ന്യൂഡല്‍ഹി: റഫേൽ യുദ്ധവിമാനക്കരാറിന്റെ സിഎജി റിപ്പോർട്ട് പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി കണ്ടെന്ന് സുപ്രീം കോടതിയെ സർക്കാർ തെറ്റിദ്ധരിപ്പിച്ചെന്ന് ആരോപിച്ച് പ്രതിപക്ഷം പ്രതിഷേധത്തിന്. വിധിയിൽ തിരുത്തൽ ആവശ്യപ്പെട്ട് കേന്ദ്രം സുപ്രീം കോടതിയെ സമീപിച്ചതിന് പിന്നാലെയാണ് കേന്ദ്രത്തിനെതിരെ കൂട്ടായ ആക്രമണത്തിന് പ്രതിപക്ഷം ഒരുങ്ങുന്നത്.

കേസിൽ സുപ്രീം കോടതിയെ കേന്ദ്രസർക്കാർ തെറ്റിദ്ധരിപ്പിച്ചെന്ന ആരോപണങ്ങൾക്കിടെയാണ് ഇന്ന് പാർലമെന്റ് സമ്മേളനം ചേരാനിരിക്കുന്നത്.  ഭരണ-പ്രതിപക്ഷങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലിനു വേദിയായേക്കും. വിധിയിൽ കേന്ദ്രസർക്കാർ തന്നെ തിരുത്തൽ ഹർജി നൽകിയത് പ്രതിപക്ഷത്തിനു ശക്തമായ ആയുധമായിട്ടുണ്ട്.

എന്നാൽ, വിമാനത്തിന്റെ വിലവിവരം സിഎജി പരിശോധിച്ചെന്നും അതിന്റെ കരട് റിപ്പോർട്ട് പാർലമെന്റിന്റെ പബ്ലിക്  അക്കൗണ്ട്സ് കമ്മിറ്റി കണ്ടതാണെന്നും വിധിയിൽ 25-ാം ഖണ്ഡികയിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. വിധി സർക്കാരിന് അനുകൂലമായതോടെ കോൺഗ്രസിനെതിരെ ബിജെപി ആക്രമണം കടുപ്പിച്ചിരുന്നു. എന്നാൽ കോടതിയെ തെറ്റിദ്ധരിപ്പിച്ചാണ് അനുകൂല വിധി നേടിയതെന്ന് കോൺഗ്രസ് തിരിച്ചടിച്ചിരുന്നു.

മുദ്രവച്ച കവറിൽ സുപ്രീം കോടതിയിൽ സമർപ്പിച്ച രേഖകളിൽ കേന്ദ്രം  തെറ്റായ വിവരങ്ങളാണ് നൽകിയതെന്ന് കോൺഗ്രസ് ആരോപിക്കുന്നു. കോൺഗ്രസ് അനാവശ്യ വിവാദങ്ങളുണ്ടാക്കുകയാണെന്നാണ് ഇതിൽ ബിജെപിയുടെ മറുപടി.

ഇന്ന് രാജ്യത്തെ 70 പ്രമുഖകേന്ദ്രങ്ങളിൽ കേന്ദ്രമന്ത്രിമാരടക്കമുള്ള പ്രമുഖനേതാക്കൾ പത്രസമ്മേളനം നടത്തി റഫേൽ ഇടപാടിനെക്കുറിച്ച് വിശദീകരിക്കും. റഫാൽ ഇടപാടിൽ കേന്ദ്രത്തിനെതിരെ അന്വേഷണം പ്രഖ്യാപിക്കണമെന്നാണ് കോൺഗ്രസിന്റെ ആവശ്യം.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ