ന്യൂഡൽഹി: ദീപാവലിക്ക് പടക്കങ്ങൾ വിൽക്കാനോ പൊട്ടിക്കാനോ പാടില്ലെന്ന കൊൽക്കത്ത ഹൈക്കോടതി വിധിക്കെതിരായ ഹർജി സുപ്രീം കോടതി തള്ളി. ആഘോഷങ്ങളും ഉത്സവങ്ങളും സുപ്രധാനമാണെന്നും എന്നാൽ, കോവിഡ് പ്രതിസന്ധിയുടെ ഈ കാലത്ത് ജീവിതം തന്നെ അപകടകരമായ അവസ്ഥയിലൂടെയാണ് കടന്നുപോകുന്നതെന്നും കോടതി പറഞ്ഞു. ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ്, ഇന്ദിര ബാനർജി എന്നിവരുടെ ബഞ്ചാണ് ഹർജി പരിഗണിച്ചത്.

“നമുക്കറിയാം ഈ ആഘോഷങ്ങളും ഉത്സവങ്ങളും വളരെ പ്രധാനപ്പെട്ടവയാണ്…പക്ഷേ, നമ്മൾ ഇപ്പോൾ ആയിരിക്കുന്നത് വളരെ അപകടകരമായ അവസ്ഥയിലാണ്. ജീവൻ സംരക്ഷിക്കുക എന്നതിനാണ് കൂടുതൽ മുൻഗണന. അതിനേക്കാൾ ഗൗരവമുള്ള മറ്റൊന്നും ഇല്ല,” ജസ്റ്റിസ് ചന്ദ്രചൂഡ് പറഞ്ഞു.

Read Also: കലിപ്പടക്കാൻ ആരാധകർ, കപ്പടിക്കാൻ ടീം; കേരള ബ്ലാസ്റ്റേഴ്സിന്റെ പദ്ധതികളും പ്രതീക്ഷകളും

കഴിഞ്ഞ ആഴ്‌ചയാണ് ദീപാവലി പോലുള്ള ആഘോഷങ്ങൾക്ക് പടക്കം പൊട്ടിക്കുകയോ വിൽക്കുകയോ ചെയ്യരുതെന്ന് കൊൽക്കത്ത ഹെെക്കോടതി വിധി പുറപ്പെടുവിച്ചത്. കോവിഡ് പ്രതിസന്ധി പരിഗണിച്ചാണ് ഇത്തരമൊരു വിധി. ഉത്സവങ്ങളുടെ പേരിൽ പടക്ക വിൽപ്പനയും മറ്റും നടന്നാൽ അത് സാമൂഹിക അകലം ലംഘിക്കപ്പെടുന്നതിലും കോവിഡ് വ്യാപനത്തിനും ഇടയാക്കുമെന്ന് കോടതി നിരീക്ഷിച്ചു.

കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ രാജസ്ഥാൻ, കർണാടക, ഹരിയാന, ഡൽഹി, ഒഡീഷ തുടങ്ങിയ സംസ്ഥാനങ്ങളും പടക്ക വിൽപ്പനയ്‌ക്കും പടക്കങ്ങൾ പൊട്ടിക്കുന്നതിനും വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. ദീപാവലി ആഘോഷങ്ങൾക്കും നിയന്ത്രണമുണ്ടാകും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook