ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ദൽഹിയിലെ ഷഹീൻ ബാഗിൽ രാപ്പകൽ കുത്തിയിരിപ്പ് സമരം നടത്തുന്നവരെ ഒഴിപ്പിക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജി തിങ്കളാഴ്ച പരിഗണിക്കുമെന്ന് സുപ്രീം കോടതി.

“പ്രശ്‌നമുണ്ടെന്ന് ഞങ്ങൾ മനസ്സിലാക്കുന്നു. ഞങ്ങൾ അത് തിങ്കളാഴ്ച പരിഗണിക്കും. അപ്പോഴേക്കും സ്ഥിതിഗതികൾ മെച്ചപ്പെടും,” ജസ്റ്റിസുമാരായ സഞ്ജയ് കിഷൻ കൗള്‍, കെ എം ജോസഫ് എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു.

ഫെബ്രുവരി എട്ടിന് ഡൽഹി തിരഞ്ഞെടുപ്പ് നടക്കുമെന്നും അതിനാൽ ഇക്കാര്യം അടിയന്തിരമായി കേൾക്കണമെന്നും അഭിഭാഷകരിലൊരാൾ ആവശ്യപ്പെട്ടപ്പോൾ “ഇതുകൊണ്ടാണ് ഹർജി തിങ്കളാഴ്ച കേൾക്കാമെന്ന് പറയുന്നത്. തിരഞ്ഞെടുപ്പിന് മുമ്പ് എന്തിനാണ് ഞങ്ങൾ ഇത് കേൾക്കുന്നത് എന്നും എന്തിന് തിരഞ്ഞെടുപ്പിന് സ്വാധീനിക്കണമെന്നും,” എന്ന് ബെഞ്ച് തിരിച്ചുചോദിച്ചു.

പൗരത്വ ഭേദഗതി നിയമത്തിനെതിരെയും ദേശീയ പൗരത്വ രജിസ്റ്റർ നടപ്പാക്കുന്നതിനെതിരെയും ഷഹീൻ ബാഗിൽ നൂറുകണക്കിന് സ്ത്രീകൾ സമരമിരിക്കുകയാണ്. കഴിഞ്ഞ വർഷം ഡിസംബർ 15 മുതലാണ് പ്രതിഷേധം ആരംഭിച്ചത്. ഇവർക്കെതിരെ പലതരത്തിലുള്ള അക്രമങ്ങളും നടന്നിരുന്നു.

Read More: സിഎഎ പ്രതിഷേധത്തെക്കുറിച്ച് ഫോണില്‍ സംസാരിച്ച യാത്രക്കാരനെ ഊബര്‍ ഡ്രൈവര്‍ പൊലീസിലേല്‍പ്പിച്ചു

ഹീൻ ബാഗ് ചാവേർ ആക്രമണത്തിന് പരിശീലനം നൽകുന്ന ഇടമാണെന്നും രാജ്യ തലസ്ഥാനത്ത് രാജ്യത്തിനെതിരെ ഗൂഢാലോചന നടക്കുന്നുണ്ടെന്നും കേന്ദ്ര മന്ത്രി ഗിരിരാജ് സിങ് കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു.

ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടന്ന പ്രചാരണ റാലികളിൽ നിരവധി ബിജെപി നേതാക്കൾ ഷഹീൻ ബാഗിനെതിരെ പരസ്യമായി രംഗത്ത് വന്നിരുന്നു. ഷഹീൻ ബാഗ് പോലുള്ള സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ ബിജെപിക്ക് വോട്ട് ചെയ്യാൻ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ജനങ്ങളോട് അഭ്യർഥിച്ചിരുന്നു. ഷഹീൻ ബാഗിനോടുള്ള ​വെറുപ്പ് ഫെബ്രുവരി എട്ടിന് വോട്ടിങ് യന്ത്രത്തിൽ വിരൽ അമർത്തുമ്പോൾ കാണിക്കണമെന്നായിരുന്നു അമിത് ഷാ പറഞ്ഞത്.

ഷഹീൻ ബാഗ്, ജാമിയ, സീലാംപൂർ എന്നിവിടങ്ങളിൽ നടക്കുന്ന പ്രതിഷേധങ്ങൾക്കെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും രംഗത്തെത്തിയിരുന്നു. രാജ്യത്തിന്റെ ഐക്യം തകർക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണ് ഇതെന്നും ഇതിന് പിന്നിൽ വ്യക്തമായ ഗൂഢാലോചന നടക്കുന്നുണ്ടെന്നുമായിരുന്നു നരേന്ദ്ര മോദി പറഞ്ഞത്.

“ലക്ഷക്കണക്കിന് ആളുകൾ അവിടെ ഒത്തുകൂടുന്നു (ഷഹീൻ ബാഗ്). ഡൽഹിയിലെ ജനങ്ങൾ ചിന്തിക്കുകയും തീരുമാനമെടുക്കുകയും ചെയ്യേണ്ടിവരും. അവർ നിങ്ങളുടെ വീടുകളിൽ പ്രവേശിക്കും, സഹോദരിമാരെയും പെൺമക്കളെയും ബലാത്സംഗം ചെയ്യുകയും കൊല്ലുകയും ചെയ്യും. ഇപ്പോൾ സമയമുണ്ട്. നാളെ നിങ്ങളെ രക്ഷിക്കാൻ മോദി ജിയും അമിത് ഷായും വരില്ല,” പർവേഷ് വർമ പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook