ന്യൂഡല്‍ഹി: ഗോ സംരക്ഷണത്തിന്റെ പേരില്‍ നടക്കുന്ന അക്രമങ്ങള്‍ തടയാന്‍ രാജ്യത്ത് എല്ലാ ജില്ലകളിലും സംസ്ഥാന സര്‍ക്കാര്‍ ഒക്ടോബര്‍ 13നകം മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരെ നിയമിക്കണമെന്ന് സുപ്രിംകോടതിയുടെ ഉത്തരവ്. ഗോസംരക്ഷണത്തിന്റെ പേരില്‍ ഇരയാക്കപ്പെടുന്നവര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു.

ഗോസംരക്ഷണത്തിന്റെ പേരില്‍ രാജ്യത്ത് അക്രമങ്ങള്‍ വര്‍ദ്ധിക്കുകയും ഗോസംരക്ഷകര്‍ നിയമം കയ്യിലെടുക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് കോടതിയുടെ ഇടപെടല്‍. ഒരാഴ്ച്ചയ്ക്ക് അകം ഓരോ സംസ്ഥാനങ്ങളും എന്ത് നടപടികളാണ് സ്വീകരിക്കുക എന്ന് കോടതിയെ അറിയിക്കണം. പശുക്കളെ വാഹനത്തില്‍ കൊണ്ടുപോകുമ്പോള്‍ നിരത്തില്‍ വഴി തടയുന്നതിനെതിരെ എങ്ങനെ നടപടി സ്വീകരിക്കുമെന്നും അറിയിക്കണം.

മൂന്ന് വര്‍ഷം മുമ്പ് ബിജെപി അധികാരത്തില്‍ എത്തിയതിന് പിന്നാലെയാണ് രാജ്യത്ത് ഗോരക്ഷാ അക്രമികളുടെ വിളയാട്ടം ആരംഭിച്ചത്. കശാപ്പിനെതിരെ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുന്നതും ഗോരക്ഷാ അക്രമികള്‍ക്ക് വളമായി. തുടര്‍ന്നാണ് പശുവിനെ നിയമപരമായി കൊണ്ടു പോകുന്നത് അടക്കമുളള വാഹനങ്ങള്‍ തടഞ്ഞ് ഗോരക്ഷാ അക്രമികള്‍ അക്രമം നടത്തുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook