ന്യൂഡല്‍ഹി: സുദര്‍ശന്‍ ടിവിയുടെ ‘ബിന്‍ഡാസ് ബോല്‍’ ഷോയുടെ സംപ്രേഷണം സുപ്രീംകോടതി തടഞ്ഞു. മുസ്ലിം സമുദായത്തെ മോശമായി ചിത്രീകരിക്കുന്നതാണു പരിപാടിയെന്നു പ്രഥമദൃഷ്ട്യാ ബോധ്യപ്പെട്ടതിനെത്തുടര്‍ന്നാണു നടപടി.
വിഷലിപ്തമായ പരിപാടി എന്നു വിശേഷിപ്പിച്ച കോടതി എപ്പിസോഡ് ഇന്നും നാളെയും സംപ്രേഷണം ചെയ്യുന്നതാണു വിലക്കിയത്. ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള ബഞ്ച് ഹര്‍ജി 17നു വീണ്ടും പരിഗണിക്കും.
ഒരു സമൂഹം സിവില്‍ സര്‍വീസിലേക്ക് പ്രവേശിക്കുന്നതിനെക്കുറിച്ചുള്ള ഈ പരിപാടി എത്രത്തോളം ഹീനമാണെന്നു ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് ചോദിച്ചു. മുസ്ലിങ്ങള്‍ സര്‍വീസില്‍ നുഴഞ്ഞുകയറിയെന്ന ദുസ്സൂചന നല്‍കുന്ന പരിപാടി വസ്തുതാപരമായ ഒരടിസ്ഥാനവുമില്ലാതെ യുപിഎസ്‌സിയുടെ പരീക്ഷകളെ സംശയനിഴലിലാക്കുകയാണ്. ഇത് അനുവദിക്കാനാവില്ലെന്നും ബഞ്ച് പറഞ്ഞു.
അപകീര്‍ത്തികരമായ കാര്യങ്ങള്‍ പറയുന്ന തരത്തില്‍ ചില മാധ്യമങ്ങള്‍ സംവാദങ്ങള്‍ നടത്തുന്ന രീതിയില്‍ കോടതി ആശങ്ക പ്രകടിപ്പിച്ചു. ഇത്തരം ഉപദ്രവകരമായ ആരോപണങ്ങള്‍ യുപിഎസ്സി പരീക്ഷകള്‍ക്കുമേല്‍ ചോദ്യചിഹ്നം ഉയര്‍ത്തുന്നു. വസ്തുതാപരമായ അടിസ്ഥാനമില്ലാതെ ഇത്തരം ആരോപണങ്ങള്‍ അനുവദിക്കാനാവില്ല. ഒരു സ്വതന്ത്ര സമൂഹത്തില്‍ ഇത്തരം പരിപാടികള്‍ അനുവദിക്കാനാവുമോയെന്നും ജസ്റ്റിസുമാരായ ഇന്ദു മല്‍ഹോത്ര, കെ എം ജോസഫ് എന്നിവര്‍ കൂടി ഉള്‍പ്പെടുന്ന ബെഞ്ച് ചോദിച്ചു.
‘സര്‍ക്കാര്‍ സര്‍വീസിലേക്കുള്ള മുസ്ലിം നുഴഞ്ഞുകയറ്റത്തിന്റെ ഗൂഢാലോചനയുടെ വലിയ വെളിപ്പെടുത്തല്‍’ എന്ന് പ്രൊമോകളില്‍ അവകാശപ്പെടുന്ന പരിപാടി വിവാദങ്ങളുടെ കേന്ദ്രമാണ്. പ്രക്ഷേപണം ചെയ്യുന്നതിനു പരിപാടിയ്ക്കു നിരോധനം ഏര്‍പ്പെടുത്താന്‍ ഓഗസ്റ്റ് 28നു സുപ്രീം കോടതി വിസമ്മതിച്ചിരുന്നു.
പരിപാടിയുമായി ബന്ധപ്പെട്ട പരാതികള്‍ ഉന്നയിച്ച അഭിഭാഷകന്‍ ഫിറോസ് ഇക്ബാല്‍ ഖാന്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ കേന്ദ്രം, പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ, ന്യൂസ് ബ്രോഡ്കാസ്റ്റര്‍ അസോസിയേഷന്‍, സുദര്‍ശന്‍ ന്യൂസ് എന്നിവര്‍ക്കു നോട്ടീസ് നല്‍കിയിരുന്നു.
മാധ്യമസ്വാതന്ത്ര്യം പരമപ്രധാനമാണെന്നും മാധ്യമങ്ങളെ നിയന്ത്രിക്കുന്നത് ഏതൊരു ജനാധിപത്യത്തിനും വിനാശകരമാണെന്നും സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത സുപ്രീം കോടതിയില്‍ പറഞ്ഞു.
ദേശസുരക്ഷയെക്കുറിച്ചുള്ള അന്വേഷണാത്മക വാര്‍ത്തയാണ് ചാനല്‍ ഇതിനെ കാണുന്നതെന്നു സുദര്‍ശന്‍ ടിവിക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ശ്യാം ദിവാന്‍ പറഞ്ഞു. ഇതിനു മറുപടിയായി ‘നിങ്ങളുടെ കക്ഷി രാജ്യത്തോട് അന്യയാണു ചെയ്യുന്നതെന്നും നിങ്ങളുടെ കക്ഷി തങ്ങളുടെ സ്വാതന്ത്ര്യം ജാഗ്രതയോടെ ഉപയോഗിക്കേണ്ടതുണ്ട്’ എന്നും കോടതി പറഞ്ഞു.