ന്യൂഡല്‍ഹി: അഭിഭാഷക എല്‍ വിക്ടോറിയ ഗൗരിയെ മദ്രാസ് ഹൈക്കോടതി ജഡ്ജിയായി ഉയര്‍ത്താനുള്ള ശിപാര്‍ശയ്ക്കെതിരായ ഹര്‍ജി സുപ്രീം കോടതി നാളെ പരിഗണിക്കും. വിക്ടോറിയ ഗൗരിയുടെ ബി ജെ പി ബന്ധം ആരോപിച്ചാണു ഹരജിക്കാര്‍ കോടതിയെ സമീപിച്ചത്.
ചില സംഭവവികാസങ്ങള്‍ നടന്നതായി വിഷയം പരാമര്‍ശിച്ച അഭിഭാഷകനോട് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് പറഞ്ഞു.
”മദ്രാസ് ഹൈക്കോടതി കൊളീജിയത്തിന്റെ ശിപാര്‍ശ പ്രകാരമുള്ള ഞങ്ങളുടെ ശിപാര്‍ശകള്‍ക്കു രൂപം നല്‍കിയശേഷമുണ്ടായ കാര്യങ്ങള്‍ കൊളീജിയം മനസിലാക്കിയിട്ടുണ്ട്. നമുക്കു ചെയ്യാന്‍ കഴിയുന്നത് നാളെ രാവിലത്തേക്ക് ഈ വിഷയം ലിസ്റ്റ് ചെയ്യാമെന്നതാണ്,” ചീഫ് ജസ്റ്റിസ് പറഞ്ഞു.
”ഞാന്‍ ഒരു ബെഞ്ച് രൂപീകരിക്കും. വിഷയം നാളെ രാവിലെ ഉചിതമായ ബെഞ്ചിന് മുമ്പാകെ പോകട്ടെ,” ചീഫ് ജസ്റ്റിസ് പറഞ്ഞു. ജസ്റ്റിസുമാരായ പി എസ് നരസിംഹ, ജെ ബി പര്‍ദിവാല എന്നിവര്‍ കൂടി ഉള്‍പ്പെട്ടതായിരുന്നു വിഷയം നാളത്തേക്കു ലിസ്റ്റ് ചെയ്ത ബെഞ്ച്.
ഇന്നു രാവിലെയാണു വിഷയം ആദ്യം കോടതിയില്‍ പരാമര്‍ശിക്കപ്പെട്ടത്. വിഷയം ഫെബ്രുവരി 10നു വാദം കേള്‍ക്കാന്‍ കോടതി മാറ്റി. എന്നാല്‍, മദ്രാസ് ഹൈക്കോടതി അഡീഷണല്‍ ജഡ്ജിയായി അഭിഭാഷക ഗൗരിയെ നിയമിച്ചതായി സര്‍ക്കാര്‍ വിജ്ഞാപനം ചെയ്തതായി ചൂണ്ടിക്കാട്ടി ഹര്‍ജിക്കാര്‍ വീണ്ടും കോടതിയെ സമീപിക്കുകയായിരുന്നു. ഇതോടെയാണു ഹര്‍ജി നാളത്തേക്കു ലിസ്റ്റ് ചെയ്തത്.
ഉച്ചയ്ക്ക് 12.12നാണു നിയമനം വിജ്ഞാപനം ചെയ്തതെന്നും ഈ ഘട്ടത്തിലും കോടതിക്ക് ഇടപെടാമെന്നും ഹര്‍ജിക്കാര്‍ക്കുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ രാജു രാമചന്ദ്രന്‍ ബെഞ്ചിനെ അറിയിച്ചു. അനുയോജ്യതയെ അടിസ്ഥാനമാക്കിയല്ല യോഗ്യതയെ അടിസ്ഥാനമാക്കിയാണ് തന്റെ വാദമെന്നും അദ്ദേഹം പറഞ്ഞു.
മദ്രാസ് ഹൈക്കോടതിയിലേക്ക് ഉയര്‍ത്തുന്നതിനായി വിക്ടോറിയ ഗൗരി ഉള്‍പ്പെടെ അഞ്ചുപേരുകള്‍ ജനുവരി 17നാണു ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ എസ് കെ കൗള്‍, കെ എം ജോസഫ് എന്നിവരടങ്ങുന്ന സുപ്രീം കോടതി കൊളീജിയം ശിപാര്‍ശ ചെയ്തത്. തുടര്‍ന്ന്, വിക്ടോറിയ ഗൗരിയുടെ പേര് പട്ടികയില്‍നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിയിലെ 21 അഭിഭാഷകരുടെ സംഘം രാഷ്ട്രപതി ദ്രൗപതി മുര്‍മുവിനും സുപ്രീം കോടതി കൊളീജിയത്തിനും കത്തെഴുതിയിരുന്നു.