ന്യൂഡൽഹി: ദലിത് സംഘടനകൾ ആഹ്വാനം ചെയ്ത ഭാരത ബന്ദിൽ വ്യാപക അക്രമം. ഉത്തരേന്ത്യയിൽ പലയിടങ്ങളിൽ അക്രമം ഉണ്ടായി. മധ്യപ്രദേശില്‍ ഏഴ് പേര്‍ കൊല്ലപ്പെട്ടു.രാജസ്ഥാനിലെ ആള്‍വാറില്‍ ഒരാള്‍ കൊല്ലപ്പെട്ടു. യുപിയിലാണ് മറ്റൊരാള്‍ കൊല്ലപ്പെട്ടത്. അക്രമത്തെ തുടര്‍ന്ന് മധ്യപ്രദേശില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു.

നൂറിലധികം പേര്‍ക്കാണ് അക്രമങ്ങളില്‍ പരുക്കേറ്റത്. പട്ടികജാതി-പട്ടികവര്‍ഗ (പീഡനം തടയല്‍) നിയമപ്രകാരം ഉടനെ കേസെടുത്ത് അറസ്റ്റ് ചെയ്യുന്നത് തടഞ്ഞുളള സുപ്രീം കോടതി വിധി റദ്ദാക്കണം എന്നാവശ്യപ്പെട്ടാണ് ദലിത് സംഘടനകൾ ഭാരത ബന്ദിന് ആഹ്വാനം ചെയ്തത്. കോടതി വിധി പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രം സുപ്രിംകോടതിയെ സമീപിച്ചിട്ടുണ്ട്.

പഞ്ചാബിൽ മുൻകരുതലിന്റെ ഭാഗമായി സർക്കാർ പൊതുഗതാഗതം റദ്ദാക്കി. സിബിഎസ്ഇ പത്താം ക്ലാസ്, പ്ലസ് ടു പരീക്ഷകൾ മാറ്റി. ഏറ്റവും കൂടുതൽ ദലിതർ ഉളള പഞ്ചാബിൽ കനത്ത ജാഗ്രതയിലാണ് സംസ്ഥാന സർക്കാർ. ഇന്നലെ വൈകിട്ട് മുതൽ ഇന്റർനെറ്റ് സേവനങ്ങൾക്ക് നിരോധനം ഏർപ്പെടുത്തി. ഇന്ന് ഉച്ചവരെ നിരോധനം ഉണ്ടായിരിക്കും. സൈന്യവും പാരമിലിറ്ററി ഫോഴ്സും സംസ്ഥാനത്ത് നിലയുറപ്പിച്ചിട്ടുണ്ട്.

Express Photo by Javed Raja

ബിഹാറിലും ഒഡീഷയിലും പ്രതിഷേധക്കാർ റെയിൽവേ ട്രാക്ക് ഉപരോധിച്ചു. വിവിധ ദലിത് സംഘടനകള്‍ക്കൊപ്പം സിപിഐഎംഎല്‍ പ്രവര്‍ത്തകരും ബിഹാറിൽ പ്രതിഷേധത്തിനിറങ്ങി. ഉത്തർപ്രദേശിൽ ഹൈവേ അടക്കം പ്രതിഷേധക്കാർ ഉപരോധിച്ചു. ആഗ്രയിൽ പ്രതിഷേധക്കാരും സുരക്ഷാ ഉദ്യോഗസ്ഥരും തമ്മിൽ ഏറ്റുമുട്ടി. കടകൾ പ്രതിഷേധക്കാർ അടിച്ചു തകർത്തു.

Express Photo by Javed Raja

ഗുജറാത്തിൽ അഹമ്മദാബാദിലും പ്രതിഷേധത്തിനിടെ അക്രമം ഉണ്ടായി. ജാര്‍ഖണ്ഡിലെ റാഞ്ചിയിൽ പ്രതിഷേധക്കാരും പൊലീസും തമ്മിൽ ഏറ്റുമുട്ടി. രാജസ്ഥാനിലെ ബാര്‍മറില്‍ പ്രതിഷേധക്കാര്‍ കാറുകൾക്കും വീടുകൾക്കും തീയിട്ടു. അതേസമയം, കോടതി വിധിക്കെതിരെ സർക്കാർ റിവ്യൂ ഹർജി നൽകാനിരിക്കെ എന്തിനാണു ഭാരത് ബന്ദ് നടത്തുന്നതെന്നു കേന്ദ്രമന്ത്രി റാം വിലാസ് പാസ്വാൻ ചോദിച്ചു.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ