ന്യൂഡല്‍ഹി: ഗുജറാത്തിലെ ഗോധ്രാനന്തര കലാപ കേസുകളില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് 2002-2003 മുതല്‍ തീര്‍പ്പുകല്‍പ്പിക്കാത്ത 11 ഹര്‍ജികള്‍ സുപ്രീം കോടതി തീര്‍പ്പാക്കി. ഈ വിഷയത്തിലെ തുടര്‍ന്നുള്ള സംഭവവികാസങ്ങള്‍ കണക്കിലെടുത്ത് ഹര്‍ജികള്‍ അപ്രസക്തമായെന്നു ചൂണ്ടിക്കാട്ടിയാണു നടപടി.
അന്വേഷണം സി ബി ഐക്കു വിടണമെന്നായിരുന്നു പ്രധാന ഹര്‍ജിയിലെ ആവശ്യം. അതു ഹൈക്കോടതി തള്ളിയതാണെന്നും ഇക്കാര്യത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മിഷന്റെ (എന്‍ എച്ച് ആര്‍ സി) ഹര്‍ജിയുണ്ടെന്നും ചീഫ് ജസ്റ്റിസ് യു യു ലളിത് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് ചൂണ്ടിക്കാട്ടി.
ഈ വിഷയങ്ങള്‍ പരിഗണിച്ച കോടതി ഒന്‍പതു പ്രധാന കേസുകള്‍ അന്വേഷിക്കുന്നതിനും പ്രോസിക്യൂട്ട് ചെയ്യുന്നതിനും പ്രത്യേക അന്വേഷണ സംഘത്തെ (എസ് ഐ ടി) നിയോഗിച്ചിട്ടുണ്ടെന്നും ജസ്റ്റിസ് എസ് രവീന്ദ്ര ഭട്ട്, ജെ ബി പര്‍ദിവാല എന്നിവര്‍ കൂടി ഉള്‍പ്പെട്ട ബെഞ്ച് പറഞ്ഞു.
ഈ ഒന്‍പതു കേസുകളില്‍ എട്ടെണ്ണത്തിലും വിചാരണ കോടതികള്‍ വിചാരണ അവസാനിപ്പിച്ചതായി പ്രത്യേക അന്വേഷണ സംഘത്തിനു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ മുകുള്‍ റോത്തഗി ചൂണ്ടിക്കാട്ടി. നരോദ ഗാവ് കേസില്‍ മാത്രമാണ് വിചാരണ നിലനില്‍ക്കുന്നതെന്നും വാദംകേള്‍ക്കല്‍ അവസാന ഘട്ടത്തിലാണെന്നും അദ്ദേഹം പറഞ്ഞു.
കാര്യങ്ങള്‍ ഇപ്പോള്‍ അപ്രസക്തമായതായി ഹരജിക്കാര്‍ക്കും അപ്പീലുകാര്‍ക്കും വേണ്ടി ഹാജരായ അഭിഭാഷകന്‍ സ്പഷ്ടമായി അംഗീകരിച്ചിട്ടുണ്ടെന്നും’ ആക്ടിവിസ്റ്റ് ടീസ്റ്റ സെതല്‍വാദിന്റെ സംരക്ഷണം പുനഃസ്ഥാപിക്കുന്നതിനുള്ള ഹര്‍ജി പരിഗണക്കുന്നത് ഒരുപക്ഷേ ആവശ്യമായി വന്നേക്കാമെന്നും കോടതി ചൂണ്ടിക്കാട്ടി. .
”എല്ലാ കാര്യങ്ങളും ഇപ്പോള്‍ നിഷ്ഫലമായതിനാല്‍, ഈ ഹര്‍ജികള്‍ ഇനി പരിഗണിക്കേണ്ടതില്ലെന്നാണ് ഈ കോടതിയുടെ നിലപാട്. നിഷ്ഫലമായതിനാല്‍ തീര്‍പ്പാക്കി,” ബെഞ്ച് ഉത്തരവില്‍ പറഞ്ഞു. അതേസമയം, നരോദ ഗാവ് കേസിന്റെ വിചാരണ നിയമാനുസൃതമായാണ് നടക്കുന്നതെന്നും ഇതിനായി എസ് ഐ ടിക്ക് ഉചിതമായ നടപടികള്‍ സ്വീകരിക്കാമെന്നും കോടതി നിര്‍ദേശിച്ചു.
സംരക്ഷണം പുനഃസ്ഥാപിക്കുന്നതു സംബന്ധിച്ച് ഉചിതമായ ഹര്‍ജി നല്‍കാന്‍ ടീസ്റ്റ സെതല്‍വാദിനു സ്വാതന്ത്ര്യമുണ്ടെന്നും അത്തരമൊരു അപേക്ഷ ലഭിച്ചാല്‍, ബന്ധപ്പെട്ട അധികൃതര്‍ അത് നിയമാനുസൃതമായി കൈകാര്യം ചെയ്യുമെന്നും കോടതി ഉത്തരവില്‍ പറയുന്നു.