scorecardresearch

ബില്‍ക്കിസ് ബാനോ കേസ്: പ്രതികളെ വിട്ടയച്ചതിനെതിരെയുള്ള ഹര്‍ജികള്‍ കേള്‍ക്കാന്‍ പ്രത്യേക ബെഞ്ച്

ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ട 11 പ്രതികളെ ഓഗസ്റ്റ് 15നാണു ഗുജറാത്ത് സര്‍ക്കാര്‍ മോചിപ്പിച്ചത്.

bilkis bano, bilkis bano rape case, bilkis bano supreme court, Gujrat roits

ന്യൂഡല്‍ഹി: ബില്‍ക്കിസ് ബാനോ കേസിലെ 11 പ്രതികളെ ശിക്ഷായിളവ് നല്‍കി വിട്ടയച്ചതിനെ ചോദ്യം ചെയ്തുള്ള ഹര്‍ജികള്‍ കേള്‍ക്കാന്‍ പ്രത്യേക ബെഞ്ച് രൂപീകരിക്കുമെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്. ബില്‍ക്കിസ് ബാനുവിന് വേണ്ടി ഹാജരായ അഭിഭാഷക ശോഭ ഗുപ്ത ചീഫ് ജസ്റ്റിസിന്റെ ശ്രദ്ധയില്‍ അടിയന്തര ശ്രദ്ധ ആവശ്യമുള്ള വിഷയങ്ങള്‍ ചൂണ്ടിക്കാട്ടിയതിനു പിന്നാലെയാണ് ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് ഇക്കാര്യം പറഞ്ഞത്.

വിഷയം നിലവില്‍ ജസ്റ്റിസ് ബേല എം ത്രിവേദിക്കൊപ്പമുള്ള ജസ്റ്റിസ് അജയ് രസ്‌തോഗിയുടെ മുമ്പാകെ ലിസ്റ്റ് ചെയ്തിട്ടുണ്ടെന്നും എന്നാല്‍ അദ്ദേഹം കേസ് കേള്‍ക്കുന്നതില്‍ നിന്ന് പിന്മാറിയെന്നും അറിയിച്ചു. അതിനാൽ കേസ് കേള്‍ക്കാന്‍ പ്രത്യേക ബെഞ്ച് രൂപീകരിക്കണമെന്നും ജസ്റ്റിസുമാരായ പി.എസ്. നരസിംഹ, ജെ.ബി.പര്‍ദിവാല എന്നിവരടങ്ങിയ ബെഞ്ചിനോട് ശോഭ ഗുപ്ത പറഞ്ഞു. ഇതേതുടര്‍ന്നാണ് കേസില്‍ എത്രയും വേഗം വാദം കേള്‍ക്കാന്‍ ലിസ്റ്റ് ചെയ്യുമെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞത്.

അതേസമയം, കേസ് കേള്‍ക്കുന്നതില്‍ നിന്ന് ജസ്റ്റിസ് ത്രിവേദിയുടെ പിന്മാറ്റത്തിന് കാരണങ്ങളൊന്നും പറഞ്ഞിട്ടില്ല. 2004 മുതല്‍ 2006 വരെ ഗുജറാത്ത് സര്‍ക്കാരിന്റെ നിയമ സെക്രട്ടറിയായിരുന്നു ജസ്റ്റിസ് ത്രിവേദി.

2002ലെ ഗുജറാത്ത് കലാപത്തിനിടെ ബില്‍ക്കിസ് ബാനോയെ കൂട്ടബലാത്സംഗം ചെയ്യുകയും മൂന്നുവയസുള്ള മകള്‍ ഉള്‍പ്പെടെ ഏഴ് ബന്ധുക്കളെ കൊലപ്പെടുത്തുകയും ചെയ്ത കേസില്‍ ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ട 11 പ്രതികളെ ഓഗസ്റ്റ് 15നാണു ഗുജറാത്ത് സര്‍ക്കാര്‍ മോചിപ്പിച്ചത്. ശിക്ഷായിളവ് തേടി പ്രതികളിലൊരാള്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ തീരുമാനമെടുക്കാന്‍ ഗുജറാത്ത് സര്‍ക്കാരിനു സുപ്രീം കോടതി നിര്‍ദേശം നല്‍കിയതിന്റെ അടിസ്ഥാനത്തിലായിരുന്നു തീരുമാനം.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Sc special bench bilkis bano convict remission plea