ന്യൂഡൽഹി: രാജ്യതലസ്ഥാനം നേരിടുന്ന ഏറ്റവും വലിയ പ്രശ്നമാണ് വായുമലിനീകരണം. ജനജീവതത്തെ തന്നെ ബാധിച്ച മലിനീകരണത്തിനെതിരെ ആഞ്ഞടിച്ചിരിക്കുകയാണ് പരമോന്നത കോടതി. ജനങ്ങളെ മരിക്കൻ വിട്ടിട്ട് സർക്കാരുകൾ ദന്തഗോപുരങ്ങളിലിരുന്ന് ഭരിക്കുകയാണെന്ന് സുപ്രീംകോടതി പറഞ്ഞു.

കേന്ദ്ര, ഡല്‍ഹി, ഹരിയാന, പഞ്ചാബ്, ഉത്തര്‍പ്രദേശ് സര്‍ക്കാരുകള്‍ക്കെതിരെയായിരുന്നു കോടതിയുടെ കടുത്ത പരാമര്‍ശം. നിലവിലെ സാഹചര്യത്തിന്റെ പൂർണ ഉത്തരവാദിത്തം സർക്കാരുകൾക്കാണെന്നും ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ ബെഞ്ച് പറഞ്ഞു.

Also Read: പൊലീസുകാർക്കു പിന്നാലെ ഡൽഹിയിൽ അഭിഭാഷകരും പ്രതിഷേധവുമായി തെരുവിൽ; സമരം രാജസ്ഥാനിലേക്കും

“മലിനീകരണം മൂലം ജനങ്ങളെ ഇത്തരത്തിൽ മരിക്കാൻ വിടാമോ? 100 വർഷം പിന്നോട്ട് പോകാൻ രാജ്യത്തെ അനുവദിക്കാമോ? കോടതി ചോദിച്ചു. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കാത്തതാണ് പ്രശ്‌നം ഗുരുതരമാകാന്‍ കാരണം. അവരെ ശിക്ഷിക്കേണ്ട സമയം അതിക്രമിച്ചു,” ജസ്റ്റിസ് അരുൺ മിശ്ര പറഞ്ഞു.

ജനങ്ങളെപ്പറ്റി ചിന്തിക്കാത്തവർക്ക് അധികാരത്തിൽ തുടരാനും അവകാശമില്ല. ഒരു ജനാധിപത്യ സർക്കാരിൽനിന്ന് ഇതല്ല പ്രതീക്ഷിക്കുന്നത്. ജനങ്ങൾ അവരുടെ വീടുകളിൽ പോലും സുരക്ഷതരല്ലെന്നതിൽ നിങ്ങൾക്ക് ലജ്ജ തോന്നുന്നില്ലെയെന്നും കോടതി.

Also Read: കൂടംകുളത്തിനു മാത്രമല്ല ഇസ്രോയ്ക്കും സൈബർ ആക്രമണ മുന്നറിയിപ്പ് നൽകി

ഡല്‍ഹി, പഞ്ചാബ്, ഹരിയാന ചീഫ് സെക്രട്ടറിമാരുടെ സാന്നിധ്യത്തിലായിരുന്നു കേസില്‍ വാദം കേട്ടത്. ഡല്‍ഹിയിലെ മലിനീകരണത്തിന് കാരണം അയല്‍ സംസ്ഥാനങ്ങളിലെ പാടങ്ങളിൽ വൈക്കോലിന് തീയിടുന്നത് കൊണ്ടാണെന്ന് എല്ലാവര്‍ക്കുമറിയാം. എന്തുകൊണ്ടാണ് അതിന് അവര്‍ക്ക് ആവശ്യമുള്ള യന്ത്രങ്ങള്‍ നല്‍കാതിരുന്നതെന്നും കഴിഞ്ഞ ഒരു വര്‍ഷം മുഴുവനും ഇതിനെതിരെ സർക്കാരുകൾ ഒന്നും ചെയ്തിട്ടില്ലെന്ന് വ്യക്തമാണെന്നും കോടതി പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook