ന്യൂഡൽഹി: ദയാവധത്തിന് അനുമതി നൽകിക്കൊണ്ട് സുപ്രീംകോടതിയുടെ സുപ്രധാന വിധി. അഞ്ചംഗ ഭരണഘടന ബെഞ്ചാണ് ദയാവധത്തിന് അനുമതി നൽകിയത്. ദയാവധം നിയമപരമായി നടത്താമെന്ന് കോടതി നിർദ്ദേശിച്ചു. കർശന ഉപാധികളോടെ മാത്രമായിരിക്കും ദയാവധത്തിനുളള അനുമതി നൽകുക എന്നും സുപ്രീംകോടതി നിർദ്ദേശിച്ചു. കോമൺ കോസ് എന്ന സംഘടന നൽകിയ പൊതുതാൽപ്പര്യ ഹർജിയിലാണ് കോടതിയുടെ സുപ്രധാന വിധി.
അന്തസോടെയുളള മരണം ഓരോ പൗരന്റെയും മൗലികാവകാശമാണെന്ന് കോടതി നിരീക്ഷിച്ചു. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് ദയാവധത്തിന് അനുമതി നൽകിയിരിക്കുന്നത്. അഞ്ച് ജഡ്ജിമാരും വ്യത്യസ്ത വിധികൾ പുറപ്പെടുവിച്ചെങ്കിലും ദയാവധം അനുവദിക്കുന്ന കാര്യത്തിൽ യോജപ്പിലെത്തുകയായിരുന്നു. മരണതാല്‍പര്യപത്രം അനുസരിച്ച് ഉപാധികളോടെ ദയാവധം നടപ്പാക്കാമെന്ന് സുപ്രീം കോടതി വ്യക്തമാക്കി.
ജീവിതത്തിലേക്ക് തിരിച്ച് വരാൻ ഒരു സാധ്യതയും ഇല്ലെന്ന് മെഡിക്കൽ ബോർഡ് സാക്ഷ്യപ്പെടുത്തിയാൽ മാത്രമേ ദയാവധത്തിന് അനുമതി നൽകാൻ കഴിയുളളൂ. ജില്ലാ മജിസ്ട്രേറ്റ് രൂപീകരിക്കുന്ന മെഡിക്കൽ ബോർഡായിരിക്കും പരിശോധനകൾ നടത്തുക. ഈ മെഡിക്കൽ ബോർഡ് നൽകുന്ന റിപ്പോർട്ട് പരിഗണിച്ചായിരിക്കും ദയാവധം നൽകുക. മെഡിക്കൽ റിപ്പോർട്ട് ഹൈക്കോടതിയിൽ സമർപ്പിക്കുകയും ഹൈക്കോടതി ഇത് സംബന്ധിച്ച് അന്തിമ തീരുമാനം എടുക്കുകയും ചെയ്യുമെന്നാണ് സുപ്രീം കോടതിയുടെ വിധി.
ജീവിതത്തിലേക്ക് മടങ്ങി വരാൻ ആരോഗ്യ പ്രശ്നങ്ങൾ അനുവദിക്കില്ല എന്ന സാഹചര്യത്തിൽ ഉപകരണങ്ങൾ കൊണ്ട് ജീവൻ നിലനിർത്തുന്ന രോഗികൾക്ക് മുൻകൂർ മരണതാൽപര്യം രേഖപ്പെടുത്താനും അതനുസരിച്ച് ദയാവധം അനുവദിക്കാനുമാണ് കോടതി ഉത്തരവ്. വെന്റിലേറ്ററിന്റെ സഹായത്തോടെ ഒരാള്‍ ജീവിക്കണമെന്ന് എങ്ങനെ നിര്‍ബന്ധിക്കാന്‍ കഴിയുമെന്നും സംഘടന ഹര്‍ജിയില്‍ ചോദിച്ചിരുന്നു.