ന്യൂഡൽഹി: സ്ത്രീധന- ഗാർഹിക പീഡന കേസുകളില്‍ സെക്ഷന്‍ 498 (എ) പ്രകാരം ഉടനടി അറസ്റ്റ് പാടില്ലെന്ന് സുപ്രിംകോടതി. ഭാര്യയുടെ പരാതിപ്രകാരം ഭര്‍തൃ വീട്ടുകാരെ ഉപദ്രവിക്കാന്‍ പലപ്പോഴും സെക്ഷന്‍ 498 (എ) പ്രകാരമുളള നടപടി ദുരുപയോഗം ചെയ്യപ്പെടുന്നതായി കോടതി നിരീക്ഷിച്ചു.
ജസ്റ്റിസ് എകെ ഗോയല്‍ അദ്ധ്യക്ഷനായ ബെഞ്ചാണ് സുപ്രധാനമായ നിരീക്ഷണം നടത്തിയത്. ജില്ലാ തലത്തിൽ രൂപീകരിക്കുന്ന കുടുംബക്ഷേമ സമിതികൾ പരിശോധിച്ചതിനു ശേഷം മാത്രമേ ഇത്തരം കേസുകളിൽ അറസ്റ്റ് നടത്താന്‍ പാടുളളു എന്നും കോടതി ഉത്തരവിട്ടു.
ഇത്തരം കമ്മറ്റികള്‍ ആദ്യം ചെയ്യേണ്ടത് ഇരു വിഭാഗവുമായും നേരിട്ടോ ഫോണ്‍ മുഖേനെയോ മറ്റ് സങ്കേതങ്ങളിലൂടേയോ ബന്ധപ്പെട്ട് കാര്യങ്ങള്‍ ചോദിച്ചറിയണം. തുടര്‍ന്ന് ഒരു മാസത്തിനുളളില്‍ കമ്മറ്റി പൊലീസിനോ മജിസ്ട്രേറ്റിനോ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കോടതി നിര്‍ദേശിക്കുന്നു. കമ്മറ്റിയുടെ റിപ്പോര്‍ട്ട് ലഭിക്കുന്നത് വരെ ഒരു അറസ്റ്റും ഉണ്ടാവാന്‍ പാടില്ല.
അതാത് സ്ഥലത്തെ അന്വേഷണ ചുമതലയുളള ഉദ്യോഗസ്ഥന് മാത്രമായിരിക്കണം സെക്ഷന്‍ 498 (എ) അനുസരിച്ചുള കേസുകള്‍ അന്വേഷിക്കേണ്ടത്. അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കുറഞ്ഞത് ഒരാഴ്ച്ചയെങ്കിലും വിഷയവുമായി ബന്ധപ്പെട്ട പരിശീലനം ഉണ്ടായിരിക്കണമെന്നും കോടതി വ്യക്തമാക്കി. ഇത്തരം കേസുകളിലെ ജാമ്യ നടപടികളെ കുറിച്ചും കോടതി നിര്‍ദേശം നല്കി.
ഭർത്താവിന്റെയും ഭർതൃവീട്ടുകാരുടെയും പീഡനത്തെ തുടർന്ന് സ്ത്രീകൾ കൊല്ലപ്പെടുകയോ ആത്മഹത്യ ചെയ്യുകയോ സംഭവിച്ചാൽ സ്വീകരിക്കേണ്ട നടപടിയായാണ് ഗാർഹിക പീഡനം തടയുന്ന നിയമത്തിൽ ക്രിമനൽ നടപടി ചട്ടം ഉൾപ്പെടുത്തിയത്. എന്നാൽ, ഈ വ്യവസ്ഥ ചൂണ്ടിക്കാട്ടി സ്ത്രീകൾ ഗാർഹിക പീഡനം ആരോപിച്ച് പരാതി നൽകിയാലുടൻ അറസ്റ്റ് ചെയ്യാറാണ് പതിവ്. അതുകൊണ്ട് തന്നെ വ്യാജ പരാതികള്‍ നല്കി ദുരുപയോഗം ചെയ്യുന്നതിനെ തടയാനാണ് കോടതിയുടെ ഇടപെടല്‍.