ന്യൂഡൽഹി: ബാബറി മസ്ജിദ് കേസിൽ സീനിയർ ബിജെപി നേതാക്കളായ എൽ.കെ. അദ്വാനിയും മുരളി മനോഹർ ജോഷിയും ഉമാഭാരതിയും അടക്കം 32 പേരെ വെറുതെവിട്ടുകൊണ്ടുള്ള വിധി പറഞ്ഞ പ്രത്യേക കോടതി മുൻ ജഡ്ജി എസ്.കെ. യാദവിന് സുരക്ഷാ സംവിധാനങ്ങൾ നീട്ടിനൽകാൻ സുപ്രീം കോടതി വിസമ്മതിച്ചു. ഈ വിധി പറഞ്ഞതിനു പിന്നാലെ യാദവ് ജഡ്ജി സ്ഥാനത്തു നിന്നു വിരമിച്ചിരുന്നു.

തനിക്കു വ്യക്തിഗത സുരക്ഷ നീട്ടി നൽകണമെന്ന അദ്ദേഹത്തിന്‍റെ അഭ്യർഥന ജസ്റ്റിസുമാരായ ആർ.എഫ്. നരിമാൻ, നവീൻ സിൻഹ, കൃഷ്ണ മുരാരി എന്നിവരുടെ ബെഞ്ച് നിരസിക്കുകയായിരുന്നു. ഇങ്ങനെ സുരക്ഷ ഏർപ്പെടുത്തുന്നത് ഉചിതമല്ലെന്നായിരുന്നു കോടതിയുടെ അഭിപ്രായം

സെപ്റ്റംബർ 30 ന് 2,300 പേജുള്ള ഉത്തരവിൽ, യാദവ് പ്രതികളുടെ ഫോട്ടോകൾ, വീഡിയോകൾ, പ്രസംഗങ്ങൾ എന്നിവയിൽ നിന്നുള്ള തെളിവുകൾ നിരസിക്കുകയും പ്രോസിക്യൂഷന്റെ നിഗമനങ്ങളെ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. സംഭവത്തിൽ പാകിസ്ഥാൻ രഹസ്യാന്വേഷണ ഏജൻസികളുടെയും സാമൂഹിക വിരുദ്ധരുടെയും പങ്കാളിത്തത്തെക്കുറിച്ച് പരാമർശിക്കുകയും തീവ്രവാദികൾ കർ സേവകരുടെ വേഷം ധരിച്ച് ബാബറിയിൽ പ്രവേശിക്കുയായിരുന്നു എന്ന് പറയുകയും ചെയ്തിരുന്നു.

Read More: ‘ബിജെപി പത്ത് കോടി നൽകി’; മുൻ കോൺഗ്രസ് എംഎൽഎയുടെ വീഡിയോ പുറത്ത്

പള്ളി പൊളിക്കാൻ ആസൂത്രണം ചെയ്യുന്നതിനായി പ്രതികൾ “ഒരു മുറിക്കുള്ളിൽ” കൂടിക്കാഴ്ച നടത്തിയതിന് തെളിവുകളില്ലെന്നും ഉത്തരവിൽ പറയുന്നു.

പൊളിച്ചുമാറ്റുന്നതിന്റെ വീഡിയോകൾ ഫോറൻസിക് പരിശോധനയ്ക്കായി അയച്ചിട്ടില്ലെന്നും അന്ന് എടുത്ത ചിത്രങ്ങളുടെ നെഗറ്റീവുകൾ ഹാജരാക്കിയിട്ടില്ലെന്നും അതിനാൽ അവ തെളിവായി ആശ്രയിക്കാനാവില്ലെന്നും ജഡ്ജി വിധിച്ചു.

“രേഖകളിലുള്ള എല്ലാ തെളിവുകളും വിശകലനം ചെയ്തു. പ്രതികൾക്കെതിരായ കുറ്റകൃത്യങ്ങൾ സ്ഥാപിക്കാൻ കഴിഞ്ഞില്ല,” യാദവ് തന്റെ ഉത്തരവിൽ ഹിന്ദിയിൽ എഴുതിയിട്ടുണ്ട്.

യാദവ് പാസാക്കിയ അവസാന ഉത്തരവാണിത്. കഴിഞ്ഞ വർഷം വിരമിച്ച അദ്ദേഹം സുപ്രീം കോടതിയുടെ നിർദേശപ്രകാരം കാലാവധി നീട്ടുകയായിരുന്നു. സുപ്രീംകോടതിയിലെ അഞ്ച് ജഡ്ജിമാരുടെ ബെഞ്ച് ഏകകണ്ഠമായെടുത്ത തീരുമാനത്തിൽ അയോദ്ധ്യയിലെ തർക്ക ഭൂമിയി രാമക്ഷേത്രം പണിയുന്നതിനുള്ള അവകാശം ട്രസ്റ്റിന് നൽകിയതിന് ശേഷമാണ് ഉത്തരവ്.

ഹിന്ദുക്കളും മുസ്ലീങ്ങളും അവകാശപ്പെടുന്ന 2.77 ഏക്കർ ഭൂമി ക്ഷേത്രം പണിയുന്നതിനായി ട്രസ്റ്റിന് കൈമാറുമെന്ന് കഴിഞ്ഞ വർഷം സുപ്രീംകോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് വിധിച്ചിരുന്നു.

പള്ളി പണിയുന്നതിനായി അയോദ്ധ്യയിലെ മറ്റൊരു സ്ഥലത്ത് അഞ്ച് ഏക്കർ സ്ഥലം അനുവദിക്കാനും സുപ്രീം കോടതി ഉത്തരവിട്ടിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook