ന്യൂഡൽഹി: കോൺഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധിയെ അപകീർത്തിപ്പെടുത്തിയെന്ന് ആരോപിച്ച് തനിക്കെതിരായി ഫയൽ ചെയ്ത എഫ്ഐആർ റദ്ദാക്കണമെന്നും, കേസ് അന്വേഷണം സിബിഐയ്ക്ക് കൈമാറണമെന്നും ആവശ്യപ്പെട്ടുകൊണ്ട് റിപ്പബ്ലിക് ടിവി സ്ഥാപകനും എഡിറ്ററുമായ അര്‍ണബ് ഗോസ്വാമി സമർപ്പിച്ച ഹർജി സുപ്രീം കോടതി തള്ളി.

ഏപ്രിൽ 14 ന് ബാന്ദ്ര റെയിൽവേ സ്റ്റേഷന് പുറത്ത് അതിഥി തൊഴിലാളികൾ ഒത്തുചേരുന്നതുമായി ബന്ധപ്പെട്ട ടിവി ഷോയിൽ വർഗീയ വിദ്വേഷം സൃഷ്ടിക്കുന്ന തരത്തിലുള്ള പരാമർശം നടത്തിയെന്ന് ആരോപിച്ച് അർണബ് ഗോസ്വാമിക്കെതിരെ കേസെടുത്തിരുന്നു. ഇതിനു പുറമേ പാല്‍ഘര്‍ ആള്‍ക്കൂട്ട കൊലപാതവുമായി ബന്ധപ്പെട്ട് നടത്തിയ ചാനല്‍ ചര്‍ച്ചക്കിടെ സോണിയ ഗാന്ധിക്കെതിരെ അധിക്ഷേപകരമായ പരാമര്‍ശം അര്‍ണബ് ഗോസ്വാമി നടത്തിയിരുന്നു. മൗലവിമാരും ക്രിസ്ത്യന്‍ വൈദികന്മാരും ഇത്തരത്തില്‍ കൊല ചെയ്യപ്പെടുമ്പോള്‍ ഈ രാജ്യം മൗനം തുടരുമോയെന്നും ഇറ്റലിയിലെ അന്റോണിയ മൈനോ (സോണിയ ഗാന്ധി) അപ്പോഴും നിശബ്ദയായിരിക്കുമോ എന്നാണ് തനിക്ക് അറിയേണ്ടത് എന്നുമായിരുന്നു അര്‍ണബ് ചാനല്‍ ചര്‍ച്ചക്കിടെ ചോദിച്ചത്.

Read More: അർണബ് ഗോസ്വാമിക്കെതിക്കെതിരേ പഞ്ചാബിലും എഫ്ഐആർ

അറസ്റ്റിൽ നിന്ന് അർണബ് ഗോസ്വാമിയുടെ ഇടക്കാല സംരക്ഷണം മൂന്നാഴ്ച നീട്ടിയ സുപ്രീം കോടതി, മാധ്യമസ്വാതന്ത്ര്യം മൗലിക അവകാശമാണെന്നും എന്നാൽ അര്‍ണബിന്റെ പരാമര്‍ശം അതിന്റെ പരിധിയില്‍പ്പെടുന്നതല്ലെന്നും പറഞ്ഞു. വിവിധ സംസ്ഥാനങ്ങളില്‍ അര്‍ണബിനെതിരെ എഫ്ഐആറുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇത് റദ്ദാക്കണെമെന്നാവശ്യപ്പെട്ടായിരുന്നു അര്‍ണബ് സുപ്രീം കോടതിയെ സമീപിച്ചത്.

കേസില്‍ വാദം കേള്‍ക്കല്‍ സുപ്രീം കോടതി നേരത്തെ പൂര്‍ത്തിയാക്കിയതാണ്. കേസിന്റെ വിധി പറയുന്നത് മേയ് 19 ലേക്ക് മാറ്റിവയ്ക്കുകയായിരുന്നു. ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡും എം.ആര്‍.ഷായുമാണ് വിധി പ്രസ്താവിച്ചത്.

നേരത്തെ നടന്ന വാദം കേൾക്കലിനിടെ, അർണബ് ഗോസ്വാമിക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ഹരീഷ് സാൽവേ, അന്വേഷണം സിബിഐക്ക് കൈമാറണമെന്ന് കോടതിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഈ ആവശ്യവും കോടതി തള്ളി. ഈ കേസുകളില്‍ അന്വേഷണം നടത്താനുള്ള അവകാശം പൊലീസിനുണ്ടെന്നും അര്‍ണബിന് എഫ്ഐആര്‍ റദ്ദാക്കി കിട്ടണമെങ്കില്‍ ബോംബെ ഹൈക്കോടതിയെ സമീപിക്കാമെന്നും സുപ്രീം കോടതി വ്യക്തമാക്കി.

Read in English: SC refuses to quash FIRs against Arnab Goswami, no transfer of probe to CBI

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook