ന്യൂഡല്‍ഹി : പട്ടിക ജാതി പട്ടിക വര്‍ഗ (പീഡന നിരോധന) നിയമത്തില്‍ ഭേദഗതി വരുത്തിയ സുപ്രീം കോടതി വിധി അടിസ്ഥാനപരമായി തെറ്റാണ് എന്ന് ചീഫ് ജസ്റ്റിസ് കെജി ബാലകൃഷ്ണന്‍. കോടതിയുടെ വിധികള്‍ ജനങ്ങള്‍ക്കിടയില്‍ അക്രമം സൃഷ്ടിക്കുന്ന വിധമാകരുത് എന്നും മുന്‍ ചീഫ് ജസ്റ്റിസ് പറഞ്ഞു.

സുപ്രീം കോടതിയുടെ വിധി രാജ്യത്ത് കടുത്ത നാശനഷ്ടങ്ങള്‍ക്ക് വഴി വച്ചു എന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചതിന് തൊട്ടുപിന്നാലെയാണ് മുന്‍ ചീഫ് ജസ്റ്റിസിന്റെ അഭിപ്രായ പ്രകടനം വരുന്നത്. മാര്‍ച്ച് 20ന് പുറപ്പെടുവിച്ച വിധി പിന്‍വലിക്കണം എന്നും കേന്ദ്രസര്‍ക്കാര്‍ കോടതിയില്‍ സമര്‍പ്പിച്ച പുനപരിശോധനാ ഹര്‍ജിയില്‍ പറഞ്ഞിരുന്നു.

സുപ്രീം കോടതി വിധി പട്ടിക ജാതി പട്ടിക വര്‍ഗ (പീഡന വിരുദ്ധ ) നിയമത്തെ ദുര്‍ബലപ്പെടുത്തുന്നതാണ് എന്ന് ആരോപിച്ച് കൊണ്ട് രാജ്യവ്യാപകമായി പ്രതിഷേധങ്ങളും വിവിധ ദലിത് സംഘടനകളുടെ ബന്ദും അരങ്ങേറിയിരുന്നു. ഏപ്രില്‍ 2ന് നടന്ന ഭാരത് ബന്ദിലുണ്ടായ പൊലീസ് വെടിവേപ്പിള്‍ ചുരുങ്ങിയത് പതിനൊന്ന് പേരാണ് കൊല്ലപ്പെട്ടത്. വിവിധ സംസ്ഥാനങ്ങളില്‍ പ്രതിഷേധക്കാര്‍ പൊലീസുമായ് ഏറ്റുമുട്ടുകയും ട്രെയിനടക്കമുള്ള ഗതാഗതമാര്‍ഗങ്ങള്‍ തടസ്സപ്പെടുത്തുകയും ചെയ്തിരുന്നു.

” ഒരുപക്ഷെ ഇതാദ്യമായാണ് ഒരു സുപ്രീം കോടതി വിധി ജനങ്ങളെ അക്രമങ്ങള്‍ക്ക് പ്രേരിപ്പിച്ചത്. അക്രമങ്ങള്‍ ഉണ്ടാകുമ്പോള്‍ സുപ്രീം കോടതി ഇടപെടാറാണ് സാധാരണത്തെ പതിവ്. ഇപ്പോള്‍ പരമോന്നത കോടതിയുടെ വിധി അനുസരിക്കാന്‍ ജനങ്ങള്‍ വിമുഖത കാണിക്കുകയാണ്. അത് വിചിത്രമായ കാര്യമാണ്. കൂടുതല്‍ ആളുകള്‍ അംഗീകരിക്കുന്നതായ തീരുമാനമാണ് സുപ്രീം കോടതി എടുക്കേണ്ടത്. സമൂഹത്തില്‍ അക്രമ സംഭവങ്ങള്‍ ഉണ്ടാക്കുന്ന രീതിയിലാകരുത് അത്.

ഇന്ത്യയുടെ ചീഫ് ജസ്റ്റിസായ ആദ്യ ദലിതനാണ് കെജി ബാലക്കൃഷ്ണന്‍ (2007 ജനുവരി 14 മുതല്‍ 2010 മേയ് 12 വരെ). വടക്ക് കിഴക്കന്‍ ന്യൂനപക്ഷ അഭിഭാഷക അസോസിയേഷനും അംബേദ്‌കര്‍ പഠന സാംസ്കാരിക സൊസൈറ്റിയും ചേര്‍ന്ന് സംഘടിപ്പിച്ച സെമിനാറില്‍ ‘ ‘ സുപ്രീം കോടതിയുടെ പട്ടിക ജാതി പട്ടിക വര്‍ഗ വിധി; ഭവിഷ്യത്തുകളും പരിഹാരങ്ങളും’ എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു മുന്‍ ചീഫ് ജസ്റ്റിസ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ