ന്യൂഡല്‍ഹി: ‘രാമസേതു’ ദേശീയ പൈതൃക സ്മാരകമായി പ്രഖ്യാപിക്കാന്‍ കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെടുന്ന ഹര്‍ജി സുപ്രീം കോടതി മാര്‍ച്ച് ഒന്പതിനു പരിഗണിക്കും. ബിജെപി നേതാവ് സുബ്രഹ്മണ്യന് സ്വാമിയാണ് കോടതിയെ സമീപിച്ചത്.
കഴിഞ്ഞ കുറേ മാസങ്ങളായി ഹര്‍ജി വാദത്തിനായി പരിഗണിക്കുന്നില്ലെന്നും കോസ് ലിസ്റ്റില്‍നിന്ന് നീക്കം ചെയ്യരുതെന്നും ചീഫ് ജസ്റ്റിസ് എന്‍ വി രമണ, ജസ്റ്റിസുമാരായ എ എസ് ബൊപ്പണ്ണ, ഹിമ കോഹ്ലി എന്നിവരടങ്ങിയ ബെഞ്ചിനോട് സ്വാമി അഭ്യര്‍ഥിച്ചു. തുടര്‍ന്ന്, ഹര്‍ജി വാദം കേള്‍ക്കാനായി മാര്‍ച്ച് ഒന്പതിനു ലിസ്റ്റ് ചെയ്യുമെന്നു കോടതി വ്യക്തമാക്കുകയായിരുന്നു.
വിഷയത്തില്‍ അടിയന്തരമായി വാദം കേള്‍ക്കണമെന്ന് കഴിഞ്ഞ വര്‍ഷം ഏപ്രില്‍ എട്ടിനു സ്വാമി അഭ്യര്‍ഥിച്ചിരുന്നു. അതിനുമുമ്പ്, 2020 ജനുവരി 23 ന്, സ്വാമിയുടെ ഹര്‍ജി മൂന്നു മാസത്തിനു ശേഷം പരിഗണിക്കുമെന്നു കോടതി പറഞ്ഞിരുന്നു.
ആദമിന്റെ പാലം എന്നറിയപ്പെടുന്ന രാമസേതു, തമിഴ്നാടിന്റെ തെക്കു-കിഴക്കന്‍ തീരത്ത് രാമേശ്വരം ദ്വീപ് എന്നറിയപ്പെടുന്ന പാമ്പന്‍ ദ്വീപിനും ശ്രീലങ്കയുടെ വടക്കു-പടിഞ്ഞാറന്‍ തീരത്തുള്ള മാന്നാര്‍ ദ്വീപിനും ഇടയിലുള്ള ചുണ്ണാമ്പുകല്ലുകളുടെ ശൃംഖലയാണ്.
രാമസേതുവിന്റെ അസ്തിത്വം കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചതോടെ വ്യവഹാരത്തിന്റെ ആദ്യഘട്ടം താന്‍ വിജയിച്ചതായി സുബ്രഹ്മണ്യന് സ്വാമി പറഞ്ഞിരുന്നു. തന്റെ ആവശ്യം പരിഗണിക്കാന്‍ ബന്ധപ്പെട്ട കേന്ദ്രമന്ത്രി 2017ല്‍ യോഗം വിളിച്ചിരുന്നുവെങ്കിലും പിന്നീട് ഒന്നും നടന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
Also Read: രാമസേതു നിര്‍മ്മിച്ചത് വാനരപ്പട അല്ല; പാലം മനുഷ്യനിര്‍മ്മിതമെന്ന് അമേരിക്കന്‍ ടിവി ചാനല്‍
ഒന്നാം യുപിഎ സര്‍ക്കാര്‍ തുടക്കമിട്ട വിവാദ സേതുസമുദ്രം കപ്പല്‍ ചാനല്‍ പദ്ധതിക്കെതിരെ സമര്‍പ്പിച്ച പൊതുതാല്‍പ്പര്യ ഹര്‍ജിയില്‍ രാമസേതു ദേശീയ സ്മാരകമായി പ്രഖ്യാപിക്കണമെന്ന് സുബ്രഹ്മണ്യന് സ്വാമി ആവശ്യപ്പെട്ടിരുന്നു. പദ്ധതിയുടെ പ്രവൃത്തി 2007-ല്‍ വിഷയം സുപ്രീം കോടതി സ്റ്റേ ചെയ്തു.
പദ്ധതിയുടെ ‘സാമൂഹിക-സാമ്പത്തിക കോട്ടങ്ങള്‍’ പരിഗണിച്ചതായും രാമസേതുവിനു കേടുപാട് വരുത്താതെ കപ്പല്‍ ചാനല്‍ പദ്ധതി മറ്റൊരു വഴിയിലൂടെ നടപ്പാക്കാന്‍ തയാറാണെന്നും കേന്ദ്രം പിന്നീട് പറഞ്ഞു. തുടര്‍ന്ന് പുതിയ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.
പദ്ധതിക്കെതിരെ ചില രാഷ്ട്രീയ പാര്‍ട്ടികളും പരിസ്ഥിതി പ്രവര്‍ത്തകരും ചില ഹിന്ദു സംഘടനകളും രംഗത്തുവന്നിരുന്നിരുന്നു. പദ്ധതി പ്രാവര്‍ത്തികമാക്കാന്‍, മാന്നാറിനെ പാക്ക് കടലിടുക്കുമായി ബന്ധിപ്പിക്കുന്ന 83 കിലോമീറ്റര്‍ ദൈര്‍ഘ്യം വരുന്ന ആഴമേറിയ ജലപാതയില്‍ വിപുലമായ ഡ്രഡ്ജിങ്ങും ചുണ്ണാമ്പുകല്ലുകള്‍ നീക്കം ചെയ്യുകയും വേണ്ടിയിരുന്നു.