ന്യൂഡല്‍ഹി: പട്ടികജാതി പട്ടിക വര്‍ഗ (പീഡനം തടയല്‍) നിയമം ദുർബലപ്പെടുത്തിയ സുപ്രീം കോടതി രണ്ടംഗ ബെഞ്ചിന്റെ വിധിക്ക് സ്റ്റേ ഇല്ല. വിവാദ വിധി പുനഃപരിശോധിക്കണം എന്നാവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തള്ളി. വിധി വായിക്കാതെയാണ് പ്രതിഷേധങ്ങള്‍ എന്ന് ചൂണ്ടിക്കാണിച്ചാണ് പരമോന്നത കോടതിയുടെ തീരുമാനം. കേസില്‍ കക്ഷിചേര്‍ന്നവരോട് രണ്ട് ദിവസത്തിനുള്ളില്‍ വിശദമായ മറുപടി നല്‍കാനും ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസ് എ.കെ.ഗോയല്‍, യു.യു.ലളിത് എന്നിവരടങ്ങിയ ബെഞ്ച്‌ ആവശ്യപ്പെട്ടു.

ഇന്ന് രണ്ട് മണിക്ക് വിസ്താരം ആരംഭിച്ച സുപ്രീം കോടതിയില്‍ സര്‍ക്കാരിന് വേണ്ടി ഹാജരായത് അറ്റോണി ജനറല്‍ കെ.കെ.വേണുഗോപാല്‍ ആണ്. സുപ്രീംകോടതി വിധിയെ തുടര്‍ന്ന്‍ ദലിത് സംഘടനകള്‍ രാജ്യാന്തരതലത്തില്‍ നടത്തുന്ന പ്രതിഷേധത്തെ തങ്ങള്‍ കണക്കിലെടുക്കുന്നില്ലെന്ന് തുടക്കത്തില്‍ തന്നെ പറഞ്ഞ കോടതി. അഡ്വക്കേറ്റ് ജനറല്‍ ഉയര്‍ത്തുന്ന വാദങ്ങള്‍ക്കനുസരിച്ച് പുനപരിശോധന ആവശ്യമാണോ എന്ന് തീരുമാനിക്കാം എന്നും പറഞ്ഞു. ഇന്നലെ പൊലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ടവര്‍ക്ക് അടിയന്തിരമായി നഷ്ടപരിഹാരം നല്‍കാനും കോടതി നിര്‍ദേശിച്ചു. തങ്ങള്‍ നിയമത്തിന് എതിരല്ല എന്നും അതുപയോഗിച്ച് നിരപരാധികളെ അറസ്റ്റ് ചെയ്യുന്നതിന് എതിരാണ് എന്നും വിശദീകരിച്ചു.

പട്ടിക ജാതി പട്ടിക വര്‍ഗ (പീഡന) നിയമത്തെ നേര്‍പ്പിക്കലല്ല നിരപരാധികളായ വ്യക്തികളുടെ സ്വാതന്ത്ര്യം സംരക്ഷിക്കലാണ് തങ്ങളുടെ ലക്ഷ്യം എന്ന് കോടതി പറഞ്ഞു. പത്ത് ദിവസത്തിന് ശേഷം കേസില്‍ കോടതി വീണ്ടും വാദം കേള്‍ക്കും.

പട്ടികജാതി-പട്ടികവര്‍ഗ (പീഡനം തടയല്‍) നിയമപ്രകാരം ഉടനെ കേസെടുത്ത് അറസ്റ്റ് ചെയ്യുന്നത് തടഞ്ഞുളള സുപ്രീം കോടതി വിധി റദ്ദാക്കണം എന്നാവശ്യപ്പെട്ടാണ് ദലിത് സംഘടനകൾ ഇന്നലെ ഭാരത ബന്ദ് നടത്തിയത്. ബന്ദിൽ ഉത്തരേന്ത്യയില്‍ വ്യാപകമായ അക്രമസംഭവങ്ങള്‍ അരങ്ങേറി. മധ്യപ്രദേശില്‍ ഏഴും രാജസ്ഥാനിലും ഉത്തര്‍ പ്രദേശിലും ഓരോരുത്തരും പൊലീസ് വെടിവയ്‌പിൽ കൊല്ലപ്പെട്ടു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook