ന്യൂഡല്‍ഹി: പട്ടിക ജാതി-വർഗ വിഭാഗങ്ങൾക്കെതിരായ അതിക്രമം തടയൽ നിയമ പ്രകാരമുള്ള കേസുകളിൽ അറസ്റ്റിന് മുൻകൂർ അനുമതി വേണമെന്ന വിധി സുപ്രീം കോടതി പുനഃപരിശോധിക്കും. ഇത്തരം സംഭവങ്ങളിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്യുന്നതിനു മുൻപ് പ്രാഥമിക അന്വേഷണം നടത്തണമെന്ന് ഉത്തരവ് കോടതി റദ്ദാക്കി. സുപ്രീം കോടതി വിധിക്കെതിരെ കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ പുനഃപരിശോധനാ ഹര്‍ജി മൂന്നംഗ ബഞ്ച് ഫയലില്‍ സ്വീകരിച്ചു.

2018 മാര്‍ച്ച് 20 ന് സുപ്രീം കോടതി പുറപ്പെടുവിച്ച വിധിയാണ് പുനഃപരിശോധിക്കുക. ജസ്റ്റിസുമാരായ അരുണ്‍ മിശ്ര, എം.ആര്‍.ഷാ, ബി.ആര്‍.ഗവി എന്നിവരടങ്ങിയ ബഞ്ചാണ് പുനഃപരിശോധനാ ഹർജി ഫയലിൽ സ്വീകരിക്കാന്‍ തീരുമാനിച്ചത്. രാജ്യത്തെ പട്ടിക ജാതി-വിഭാഗങ്ങൾ ഇപ്പാേഴും തൊട്ടുകൂടായ്‌മയും അധിക്ഷേപവും സാമൂഹ്യപരമായ അകറ്റിനിർത്തലും നേരിടുന്നുണ്ടെന്ന് ബഞ്ച് നിരീക്ഷിച്ചു.

പട്ടിക ജാതി പട്ടിക വര്‍ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് നേരെയുണ്ടാകുന്ന അതിക്രമങ്ങള്‍ക്കെതിരെ ഉടൻ കേസെടുക്കണമെന്ന നിയമത്തില്‍ ഭേദഗതി വരുത്തിക്കൊണ്ടുള്ള സുപ്രീം കോടതി വിധി പുറത്തുവരുന്നത് മാര്‍ച്ച് 20നാണ്.

Read Also: പട്ടിക ജാതി പട്ടിക വര്‍ഗ നിയമഭേദഗതി : വിധിയിലുറച്ച് സുപ്രീം കോടതി

1989 ലെ  എസ്‌സി-എസ്‌ടി ആക്‌ട് പ്രകാരം  പട്ടിക ജാതി-പട്ടിക വർഗ വിഭാഗക്കാർക്കെതിരായ അതിക്രമങ്ങളിൽ മുൻകൂർ അനുമതിയില്ലാതെ അറസ്റ്റ് ചെയ്യാൻ അനുവാദമുണ്ടായിരുന്നു.  ഇതാണ് സുപ്രീം കോടതി നേരത്തെ റദ്ദാക്കിയത്. പ്രാഥമിക അന്വേഷണത്തിനുശേഷം മാത്രമേ അറസ്റ്റ് ചെയ്യാന്‍ പാടൂവെന്നായിരുന്നു 2018 ലെ കോടതി വിധി. ഈ വിധി പുനഃപരിശോധിക്കണമെന്നാണ് അറ്റോര്‍ണി ജനറല്‍ കെ.കെ.വേണുഗോപാല്‍ ഹര്‍ജിയില്‍ ആവശ്യപ്പെട്ടത്.

വിധിക്കെതിരെ ശക്തമായ പ്രതിഷേധവുമായി എസ്‌സി-എസ്‌ടി വിഭാഗക്കാർ രംഗത്തെത്തിയിരുന്നു. സുപ്രീം കോടതി ഉത്തരവിനെതിരെ വ്യാപക പ്രതിഷേധമുയര്‍ന്നതോടെ വിധി മറികടക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്റിൽ നിയമഭേദഗതി ബിൽ പാസാക്കിയെടുക്കുകയും ചെയ്തു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook