊലീസിന്റെ പ്രത്യേക ടാസ്‌ക് ഫോഴ്സ് (എസ്ടി) സംഘത്തിന്റെ ഏറ്റുമുട്ടലിലാണ് ആസാദ് കൊല്ലപ്പെട്ടത്. കൊലപാതകങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ മുന്‍ എസ്സി ജഡ്ജിയുടെ അധ്യക്ഷതയില്‍ ഒരു സ്വതന്ത്ര വിദഗ്ധ സമിതി രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീം കോടതി മൂന്നാഴ്ചയ്ക്ക് ശേഷം പരിഗണിക്കാനിരിക്കെയാണ് കോടതിയുടെ നീക്കം. 2017 മുതല്‍ ഉത്തര്‍പ്രദേശില്‍ നടന്ന 183 ഏറ്റുമുട്ടലുകളില്‍ അന്വേഷണം ആവശ്യപ്പെട്ട് അഭിഭാഷകനായ വിശാല്‍ തിവാരി സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുകയായിരുന്നു സുപ്രീം കോടതി.
ഇരുവരുടെയും കൊലപാതകത്തില്‍ സ്വതന്ത്രഅന്വേഷണം ആവശ്യപ്പെട്ട ഹര്‍ജിയില്‍ വിഷയത്തില്‍ അടിയന്തര വാദം കേള്‍ക്കണമെന്ന അഭിഭാഷകന്‍ വിശാല്‍ തിവാരിയുടെ സബ്മിഷനുകള്‍ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് പരിഗണിച്ചത്.
ഏപ്രില്‍ 15 നാണ് അതിഖിനെയും അഷ്റഫിനെയും മാധ്യമ പ്രവര്‍ത്തകരെന്ന വ്യാജേന എത്തിയ മൂന്ന് പേര്‍ വെടിവെച്ചത്. പൊലീസ് കസ്റ്റഡിയിലിരിക്കെ വൈദ്യപരിശോധനയ്ക്കായി ഇരുവരെയും പ്രയാഗ്രാജിലെ മെഡിക്കല്‍ കോളേജിലേക്ക് പോകുന്നതിനിടെയായിരുന്നു ആക്രണം നടന്നത്.