ന്യൂഡല്‍ഹി: തിങ്കളാഴ്ച വിവിധ ദലിത് സംഘടനകള്‍ ആഹ്വാനം ചെയ്ത രാജ്യവ്യാപക ബന്ദിലെ അക്രമ സംഭവങ്ങള്‍ക്കും മരണത്തിനും ഉത്തരവാദി പ്രതിപക്ഷമാണെന്ന് ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ. “ഞങ്ങള്‍ പുനഃപരിശോധനാ ഹര്‍ജി പരിഗണിക്കും എന്ന് പ്രസ്താവിച്ച ശേഷവും എന്തിനാണ് കോണ്‍ഗ്രസും മറ്റ് പ്രതിപക്ഷ കക്ഷികളും ബന്ദ്‌ ആഹ്വാനം ചെയ്തത് ? പ്രതിഷേധങ്ങളില്‍ സംഭവിച്ച പത്ത് മരണങ്ങളുടെയും ഉത്തരവാദിത്തം പ്രതിപക്ഷത്തിനാണ്”. ഒഡീഷയിലെ ഭവാനിപത്നയിലെ പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് അമിത് ഷാ പറഞ്ഞു. പട്ടിക ജാതി പട്ടിക വര്‍ഗ (പീഡന) നിയമം ദുര്‍ബലപ്പെടുത്തുന്നു എന്നാരോപിച്ച് നടന്ന ബന്ദിനിടയില്‍ പത്തോളം ദലിതരാണ് പൊലീസ് വെടിവയ്‌പില്‍ മരിച്ചത്. രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് ബന്ദ്‌ അക്രമാസക്തമായത്.

ന്യൂനപക്ഷത്തോടുള്ള തന്റെ പിന്തുണ അറിയിച്ച അമിത് ഷാ, മോദി സര്‍ക്കാര്‍ സംവരണത്തിനെതിരാണ് എന്ന അഭ്യൂഹങ്ങളെ തള്ളിക്കളയുന്നതായും പറഞ്ഞു. “ബിജെപി സംവരണം എടുത്തുകളയില്ല എന്ന് മാത്രമല്ല അത് ചെയ്യാന്‍ ആരെയും അനുവദിക്കുകയുമില്ല” എന്ന് പറഞ്ഞ അമിത് ഷാ തന്റെ പാര്‍ട്ടി ബി.ആര്‍.അംബേദ്‌കര്‍ വിഭാവനം ചെയ്ത ഇന്ത്യന്‍ ഭരണഘടനയില്‍ ഉറച്ചുനില്‍ക്കുന്നവരാണ് എന്നും കൂട്ടിച്ചേര്‍ത്തു.

അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന സംസ്ഥാന അസംബ്ലിയിലേക്കുള്ള തിരഞ്ഞെടുപ്പ് കൂടി കണക്കിലെടുത്താണ് അമിത് ഷായുടെ ഒഡീഷ സന്ദര്‍ശനം. മുഖ്യമന്ത്രി നവീന്‍ പട്നായിക്കിനെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച ബിജെപി ദേശീയ അദ്ധ്യക്ഷന്‍ സംസ്ഥാനത്തിന്റെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ മോദി സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധരാണ് എന്നും പറഞ്ഞു. “മോദി സര്‍ക്കാര്‍ ആരംഭിച്ച സൗഭാഗ്യാ യോജന 2021ഓടെ സംസ്ഥാനത്തെ പൂര്‍ണമായും വൈദ്യുതീകരിക്കും.” സംസ്ഥാനത്തെ ആരോഗ്യ സേവനങ്ങള്‍ താറുമാറായിരിക്കുകയാണ് എന്ന് പറഞ്ഞ അമിത് ഷാ ” മോദി സര്‍ക്കാര്‍ അഞ്ച് ലക്ഷം ദരിദ്രര്‍ക്കും ആവശ്യക്കാര്‍ക്കും ആരോഗ്യ ഇന്‍ഷ്യുറന്‍സ് നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്” എന്നും കൂട്ടിച്ചേര്‍ത്തു.

ദലിത് നേതാവായ അംബേദ്‌കറെ തന്റെ സര്‍ക്കാര്‍ ബഹുമാനിച്ചത് പോലെ മറ്റൊരു സര്‍ക്കാരും ബഹുമാനിച്ചിട്ടില്ല എന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് ബിജെപി അദ്ധ്യക്ഷനും പ്രതിരോധവുമായി രംഗത്ത് വന്നത്. അംബേദ്കർ ജന്മദിനമായ ഏപ്രിൽ 13 ന് അദ്ദേഹത്തിന്റെ മരണം നടന്ന നമ്പര്‍ 26 അലിപൂര്‍ റോഡ്‌ഹൗസ് വരുന്ന അംബേദ്‌കര്‍ ജയന്തി നാളില്‍ രാജ്യത്തിന് സമര്‍പ്പിക്കും എന്ന് നരേന്ദ്ര മോദി അറിയിച്ചു. പലരും രാഷ്ട്രീയ ലാഭത്തിനായി അംബേദ്‌കറുടെ പേര് ദുരുപയോഗം ചെയ്യുകയാണ് എന്നും പ്രധാനമന്ത്രി ആരോപിച്ചു.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ