/indian-express-malayalam/media/media_files/uploads/2021/06/Supreme-Court-2-1.jpg)
ന്യൂഡല്‍ഹി: ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി (ഐടി) നിയമത്തിലെ റദ്ദാക്കിയ 66 എ വകുപ്പ് പ്രകാരം കേസെടുക്കുന്നത് തുടരുന്നുവെന്ന ഹര്‍ജിയില്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും ഹൈക്കോടതികളിലെ റജിസ്ട്രാര്‍ ജനറല്‍മാര്‍ക്കും നോട്ടീസ് പുറപ്പെടുവിച്ച് സുപ്രീം കോടതി.
66 എ പ്രകാരം ആളുകള്‍ക്കെതിരെ കേസെടുക്കുന്നത് അന്തിമമായി അവസാനിപ്പിക്കുന്നതിനു സമഗ്രമായ ഉത്തരവ് പുറപ്പെടുവിക്കുമെന്നു ജസ്റ്റിസുമാരായ ആര്‍.എഫ്.നരിമാന്‍, ബി.ആര്‍.ഗവായി എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ച് വ്യക്തമാക്കി. പീപ്പിള്‍ യൂണിയന്‍ ഫോര്‍ സിവില്‍ ലിബര്‍ട്ടീസ് (പിയുസിഎല്‍) ആണ് കോടതിയെ സമീപിച്ചത്.
റദ്ദാക്കിയ വകുപ്പ് ഉപയോഗിക്കുന്നതു പൊലീസ് സ്റ്റേഷനുകളില്‍ മാത്രമല്ല, വിചാരണ കോടതികളിലും തുടരുകയാണെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. ഇതിനു മറുപടിയായി ''ജുഡീഷ്യറിയെ നമുക്ക് പ്രത്യേകം ശ്രദ്ധിക്കാം, പക്ഷേ പൊലീസുമുണ്ട്. ഇത് തുടരാന്‍ പാടില്ലാത്തതിനാല്‍ ശരിയായ ഉത്തരവ് ആവശ്യമാണ്,'' എന്ന് കോടതി അഭിപ്രായപ്പെട്ടു. കേസ് നാലാഴ്ചയ്ക്കുശേഷം കൂടുതല്‍ വാദം കേള്‍ക്കാനായി ലിസ്റ്റ് ചെയ്തു.
റദ്ദാക്കിയ വ്യവസ്ഥ പ്രകാരം കേസുകള്‍ രജിസ്റ്റര്‍ ചെയ്യരുതെന്നും അത്തരം ഏതെങ്കിലും കേസ് ഫയല്‍ ചെയ്തിട്ടുണ്ടെങ്കില്‍ പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നേരത്തെ സംസ്ഥാനങ്ങള്‍ക്കു കത്തയച്ചിരുന്നു.
''രണ്ടായിരത്തിലെ ഐടി നിയമത്തിലെ റദ്ദാക്കിയ 66 എ പ്രകാരം കേസുകള്‍ രജിസ്റ്റര്‍ ചെയ്യരുതെന്ന് എല്ലാ പൊലീസ് സ്റ്റേഷനുകള്‍ക്കും നിര്‍ദേശം നല്‍കണമെന്ന് സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും കേന്ദ്ര ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്. 2015 മാര്‍ച്ച് 24നു സുപ്രീം കോടതി പുറപ്പെടുവിച്ച ഉത്തരവ് പാലിക്കാന്‍ നിയമ നിര്‍വഹണ ഏജന്‍സികളെ ബോധവല്‍ക്കരിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്,'' കേന്ദ്ര ആഭ്യന്തര മന്ത്രാലയം നേരത്തെ പുറപ്പെടുവിച്ച പ്രസ്താവനയില്‍ പറഞ്ഞിരുന്നു. 66 എ വകുപ്പ് തുടര്‍ച്ചയായി ഉപയോഗിക്കുന്നതില്‍ സുപ്രീം കോടതി ജൂലൈ അഞ്ചിനു ഞെട്ടല്‍ രേഖപ്പെടുത്തിയതിന് പിന്നാലെയായിരുന്നു ഇത്.
Also Read: കൊട്ടിയൂർ പീഡനം: വിവാഹത്തിനു ജാമ്യം: കൊട്ടിയൂര്‍ കേസ് പ്രതിയുടെയും പെണ്‍കുട്ടിയുടെയും ഹര്‍ജി തള്ളി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.