ന്യൂഡൽഹി: ആധാറിന് നിയമസാധുതയുണ്ടെന്ന 2018 ലെ ഭരണഘടനാ ബെഞ്ചിന്റെ വിധിക്ക് എതിരായ പുനഃപരിശോധനാ ഹർജികൾ സുപ്രീംകോടതി തള്ളി. ഹർജി ഇനി പരിഗണിക്കേണ്ടതില്ലെന്ന് ഭരണഘടനാ ബെഞ്ചിലെ നാല് ജഡ്ജിമാർ വിധിച്ചപ്പോൾ, ജസ്റ്റിസ് ചന്ദ്രചൂഢ് മാത്രം ഇതിനോട് വിയോജിപ്പ് പ്രകടിപ്പിച്ചു. ജസ്റ്റിസ് എൻ എ. എം. ഖാൻവിൽക്കർ അദ്ധ്യക്ഷനായ അഞ്ചംഗ ബെഞ്ച് 4.1 ഭൂരിപക്ഷ വിധിയിലാണ് ഹർജികൾ തള്ളിയത്. ഖാൻവിൽക്കറിനൊപ്പം ജസ്റ്റിസുമാരായ അശോക് ഭൂഷൺ, എസ്. അബ്ദുൾ നസീർ, ബി.ആർ. ഗവായി എന്നിവരും വിധി പുനഃപരിശോധിക്കേണ്ടതില്ലെന്ന് വിധിച്ചു.

2018ൽ ഭിന്നവിധിയെഴുതിയ ജസ്റ്റിസ് ഡി. വൈ. ചന്ദ്രചൂഢ് പുനഃപരിശോധനാ ഹർജിയിലും മുൻ നിലപാട് ആവർത്തിച്ചു. “ഈ കേസിൽ വിശദമായ വാദം കേൾക്കാനും എല്ലാ വാദങ്ങളുടെയും പൊരുൾ പരിശോധിക്കാനും അന്തിമതീരുമാനം എടുക്കാനും വിശാലബഞ്ചിലേക്ക് വിടുകയാണ് ഉചിതം. അത് നിഷേധിക്കുന്നത് ഭരണഘടനാതത്വങ്ങളുടെ നിഷേധമാകും.”

Read More: ജനാധിപത്യം മഹത്തരമെന്ന് ബൈഡൻ; ചരിത്രമെഴുതി കമല

എന്നാൽ നേരത്തേ പുറപ്പെടുവിച്ച വിധി എന്തുകൊണ്ട് പുനഃപരിശോധിക്കണം എന്ന് കോടതിയെ ബോധിപ്പിക്കാൻ ഹർജിക്കാർക്ക് കഴിഞ്ഞില്ല എന്നാണ് മറ്റ് നാല് ന്യായാധിപരും എഴുതിയത്. രണ്ട് പേജുള്ള വിധിന്യായമാണ് നാല് ന്യായാധിപരും ചേർന്ന് പുറത്തുവിട്ടിരിക്കുന്നത്.

2018ൽ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ എ.കെ. സിക്രി, എ.എം. ഖാൻവിൽക്കർ എന്നിവരാണ് ആധാർ ഭരണഘടനാപരമാണെന്ന് ഭൂരിപക്ഷ വിധി നൽകിയത്. ജസ്റ്റിസ് അശോക് ഭൂഷൺ അതിനോടു യോജിച്ചുകൊണ്ടു മറ്റൊരു വിധിയുമെഴുതി.

സാമൂഹ്യ ക്ഷേമ പദ്ധതികൾക്ക് ആധാർ നിർബന്ധമാണെന്നും ബാങ്ക് അക്കൗണ്ട്, മൊബൈൽ കണക്‌ഷൻ എന്നിവയ്ക്ക് നിർബന്ധമല്ലെന്നും ഭൂരിപക്ഷം വിധിച്ചപ്പോൾ ആധാർ പദ്ധതി തന്നെ ഭരണഘടനാപരമല്ലെന്നാണ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് വിധിയെഴുതിയത്. സാങ്കേതിക വിദ്യയുടെ മാറ്റങ്ങളുടെ പേരിൽ ഭരണഘടന ഉറപ്പുനൽകുന്ന അവകാശങ്ങൾ അടിയറവയ്ക്കരുതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

രാജ്യസഭയിൽ ഭൂരിപക്ഷം ഇല്ലാത്തതിനാൽ 2016 മാർച്ച് 12ന് ആധാർ ബിൽ മണി ബില്ലായാണ് കേന്ദ്രം ലോക്‌സഭയിൽ പാസാക്കിയത്. മണി ബില്ലിന് രാജ്യസഭയുടെ അംഗീകാരം ആവശ്യമില്ല. ആധാർ മണിബില്ലായി അംഗീകരിച്ച ലോക്‌സഭാ സ്പീക്കറുടെ തീരുമാനം കോടതിയിൽ ചോദ്യം ചെയ്യാൻ പറ്റാത്തതാണോ,​ ആധാർ നിയമം മണിബില്ലായി അംഗീകരിച്ചത് ഭരണഘടനയുടെ 110 ( 1)​ വകുപ്പ് പ്രകാരം സാധുവാണോ എന്നതായിരുന്നു 2018ലെ അഞ്ചംഗ ബെഞ്ച് പരിഗണിച്ചത്. സ്പീക്കറുടെ തീരുമാനം പ്രത്യേക സാഹചര്യങ്ങളിൽ മാത്രമേ കോടതിയിൽ ചോദ്യം ചെയ്യാനാവൂ എന്നും ആധാർ നിയമം മണി ബില്ലായി അംഗീകരിച്ചത് ശരിയാണെന്നുമായിരുന്നു ആ ബെഞ്ചിന്റെ ഭൂരിപക്ഷ വിധി. ഇതിൽ രണ്ടാമത്തെ നിഗമനത്തെയാണ് അന്നും ജസ്റ്റിസ് ചന്ദ്രചൂഢ് എതി‌ത്തത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook