ന്യൂഡല്‍ഹി: ആധാർ തിരിച്ചറിയൽ രേഖ ഭരണഘടനാവിധേയമാക്കിയ സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന്റെ വിധി ചരിത്രപരമെന്ന് കേന്ദ്ര ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്ലി. സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്ത അദ്ദേഹം ആധാര്‍ നടപ്പാക്കിയതുമൂലം സര്‍ക്കാരിന് പ്രതിവർഷം 90,000 കോടി രൂപ ലാഭിക്കാന്‍ സാധിച്ചുവെന്നും പറഞ്ഞു.

“ഇതൊരു ചരിത്ര വിധിയാണ്. ഏകീകൃത തിരിച്ചറിയല്‍ നമ്പര്‍ എന്ന ആശയത്തെ കോടതി അംഗീകരിച്ചിരിക്കുന്നു. ആധാറിനെ വിമർശിക്കുന്നവർ സങ്കേതികവിദ്യയെ മാറ്റിനിർത്താനാകില്ലെന്ന കാര്യം മനസിലാക്കണം.” ഡൽഹിയിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അതേസമയം ആധാർ വിഷയത്തില്‍ കോണ്‍ഗ്രസിനെ വിമര്‍ശിക്കാനും ജയ്റ്റ്ലി മറന്നില്ല. ആധാര്‍ എന്ന ആശയം അവതരിപ്പിച്ചത് കോൺഗ്രസാണെങ്കിലും, കഴിഞ്ഞ യുപിഎ സര്‍ക്കാരിന് എങ്ങനെയാണ് ഇത് കൈകാര്യം ചെയ്യേണ്ടതെന്ന് അറിവുണ്ടായിരുന്നില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. നിലവിലെ സര്‍ക്കാരാണ് ആധാറിന് ബലം നല്‍കിയതെന്നും അദ്ദേഹം അവകാശപ്പെട്ടു.

122 കോടി ആളുകള്‍ക്കാണ് ഇപ്പോള്‍ ആധാര്‍ ഉള്ളത്. സര്‍ക്കാരിന്റെ ആനുകൂല്യങ്ങള്‍ അനര്‍ഹരിലേക്ക് എത്തുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ ആധാര്‍ സഹായിക്കുന്നു. അനര്‍ഹരെ ഒഴിവാക്കാനും അതിലൂടെ 90,000 കോടി രൂപ വരെ ഓരോവര്‍ഷവും ലാഭിക്കാനും സര്‍ക്കാരിന് സാധിക്കുന്നുണ്ടെന്നും ജെയ്റ്റ്ലി പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook