ന്യൂഡല്‍ഹി: വിവാദമായ കടല്‍ക്കൊല കേസില്‍ ഇറ്റാലിയന്‍ നാവികര്‍ക്കെതിരായ നടപടികള്‍ അവസാനിപ്പിക്കാമെന്ന് സുപ്രീം കോടതി. ഇത് സംബന്ധിച്ച ഉത്തരവ് ചൊവ്വാഴ്ച പുറപ്പെടുവിക്കും.
ഇറ്റാലിയന്‍ സര്‍ക്കാര്‍ നഷ്ടപരിഹാരമായി 10 കോടി രൂപ നല്‍കാമെന്ന് അറിയിച്ച സാഹചര്യത്തിലാണ് കേസിലെ ക്രിമിനല്‍ നടപടികള്‍ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രം സുപ്രീം കോടതിയെ സമീപിച്ചത്. ജസ്റ്റിസുമാരായ ഇന്ദിര ബാനര്‍ജിയും എം.ആര്‍.ഷായും അടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് അപേക്ഷ പരിഗണിച്ചത്.
വെടിവയ്പ്പില്‍ മരണപ്പെട്ടവര്‍ക്ക് മാത്രമല്ല പരുക്കേറ്റവര്‍ക്കും നഷ്ടപരിഹാരം നല്‍കണമെന്ന കേരള സര്‍ക്കാരിന്റെ അഭിപ്രായവും സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത സുപ്രീം കോടതിയെ അറിയിച്ചു. നഷ്ടപരിഹാരം വിഭജിച്ച് നല്‍കുന്നതിലെ തീരുമാനം കേരള സര്‍ക്കാരിനെടുക്കാമെന്നും സോളിസിറ്റര്‍ ജനറല്‍ പറഞ്ഞു. കോടതി തീരുമാനം അനുസരിച്ചുള്ള 10 കോടി രൂപ ഇറ്റലി കേന്ദ്ര സര്‍ക്കാരിന് കൈമാറിയെന്നും തുഷാര്‍ മേത്ത വ്യക്തമാക്കി.
Also Read: ഫ്ലാറ്റിൽ യുവതിക്ക് പീഡനം: മാര്‍ട്ടിന്‍ ജോസഫിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി
ഇറ്റലിക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ സൊഹൈൽ ദത്ത, ഇറ്റാലിയൻ നാവികർക്കെതിരായ ക്രിമിനൽ നടപടികൾ റദ്ദാക്കാനുള്ള ഉത്തരവ് പുറപ്പെടുവിക്കാൻ ബെഞ്ചിനോട് അഭ്യർത്ഥിച്ചു. നഷ്ടപരിഹാരം നല്‍കിയതോടെ കേസിന്റെ തുടര്‍ നടപടികള്‍ സ്വീകരിക്കേണ്ടത് ഇറ്റലിയാണെന്ന് കേന്ദ്രം കോടതിയെ അറിയിച്ചു. നഷ്ടപരിഹാരം വിതരണം ചെയ്യുന്നതിനായി കേരള ഹൈക്കോടതിയെ ചുമതലപ്പെടുത്താമെന്നും സുപ്രീം കോടതി പറഞ്ഞു.
2012 ഫെബ്രുവരി 15-ാം തീയതി കേരള തീരത്ത് നിന്ന് 20.5 നോട്ടിക്കള്‍ മൈല്‍ അകലെ വച്ചാണ് ഇറ്റാലിയന്‍ എണ്ണക്കപ്പലില്‍ നിന്ന് വെടിവയ്പ്പുണ്ടായത്. മത്സ്യത്തൊഴിലാളികളുടെ സെന്റ് ആന്റണി ബോട്ട്, ഇറ്റാലിയന്‍ കപ്പലായ എന്‍ട്രിക്ക ലെക്സി കടന്ന് പോകവെയാണ് സംഭവം.
ഇറ്റാലിയന്‍ നാവികരായ മാസിമിലാനോ ലാറ്റോറെ, സാൽവറ്റോർ ജിറോൺ എന്നിവരാണ് ബോട്ടിന് നേരെ വെടിയുതിര്‍ത്തത്. രണ്ട് മത്സ്യ തൊഴിലാളികള്‍ കൊല്ലപ്പെട്ടു. ഒരാള്‍ കൊല്ലം തങ്കശേരി സ്വദേശി വാലന്റൈന്‍ ജലസ്തൈനും മറ്റൊരാള്‍ കന്യാകുമാരി സ്വദേശി അജീഷ് ബിങ്കുവുമാണ്.