ന്യൂഡൽഹി: കോടതിയലക്ഷ്യ കേസിലെ തടവുശിക്ഷ പുന:പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ജസ്റ്റിസ് സി.എസ് കർണൻ നൽകിയ ഹരജി സ്വീകരിക്കാനാവില്ലെന്ന് സുപ്രീംകോടതി. സുപ്രീംകോടതി കർണന് വിധിച്ച ആറുമാസത്തെ തടവ് ശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് സുപ്രീംകോടതിയിൽ ഹരജി നൽകിയത്. എന്നാൽ ഹരജി സ്വീകരിക്കാനാവില്ലെന്ന് സുപ്രീംകോടതി രജസ്ട്രി കർണന്റെ അഭിഭാഷകനെ അറിയിക്കുകയായിരുന്നു.
കർണന്റെ പുന:പരിശോധന ഹരജി ഉടൻ പരിഗണക്കണമെന്ന ആവശ്യം സുപ്രീംകോടതി നിരാകരിച്ചിരുന്നു. നിരന്തരമായി ഈ ആവശ്യം ഉന്നയിച്ചാൽ കടുത്ത നടപടികൾ നേരിടേണ്ടി വരുമെന്ന് കർണന്റെ അഭിഭാഷകന് കോടതി മുന്നറിയിപ്പ് നൽകി.
സുപ്രീംകോടതിയുടെ ഏഴംഗ ഭരണഘടന ബെഞ്ചാണ് കർണന് ആറ് മാസത്തെ തടവ് ശിക്ഷ വിധിച്ചത്. കർണനെ എത്രയും പെട്ടെന്ന് അറസ്റ്റ് ചെയ്യാൻ ബംഗാൾ പൊലീസിന് കോടതി നിർദ്ദേശം നൽകിയിരുന്നു. എന്നാൽ വിധിയെ തുടർന്ന് ഒളിവിൽ പോയ ജസ്റ്റിസ് കർണനെ അറസ്റ്റ് ചെയ്യാൻ ഇതുവരെ പൊലീസിന് സാധിച്ചിട്ടില്ല.