ന്യൂഡൽഹി: ഉന്നാവ് പീഡനക്കേസുമായി ബന്ധപ്പെട്ട എല്ലാ കേസുകളും ഡല്‍ഹിയിലേക്ക് മാറ്റാന്‍ സുപ്രീം കോടതി വിധി. അഞ്ചുകേസുകളാണ് നിലവില്‍ ഉന്നാവ് കേസുമായി ബന്ധപ്പെട്ടുള്ളത്. 45 ദിവസത്തിനകം വിചാരണ പൂര്‍ത്തിയാക്കണമെന്നും സുപ്രീം കോടതി ഉത്തരവ്. പെണ്‍കുട്ടിക്ക് നഷ്ടപരിഹാരമായി സര്‍ക്കാര്‍ 25 ലക്ഷം നല്‍കാനും കോടതി ഉത്തരവില്‍ പറയുന്നു.
പെണ്‍കുട്ടിക്കും അഭിഭാഷകനും അമ്മയ്ക്കും പെണ്‍കുട്ടിയുടെ നാല് സഹോദരങ്ങള്‍ക്കും അമ്മാവനും അടുത്ത ബന്ധുക്കള്‍ക്കും സുരക്ഷ ഉറപ്പ് വരുത്താനും കോടതിയുടെ ഉത്തരവ്. കേസിന്റെ വിചാരണ നടത്താന്‍ ഡല്‍ഹിയില്‍ പ്രത്യേക ജഡ്ജി വേണമെന്നും സുപ്രീം കോടതി വിധിച്ചു. കൂടാതെ കുടുംബത്തിന് സമ്മതമാണെങ്കില്‍ പെണ്‍കുട്ടിയേയും അഭിഭാഷകനേയും ഡല്‍ഹിയിലേക്ക് മാറ്റാമെന്നും കോടതി വ്യക്തമാക്കി. വാഹനാപകടം സംബന്ധിച്ച കേസിലെ അന്വേഷണം ഏഴ് ദിവസത്തിനകം പൂര്‍ത്തിയാക്കണമെന്നും കോടതി വിധിയില്‍ പറയുന്നു.
ഉന്നാവ് പീഡനക്കേസിലെ ഇരയായ പെണ്‍കുട്ടി സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്ക്ക് അയച്ച കത്താണ് കോടതി പരിഗണിച്ചത്. രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് കേസ് പരിഗണിച്ചത്. ജീവന് ഭീഷണിയുണ്ടെന്നും സുരക്ഷ വേണമെന്നും ആവശ്യപ്പെട്ട് ജൂലൈ 12-നാണ് പെണ്‍കുട്ടി ചീഫ് ജസ്റ്റിസിന് കത്തയച്ചത്. എന്നാല്‍, കഴിഞ്ഞ ദിവസമാണ് കത്തിനെക്കുറിച്ച് തനിക്ക് വിവരം ലഭിക്കുന്നതെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കിയിരുന്നു. കത്ത് തന്റെ മുന്നിലേക്ക് എത്താന്‍ വൈകിയതിനെ കുറിച്ച് സുപ്രീം കോടതി രജിസ്ട്രിയോട് ചീഫ് ജസ്റ്റിസ് വിശദീകരണം തേടിയിട്ടുണ്ട്.
കേസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് പലരും ഭീഷണിപ്പെടുത്തിയിരുന്നു. ഇവര്‍ക്കെതിരെ നടപടി സ്വീകരിക്കണം എന്നാവശ്യപ്പെട്ടാണ് ചീഫ് ജസ്റ്റിസിന് പരാതിക്കാരിയായ പെണ്‍കുട്ടി കത്ത് നല്‍കിയത്. ഈ കത്തിലെ വിവരങ്ങള്‍ കഴിഞ്ഞ ദിവസം പെണ്‍കുട്ടിയുടെ കുടുംബം വെളിപ്പെടുത്തിയിരുന്നു.
Read More: ഉന്നാവ് അപകടം: ബിജെപി എംഎല്‍എയ്ക്ക് എതിരെ സിബിഐ കേസ് എടുത്തു
എംഎല്‍എക്കെതിരായ കേസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് പലരും വീട്ടിലേക്ക് വന്നിരുന്നു. കേസ് പിന്‍വലിക്കണം, അല്ലാത്ത പക്ഷം കള്ളക്കേസില്‍ കുടുക്കി കുടുംബത്തിലെ എല്ലാവരെയും ജയിലില്‍ അടയ്ക്കുമെന്ന് അവര്‍ ഭീഷണിപ്പെടുത്തി. ഇക്കാര്യങ്ങളെല്ലാമാണ് കത്തില്‍ പ്രതിപാദിച്ചിരിക്കുന്നത്.
പരാതിക്കാരിയായ പെണ്‍കുട്ടി വാഹനാപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലാണ് ഇപ്പോള്‍. അപകടത്തില്‍ ദുരൂഹതയുണ്ടെന്ന് പെണ്‍കുട്ടിയുടെ കുടുംബം ആരോപിച്ചിട്ടുണ്ട്. ഇതിനിടയിലാണ് നിര്‍ണായ വിവരങ്ങള്‍ പുറത്തുവന്നിരിക്കുന്നതും കത്ത് സുപ്രീംകോടതി പരിഗണിച്ചതും. പെണ്‍കുട്ടിക്ക് അപകടം സംഭവിച്ചതിന്റെ അടിസ്ഥാനത്തില്‍ ബിജെപി എംഎല്‍എയ്ക്കും മറ്റ് പത്ത് പേര്‍ക്കും എതിരെ സിബിഐ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.
എംഎല്‍എ കുല്‍ദീപ് സിങ് സെന്‍ഗാര്‍, സഹോദരന്‍ മനോജ് സിങ് സെംഗാര്‍ എന്നിവരാണ് പ്രതിപട്ടികയിലുള്ളത്. ലൈംഗികാക്രമണക്കേസില്‍ പ്രതിയാണ് കുല്‍ദീപ്. ഞായറാഴ്ചയാണ് റായ്ബറേലിയില്‍ വച്ച് പരാതിക്കാരിയായ പെണ്‍കുട്ടിക്ക് അപകടമുണ്ടായത്. ആക്രമണത്തില്‍ ലൈംഗികാക്രമണ ആരോപണം ഉന്നയിച്ച പെണ്‍കുട്ടിക്കും അഭിഭാഷകനും ഗുരുതരമായി പരുക്കേല്‍ക്കുകയും പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു. കുല്‍ദീപിനെതിരെ ലൈംഗികാക്രമണക്കേസില്‍ സാക്ഷിയാണ് കൊല്ലപ്പെട്ടവരില്‍ ഒരാള്‍.
റായിബറേലിയില്‍ വച്ച് പെണ്‍കുട്ടി സഞ്ചരിച്ചിരുന്ന കാറില്‍ ട്രക്കിടിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ യുവതിയേയും അഭിഭാഷകനേയും ലക്‌നൗവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. റായിബറേലിയിലെ ജയിലിലുള്ള ബന്ധുവായ മഹേഷ് സിങ്ങിനെ കാണാന്‍ പോകുമ്പോഴായിരുന്നു അപകടം.
ബിജെപി എംഎല്‍എയാണ് കുല്‍ദീപ് സെന്‍ഗര്‍. 2017 ല്‍ തന്റെ വീട്ടില്‍ വച്ച് എംഎല്‍എ പീഡിപ്പിച്ചെന്നായിരുന്നു ആരോപണം. എംഎല്‍എയ്‌ക്കെതിരെ കേസ് നല്‍കിയതിന് പിന്നാലെ ഇരയുടെ പിതാവിനെ മറ്റൊരു കേസില്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ജയിലില്‍ വച്ച് കുഴഞ്ഞ് വീണ പിതാവ് പിന്നീട് മരിച്ചിരുന്നു. കേസില്‍ പൊലീസ് നടപടി എടുക്കാത്തതിനെതിരെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വസതിക്ക് മുന്നില്‍ യുവതി സ്വയം തീകൊളുത്തി മരിക്കാന്‍ ശ്രമിച്ചിരുന്നു.