/indian-express-malayalam/media/media_files/uploads/2021/05/Oxygen-Express-2.jpg)
ഡൽഹി: കോവിഡ് രണ്ടാം തരംഗം രൂക്ഷമാവുകയും രാജ്യത്തെ മിക്ക ആശുപത്രികളിലും ഓക്സിജൻ ലഭ്യത കുറയുകയും ചെയ്യുന്ന സാഹചര്യത്തിൽ ദേശിയ ദൗത്യസംഘത്തെ (ടാസ്ക് ഫോഴ്സ്) നിയോഗിച്ച് സുപ്രീം കോടതി. സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും ഓക്സിജൻ ലഭ്യത, ഓക്സിജൻ വിതരണം എന്നിവ സംഘം നിരീക്ഷിക്കും. എല്ലാ സംസ്ഥാനങ്ങളിലും ഓക്സിജൻ ഉറപ്പ് വരുത്തുന്നതിന് വേണ്ട നിർദേശങ്ങൾ സംഘം നൽകും.
പന്ത്രണ്ട് പേർ അടങ്ങുന്ന സംഘത്തെയാണ് സുപ്രീം കോടതി ഇതിനായി നിയോഗിച്ചിരിക്കുന്നത്. ഡോ. ബാബതോഷ് ബിശ്വാസ്, ഡോ. ദേവേന്ദർ സിങ് റാണ, ഡോ. ദേവി പ്രസാദ് ഷെട്ടി, ഡോ. ഗംഗൻദീപ് കങ്, ഡോ. ജെ.വി പീറ്റർ, ഡോ. നരേഷ് ട്രെഹാൻ, ഡോ രാഹുൽ പണ്ഡിത്, ഡോ. സൗമിത്ര റാവത്ത്, ഡോ. ശിവ് കുമാർ സരിൻ, ഡോ. സരിഫ് എഫ് ഉടവാദിയ എന്നിവരടങ്ങുന്ന സംഘത്തിന്റെ കൺവീനർമാർ കേന്ദ്ര ആരോഗ്യ വകുപ്പ് സെക്രട്ടറിയും, യൂണിയൻ ക്യാബിനറ്റ് സെക്രട്ടറിയുമാണ്.
കേന്ദ്ര സർക്കാരിന്റെ സമ്മതത്തോട് കൂടിയാണ് ദൗത്യസംഘത്തെ നിയമിച്ചിരിക്കുന്നത്. ദൗത്യ സംഘം ഉടൻ തന്നെ പ്രവർത്തനങ്ങൾ ആരംഭിക്കണമെന്ന് കോടതി പറഞ്ഞു. ഒരാഴ്ചക്കുള്ളിൽ ഓക്സിജൻ വിതരണ രീതികൾ മനസിലാക്കണമെന്ന് സുപ്രീം കോടതി പറഞ്ഞു. ആറു മാസമാണ് ദൗത്യ സംഘത്തിന്റെ കാലാവധി.
Read Also: തരാനുള്ള പണം തരണം; കേന്ദ്രത്തോട് തമിഴ്നാട് ധനമന്ത്രി
ടാസ്ക് ഫോഴ്സ് സ്ഥിതിഗതികൾ വിലയിരുത്തിയ സ്ഥിതിഗതികൾ നിരീക്ഷിച്ച ശേഷം രാജ്യം മുഴുവനും ഓക്സിജന്റെ ആവശ്യകത അനുസരിച്ച് വിതരണം ചെയ്യന്നതിനുള്ള നിർദേശങ്ങൾ നൽകും. ഒരേ രീതിയിൽ സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും ഓക്സിജൻ ലഭ്യമാക്കുന്നതിനുള്ള പദ്ധതിയും സംഘം നിർദേശിക്കും.
കേന്ദ്ര സർക്കാർ സംസ്ഥാനങ്ങൾക്ക് വിതരണം ചെയ്യുന്ന ഓക്സിജൻ ശരിയായ രീതിയിൽ വിതരണം നടക്കുന്നതിന് ഓഡിറ്റിങ് ആവശ്യമാണെന്ന് ജഡ്ജിമാരായ ഡി.വൈ ചദ്രചൂഡ്, എം ആർ ഷാ എന്നിവർ അടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു. ടാസ്ക് ഫോഴ്സ് അവരുടെ നിർദേശങ്ങൾ നല്കുന്നതുവരെ കേന്ദ്ര സർക്കാരിന് ഓക്സിജൻ വിതരണം ചെയ്യാൻ നിലവിലെ രീതി തുടരാം എന്നും കോടതി പറഞ്ഞു.
നേരത്തെ, തലസ്ഥാനത്തെ ഓക്സിജൻ വിതരണം സംബന്ധിച്ച വാദം കേൾക്കുന്നതിനിടെ വിവിധ സംസ്ഥാനങ്ങളിലെ ഓക്സിജന്റെ ആവശ്യകത അറിയാൻ ഓഡിറ്റ് നടത്താൻ ഉത്തരവിടണമെന്ന് കേന്ദ്രം സുപ്രീം കോടതിയോട് ആവശ്യപ്പെട്ടിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.