ന്യൂഡല്‍ഹി: അയോധ്യ ഭൂമി തര്‍ക്കത്തില്‍ പരിഹാരം കണ്ടെത്തുന്നതിന് കോടതിയുടെ നിരീക്ഷണത്തില്‍ മധ്യസ്ഥത വേണോ എന്ന കാര്യത്തില്‍ സുപ്രീം കോടതി വിധി ഇന്ന്. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ചാണ് വിധി പറയുക.
ഭൂമിതര്‍ക്ക കേസില്‍ രമ്യമായ പരിഹാരം കണ്ടെത്തണമെന്നാണ് സുപ്രീം കോടതി നിലപാട്. അതിൽ കക്ഷികള്‍ക്ക് മധ്യസ്ഥരെ നിർദേശിക്കാമെന്നും ചീഫ് ജസ്റ്റിസ് അറിയിച്ചിരുന്നു. കോടതി നിർദേശപ്രകാരം കക്ഷികള്‍ എല്ലാം മധ്യസ്ഥ ചര്‍ച്ചയ്ക്കായുള്ള പാനല്‍ നിർദേശിച്ചിട്ടുണ്ട്. മുന്‍ ചീഫ് ജസ്റ്റിസുമാരായ ദീപക് മിശ്ര, ജെ.എസ്.കഹാര്‍, ജസ്റ്റിസ് എ.കെ.പട്‌നായിക് എന്നിവരുടെ പേരുകള്‍ ഹിന്ദുമഹാസഭ നിർദേശിച്ചു. ജസ്റ്റിസുമാരായ കുര്യന്‍ ജോസഫ്, എ.കെ.പട്‌നായിക്, ജി.എസ്.സിങ്‌വി എന്നിവരുടെ പേരുകള്‍ നിര്‍മോഹി അഖാഡ മുന്നോട്ടു വച്ചു.
മധ്യസ്ഥരെ നിയോഗിക്കണമെന്ന സുപ്രീം കോടതി നിലപാടില്‍ ഹിന്ദു സംഘടനകള്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. രാമക്ഷേത്രം നിര്‍മ്മിക്കുന്നതില്‍ കുറഞ്ഞ ഒത്തുതീര്‍പ്പിനില്ലെന്ന് ഹിന്ദു മഹാസഭയും മധ്യസ്ഥനീക്കത്തോട് യോജിപ്പെന്ന് മുസ്‌ലിം സംഘടനകളും വ്യക്തമാക്കിയിട്ടുണ്ട്.
വിശ്വാസവും ആചാരവും സംബന്ധിച്ച വിഷയങ്ങളില്‍ ഒത്തുതീര്‍പ്പ് സാധ്യമല്ലെന്നാണ് കേസില്‍ കക്ഷിയായ രാംലല്ല കോടതിയില്‍ വ്യക്തമാക്കിയത്. ഒത്തുതീര്‍പ്പിന് സാധ്യതയുണ്ടെങ്കിലേ മധ്യസ്ഥ ചര്‍ച്ചകള്‍ക്ക് വിടാവൂ എന്ന നിലപാടായിരുന്നു യുപി സര്‍ക്കാരും സ്വീകരിച്ചിരുന്നത്. എന്നാല്‍ മധ്യസ്ഥ ചര്‍ച്ചകളോട് സഹകരിക്കാമെന്ന നിലപാടായിരുന്നു സുന്നി വഖഫ് ബോര്‍ഡിന്റേത്.
അന്തിമ വിധി വന്നാല്‍ കോടതിക്ക് ഒന്നും ചെയ്യാന്‍ കഴിയില്ലെന്നും അതിനാലാണ് ഒത്തുതീര്‍പ്പ് ശ്രമങ്ങള്‍ നടത്തുന്നതെന്നും കോടതി വ്യക്തമാക്കിയിരുന്നു. മധ്യസ്ഥ ചര്‍ച്ചകളെ മുന്‍വിധിയോടെ കാണേണ്ടതില്ല. ചര്‍ച്ചകള്‍ക്കായി ഒന്നിലധികം അംഗങ്ങളുള്ള സമിതിയെ ആയിരിക്കും നിയോഗിക്കുക. ഈ സമിതി അതിന്റെ രഹസ്യസ്വഭാവം കാത്തുസൂക്ഷിക്കുന്നതായിരിക്കുമെന്നും കോടതി വ്യക്തമാക്കിയിരുന്നു.