ന്യൂഡല്‍ഹി: സിബിഐ ഡയറക്ടര്‍ അലോക് വർമ്മയ്ക്കെതിരായ സെന്‍ട്രല്‍ വിജിലന്‍സ് കമ്മീഷന്‍ (സിവിസി) റിപ്പോര്‍ട്ട് സമഗ്രമെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്. കേന്ദ്രസര്‍ക്കാരിന് സമ്മതമാണെങ്കില്‍ റിപ്പോര്‍ട്ട് പരസ്യപ്പെടുത്താമെന്നും കോടതി പറഞ്ഞു. അലോക് വര്‍മ, എജി, സോളിസിറ്റര്‍ ജനറല്‍ എന്നിവര്‍ക്ക് റിപ്പോര്‍ട്ട് കൈമാറാന്‍ കോടതി നിര്‍ദേശിച്ചു. അലോക് വർമ്മയോട് മുദ്രവച്ച കവറില്‍ മറുപടി സമര്‍പ്പിക്കാനും കോടതി നിര്‍ദേശിച്ചു. റിപ്പോര്‍ട്ടിന്റെ രഹസ്യാത്മകത സൂക്ഷിക്കണമെന്നും കോടതി അറിയിച്ചു.

സിവിസിയുടെ റിപ്പോര്‍ട്ടിന്‍ മേല്‍ നവംബര്‍ 19നകം അലോക് വർമ്മ മറുപടി നല്‍കണമെന്നാണ് കോടതി ആവശ്യപ്പെട്ടത്. അടുത്ത വാദം കേള്‍ക്കാനായി കേസ് നവംബര്‍ 20ലേക്ക് മാറ്റി.

ചില കുറ്റാരോപണങ്ങളില്‍ കൂടുതല്‍ അന്വേഷണം ആവശ്യമാണെന്ന് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് അദ്ധ്യക്ഷനായ ബെഞ്ച് അറിയിച്ചു. സിവിസി റിപ്പോര്‍ട്ട് തനിക്കും നല്‍കണമെന്ന സ്പെഷ്യല്‍ സിബിഐ ഡയറക്ടര്‍ രാകേഷ് അസ്താനയുടെ ആവശ്യം കോടതി തളളി. സിബിഐ ഡയറക്ടര്‍ ചുമതലയില്‍ നിന്നും തന്നെ ഒഴിവാക്കിയ കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനെതിരെ അലോക് വര്‍മയാണ് കോടതിയെ സമീപിച്ചത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook