ബെംഗളൂരു: അന്തരിച്ച തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ മകളെന്ന് തെളിയിക്കാൻ തനിക്കൊരു അവസരം നൽകണമെന്ന ആവശ്യവുമായി യുവതി സുപ്രീംകോടതിയിൽ. ബെംഗളൂരു സ്വദേശിയായ അമൃത സരസ്വതി (37) ആണ് ഇക്കാര്യം ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചത്. ഡിഎൻഎ ടെസ്റ്റ് നടത്തിയാൽ താൻ ജയലളിതയുടെ മകളാണെന്ന് തെളിയുമെന്ന് യുവതി സുപ്രീംകോടതിയിൽ സർപ്പിച്ച ഹർജിയിൽ പറയുന്നു. അതേസമയം, ഹർജിയിൽ തന്റെ പിതാവ് ആരാണെന്ന കാര്യം യുവതി വ്യക്തമാക്കിയിട്ടില്ല.

”1980 ഓഗസ്റ്റ് 14 ന് ബ്രാഹ്മണ കുടുംബത്തിലാണ് ഞാൻ ജനിച്ചത്. സമൂഹത്തിൽ കുടുംബത്തിന്റെ അന്തസ്സിന് കോട്ടം തട്ടുമെന്ന് കരുതിയാണ് തന്റെ അമ്മ ആരാണെന്ന രഹസ്യം കുടുംബക്കാർ മറച്ചുവച്ചത്” അമൃത ഹർജിയിൽ പറയുന്നു.

ഹർജി പരിഗണിക്കാൻ വിസമ്മതിച്ച കോടതി യുവതിയോട് കർണാടക ഹൈക്കോടതിയെ സമീപിക്കാൻ ആവശ്യപ്പെട്ടു. ഈ വിഷയത്തിൽ സുപ്രീംകോടതിക്ക് നിലവിൽ ഇടപെടാനാകില്ലെന്നും അറിയിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ