ന്യൂഡൽഹി: ദീപാവലി പടക്കനിരോധനത്തിന് വർഗീയ പരിവേഷം നൽകിയത് സങ്കടകരവും വേദനാജനകവുമാണെന്ന് സുപ്രീംകോടതി. വിധിക്ക് ചിലർ മതത്തിന്‍റെ നിറം നൽകിയത് സങ്കടകരമാണെന്നും പുന:പരിശോധനാ ഹരജി തള്ളിക്കൊണ്ട് സുപ്രീംകോടതി വ്യക്തമാക്കി.

ദീപാവലിയോട് അനുബന്ധിച്ച് പടക്ക കച്ചവടം നടത്താൻ കഴിഞ്ഞില്ലെങ്കിൽ ലക്ഷങ്ങളുടെ നഷ്‌ടമുണ്ടാകുമെന്ന് വ്യാപാരികൾ വാദിച്ചെങ്കിലും കോടതി ഇത് അംഗീകരിക്കാൻ തയ്യാറായില്ല. എന്നാൽ ഇതിനോടകം വിൽപ്പന നടത്തിയ പടക്കങ്ങൾ ഉപയോഗിക്കുന്നതിൽ പ്രശ്‌നമില്ലെന്നും കോടതി പറഞ്ഞു. പടക്കങ്ങൾ നിരോധിക്കാനുള്ള കോടതി ഉത്തരവിനെ വർഗീയമായി ചിത്രീകരിക്കാൻ ചിലർ ശ്രമിച്ചെന്ന് ചൂണ്ടിക്കാട്ടിയ കോടതി ഇത്തരം നടപടികൾ ദൗർഭാഗ്യകരമാണെന്നും ചൂണ്ടിക്കാട്ടി.

പടക്ക വില്‍പ്പന നടത്താന്‍ വ്യാപാരികള്‍ക്ക് അല്‍പ്പം കൂടി സമയം അനുവദിക്കണമെന്ന് വ്യാപാരികള്‍ക്കുവേണ്ടി ഹാജരായ അഭിഭാഷകന്‍ മുകുള്‍ റോഹ്ത്തഗി ആവശ്യപ്പെട്ടു. എന്നാല്‍ കോടതി ഇതും നിരാകരിച്ചു. നിരോധനത്തില്‍ ഇളവ് വരുത്തില്ല. ഇത് ഒരു പരീക്ഷണമാണ്. ദീപാവലിക്ക് ശേഷം സ്ഥിതിഗതികള്‍ വിലയിരുത്തുമെന്നും കോടതി വ്യക്തമാക്കി.

മലിനീകരണ നിയന്ത്രണ നടപടികളുടെ ഭാഗമായി നവംബര്‍ ഒന്ന് വരെയാണ് ഡല്‍ഹിയില്‍ പടക്ക വില്‍പ്പനയ്ക്ക് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ നിരോധനത്തിനെതിരെ നിരവധി പേര്‍ രംഗത്തെത്തി. ഹിന്ദുക്കളുടെ ആഘോഷത്തിന് മാത്രം എന്തിന് നിയന്ത്രണങ്ങള്‍ വരുത്തുന്നുവെന്നായിരുന്നു എഴുത്തുകാരന്‍ ചേതന്‍ ഭഗതിന്റെ പ്രതികരണം. ഹിന്ദുക്കള്‍ വേട്ടയാടപ്പെടുന്നുവെന്ന് യോഗ ഗുരു രാംദേവ് അഭിപ്രായപ്പെട്ടിരുന്നു. അതേസമയം ശശി തരൂര്‍ അടക്കമുള്ള ദേശീയ നേതാക്കള്‍ നിരോധനത്തെ പിന്തുണച്ചു കൊണ്ടാണ് രംഗത്തെത്തിയത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ