ന്യൂഡൽഹി: രാജ്യത്തെ എട്ട് സംസ്ഥാനങ്ങളിൽ ഹൈന്ദവരെ ന്യൂനപക്ഷമായി പ്രഖ്യാപിക്കണമെന്ന ഹർജി സുപ്രീം കോടതി ഫയലിൽ സ്വീകരിച്ചില്ല. ഈ ആവശ്യം പരിഗണിക്കാനാവില്ലെന്ന് വ്യക്തമാക്കിയ പരമോന്നത കോടതി ന്യൂനപക്ഷ കമ്മിഷനെ സമീപിക്കാൻ ഹർജിക്കാരനോട് ആവശ്യപ്പെട്ടു.

ബിജെപി നേതാവും അഭിഭാഷകനുമായ അശ്വനി കുമാർ ഉപാദ്ധ്യായ ആണ് ഹർജി സമർപ്പിച്ചത്. ലക്ഷദ്വീപ്, മിസോറാം, നാഗാലാന്റ്, മേഘാലയ, ജമ്മു കാശ്മീർ, അരുണാചൽ പ്രദേശ്, മണിപ്പൂർ, പഞ്ചാബ് എന്നിവിടങ്ങിലെ ഹിന്ദു മതവിഭാഗക്കാരെ ന്യൂനപക്ഷമായി പ്രഖ്യാപിക്കണമെന്നായിരുന്നു ഹർജിയിലെ ആവശ്യം.

മിസോറാമിലും നാഗാലാന്റിലും മേഘാലയയിലും ക്രിസ്ത്യൻ മതവിഭാഗമാണ് കൂടുതലെന്ന് ഹർജിയിൽ പറയുന്നു. അരുണാചൽ, ഗോവ, കേരള, മണിപ്പൂർ, തമിഴ്നാട്, വെസ്റ്റ് ബംഗാൾ എന്നിവിടങ്ങളിലെ ജനസംഖ്യയിലും നല്ല ഭാഗം ക്രിസ്ത്യാനികളാണ്. പക്ഷെ ഇവരെ ന്യൂനപക്ഷമായാണ് കണക്കാക്കുന്നത്. പഞ്ചാബിൽ സിഖ് മതക്കാരാണ് കൂടുതലെന്നും ഡൽഹിയിലും ഹരിയാനയിലും ഇവർ താരതമ്യേന കൂടുതലാണെന്നും ഹർജിയിൽ പറയുന്നു.

2011 ലെ സെൻസസ് പ്രകാരം ഹിന്ദു മതവിഭാഗക്കാർ, ലക്ഷദ്വീപ് (2.5%), മിസോറാം (2.75%), നാഗാലാന്റ് (8.75%), മേഘാലയ (11.53%), ജമ്മു കാശ്മീർ (28.44%), അരുണാചൽ പ്രദേശ് (29%), മണിപ്പൂർ (31.39%), പഞ്ചാബ് (38.40%) എന്നീ സംസ്ഥാനങ്ങളിൽ ന്യൂനപക്ഷമാണ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ