ന്യൂഡൽഹി: സാമൂഹ്യ ക്ഷേമ പദ്ധതികൾക്ക് ആധാർ നിർബന്ധമാക്കാനുളള നീക്കത്തിനെതിരെ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാൻ സുപ്രീംകോടതി വിസമ്മതിച്ചു. ആധാര്‍ ഇല്ലാത്തിന്റെ പേരില്‍ ക്ഷേമപദ്ധതികളുടെ പ്രയോജനം ആർക്കങ്കിലും നിഷധിക്കപ്പെട്ടിട്ടുണ്ടോയെന്നു വ്യക്തമാക്കാതെ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാന്‍ കഴിയില്ലെന്ന് സുപ്രീം കോടതി ബഞ്ച് വ്യക്തമാക്കി. ക്ഷേമപദ്ധതികൾക്ക് ആധാര്‍ നിര്‍ബന്ധമാക്കിക്കൊണ്ടുള്ള സര്‍ക്കാര്‍ വിജ്ഞാപനങ്ങള്‍ ചോദ്യംചെയ്ത് സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയാണ് സുപ്രീം കോടതി പരിഗണിച്ചത്.

ആധാർ ഇല്ലാത്തതിന്റെ പേരിൽ ആർക്കും ആനുകൂല്യങ്ങൾ നിഷേധിച്ചിട്ടില്ലെന്നും ആധാർ ഇല്ലാത്തവർക്ക് മറ്റ് തിരിച്ചറിയൽ രേഖകൾ ഉപയോഗിക്കാൻ അനുമതി നൽകിയിട്ടുണ്ടെന്നും അധികൃതർ കോടതിയെ അറിയിച്ചു. സർക്കാർ പദ്ധതികൾക്ക് ആധാർ നിർബന്ധമാക്കുന്നതിനുളള സമയപരിധി ജൂൺ 30 ൽനിന്ന് സെപ്റ്റംബർ 30 ലേക്ക് നീട്ടിയതായും വ്യക്തമാക്കി. അതേസമയം, വിഷയം ജൂലൈ ഏഴിന് വീണ്ടും പരിഗണിക്കുമെന്ന് സുപ്രീം കോടതി അറിയിച്ചു.

സാമൂഹ്യക്ഷേമ പദ്ധതികൾ, സ്കോളർഷിപ്പുകൾ, ഗ്യാസ് സ്ബ്സിഡി എന്നിവയ്ക്ക് ആധാർ നിർബന്ധമാക്കിയ കേന്ദ്ര സർക്കാർ ഉത്തരവ് ചോദ്യം ചെയ്തുകൊണ്ട് സാമൂഹ്യ പ്രവർത്തകർ നൽകിയ ഹർജിയാണ് സുപ്രീംകോടതിയുടെ പരിഗണനയിലുളളത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ