ന്യൂഡൽഹി: ഇക്കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ പ്രധാനമന്ത്രിക്കെതിരേ മത്സരിക്കാൻ ആഗ്രഹിച്ച മുൻ ബിഎസ്എഫ് ജവാന്റെ നാമനിർദേശ പത്രിക തള്ളിയ തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിയെ ചോദ്യം ചെയ്തുകൊണ്ടുള്ള ഹർജി തള്ളി. ബിഎസ്എഫ് ജവാനായിരുന്ന തേജ് ബഹാദുർ യാദവ് സമർപ്പിച്ച ഹർജിയാണ് തളളിയത്. ചീഫ് ജസ്റ്റിസ് എസ്.എ.ബോബ്ഡെ അധ്യക്ഷനായ മൂന്നംഗ ബെഞ്ചിന്റേതാണ് വിധി.
സേവനത്തിൽ നിന്നും പിരിച്ചുവിട്ട ബിഎസ്എഫ് ജവാൻ തേഹ് ബഹാദൂർ വാരണാസിയിൽ നിന്നും നരേന്ദ്ര മോദിക്കെതിരെ സമാജ്വാദി പാർട്ടി സ്ഥാനാർത്തിയായി മത്സരിക്കാൻ നാമനിർദേശ പത്രിക സമർപ്പിച്ചിരുന്നു. എന്നാൽ തിരഞ്ഞെടുപ്പ് കമ്മിഷൻ പത്രിക തള്ളുകയായിരുന്നു. പാനലിന്റെ തീരുമാനം റദ്ദാക്കണമെന്ന ആവശ്യം അലഹബാദ് ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു.
കഴിഞ്ഞയാഴ്ച, വാദം കേൾക്കുന്നത് മാറ്റിവയ്ക്കാനുള്ള അദ്ദേഹത്തിന്റെ അഭിഭാഷകന്റെ ആവശ്യം സുപ്രീം കോടതി നിരസിക്കുകയും ചെയ്തിരുന്നു.
“എന്തിനാണ് ഞങ്ങൾ നിങ്ങൾക്ക് വാദം കേൾക്കുന്നത് മാറ്റിവയ്ക്കുന്നതിനുള്ള സ്വാതന്ത്ര്യം നൽകുന്നത്? നിങ്ങൾ നിയമ പ്രക്രിയ ദുരുപയോഗം ചെയ്യുന്നു. നിങ്ങൾ തർക്കിക്കുന്നു, ”ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെയുടെ നേതൃത്വത്തിലുള്ള ബെഞ്ച് ബഹാദൂറിന്റെ അഭിഭാഷകനോട് പറഞ്ഞു.
സ്വതന്ത്ര സ്ഥാനാർത്ഥിയായും പിന്നീട് സമാജ്വാദി പാർട്ടി സ്ഥാനാർത്ഥിയായും ബഹദൂർ നാമനിർദേശം സമർപ്പിച്ചിരുന്നുവെന്ന് അഭിഭാഷകൻ വാദിച്ചു.
സൈനികർക്ക് നൽകുന്ന ഭക്ഷണത്തിന്റെ ഗുണനിലവാരത്തെക്കുറിച്ച് പരാതിപ്പെടുന്ന ഒരു വീഡിയോ ഓൺലൈനിൽ പോസ്റ്റ് ചെയ്തതിനെത്തുടർന്നാണ് 2017ൽ തേജ് ബഹാദുർ യാദവിനെ ബിഎസ്എഫിൽ നിന്ന് പുറത്താക്കിയത്.