ന്യൂഡല്‍ഹി: ഐഎസ്ആര്‍ഒ ചാരക്കേസില്‍ മുന്‍ ഡിജിപി ഉള്‍പ്പെടെ നാലു പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ച ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി. 1994 ലെ ഐഎസ്ആര്‍ഒ ചാരക്കേസില്‍ ശാസ്ത്രജ്ഞന് നമ്പി നാരായണനെ പ്രതിയാക്കാനുള്ള ഗൂഢാലോചന കേസിലാണ് കോടതി നടപടി.
ജസ്റ്റിസുമാരായ എം.ആര്.ഷാ, സി.ടി.രവികുമാര്‍ എന്നിവരടങ്ങിയ ബെഞ്ച് ഹര്‍ജികള്‍ കേസ് വീണ്ടും പരിഗണിക്കാന്‍ ഹൈക്കോടതിയിലേക്ക് തിരിച്ചയച്ചതായി ബാര്‍ ആന്‍ഡ് ബെഞ്ച് റിപോര്‍ട്ട് ചെയ്യുന്നു. പ്രതികള്‍ക്ക് ഇളവ് അനുവദിച്ച കേരള ഹൈക്കോടതി ഉത്തരവിനെതിരെ സിബിഐ നല്കിയ ഹര്‍ജിയിലാണ് ഉത്തരവ്. പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷകള്‍ വ്യക്തിഗതമായി പരിഗണിക്കുന്നതിനായി കോടതി കേസ് വീണ്ടും കേരള ഹൈക്കോടതിയിലേക്ക് മാറ്റി. നാലാഴ്ചയ്ക്കകം ഹര്‍ജി തീര്‍പ്പാക്കണം. അഞ്ചാഴ്ചത്തേക്ക് അറസ്റ്റ് പാടില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി.
‘മുന്‍കൂര്‍ ജാമ്യാപേക്ഷകളിലെ ഹൈക്കോടതിയുടെ ഉത്തരവ് റദ്ദാക്കുന്നു. ഞങ്ങളുടെ നിരീക്ഷണങ്ങളുടെ വെളിച്ചത്തില്‍ പുതിയ തീരുമാനം എടുക്കുന്നതിനായി വിഷയം ഹൈക്കോടതിയിലേക്ക് അയക്കുന്നു. നാലാഴ്ചയ്ക്കുള്ളില്‍ ഹൈക്കോടതി ഈ വിഷയത്തില്‍ തീര്‍പ്പുണ്ടാക്കുന്നതാണ് നല്ലത്, ”സുപ്രീം കോടതിയുടെ വിധിന്യായത്തില്‍ പറഞ്ഞു.
ഐഎസ്ആര്‍ഒ മുന്‍ ശാസ്ത്രജ്ഞന് നമ്പി നാരായണനെ 1994ലെ ചാരക്കേസില്‍ പ്രതിയാക്കാനുള്ള ഗൂഢാലോചനയുമായി ബന്ധപ്പെട്ട് സിബിഐ അന്വേഷിക്കുന്ന കേസില്‍ ഗുജറാത്ത് മുന്‍ ഡിജിപി ആര് ബി ശ്രീകുമാറിനും മറ്റ് മൂന്നുപേര്‍ക്കും കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു.
”ഹര്‍ജിക്കാര്‍ ഏതെങ്കിലും വിദേശ ശക്തിയാല്‍ സ്വാധീനിക്കപ്പെട്ടുവെന്നതിന് തെളിവുകളുടെ ഒരു തുമ്പും പോലുമില്ല. ക്രയോജനിക് എഞ്ചിന് വികസിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ഐഎസ്ആര്‍ഒയുടെ പ്രവര്‍ത്തനങ്ങള്‍ സ്തംഭിപ്പിക്കുക എന്ന ഉദ്ദേശത്തോടെ ഐഎസ്ആര്‍ഒയിലെ ശാസ്ത്രജ്ഞരെ പ്രതിക്കൂട്ടിലാക്കി” കേസില്‍ പ്രതി ചേര്‍ത്ത വിരമിച്ച നാല് ഉദ്യോഗസ്ഥര്‍ക്ക് ജാമ്യം അനുവദിച്ചുകൊണ്ട് ജസ്റ്റിസ് അശോക് മേനോന് പറഞ്ഞു. ഇന്റലിജന്‍സ് ബ്യൂറോ മുന്‍ ഡപ്യൂട്ടി ഡയറക്ടര്‍ ആര്.ബി ശ്രീകുമാര്‍ ഉള്‍പ്പെടെ മുന്‍ ഡെപ്യൂട്ടി സെന്‍ട്രല്‍ ഇന്റലിജന്‍സ് ഓഫീസര്‍ പി എസ് ജയപ്രകാശ്, മുന്‍ കേരള പോലീസ് ഓഫീസര്‍മാരായ എസ് വിജയന്, തമ്പി എസ് ദുര്‍ഗാ ദത്ത് എന്നിവരാണ് മുന്‍കൂര്‍ ജാമ്യം നേടിയ മറ്റുള്ളവര്‍.