ന്യൂഡൽഹി: സുപ്രീംകോടതിയിലെ പ്രതിസന്ധികളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ വ്യക്തിപരമല്ലെന്ന് ജസ്റ്റിസ് കുര്യൻ ജോസഫ്. സുപ്രീംകോടതിയുടെ പ്രവർത്തനവുമായി ബന്ധപ്പെട്ടതാണ് പ്രശ്നമെന്നും അതിനാൽ തന്നെ വേഗത്തിൽ പരിഹാരം കാണാനാണ് ശ്രമമെന്നും ജസ്റ്റിസ് കുര്യൻ ജോസഫ്.

“ഇതിൽ വ്യക്തിപരമായി യാതൊരു പ്രശ്നവുമില്ല. എല്ലാ സുപ്രീംകോടതിയുടെ പ്രവർത്തനവുമായി ബന്ധപ്പെട്ടതാണ്. അതുകൊണ്ട് തന്നെ വളരെ വേഗത്തിൽ അത് പരിഹരിക്കപ്പെടണമെന്നാണ് ഞങ്ങളുടെയും ആഗ്രഹം”, ജസ്റ്റിസ് കുര്യൻ ജോസഫ് പറഞ്ഞു.

ജസ്റ്റിസുമാരായ ജസ്തി ചെലമേശ്വർ, രഞ്ജൻ ഗൊഗോയി, മദൻ ലോകൂർ എന്നിവർക്കൊപ്പം ഇന്നലെ പത്രസമ്മേളനം നടത്തിയ ജസ്റ്റിസാണ് ഇദ്ദേഹം.

പത്രസമ്മേളനത്തിന് പിന്നാലെ നാല് ജഡ്ജിമാരും സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് തങ്ങളയച്ച ഏഴ് പേജുള്ള കത്തും പുറത്തുവിട്ടിരുന്നു. നിരവധി പ്രശ്നങ്ങളാണ് ഇതിൽ ചൂണ്ടിക്കാട്ടിയിരുന്നത്. ഇതിൽ ഉന്നയിച്ച പ്രശ്നങ്ങളിലൊന്നും ചീഫ് ജസ്റ്റിസ് യാതൊരു നടപടിയും എടുക്കാതെ വന്നതോടെയാണ് പത്രസമ്മേളനം നടത്തി കാര്യങ്ങൾ വിശദീകരിക്കാൻ ഇവർ നാലു പേരും തീരുമാനിച്ചത്.

പത്രസമ്മേളനത്തിന് ശേഷം ജസ്റ്റിസ് കുര്യൻ ജോസഫ് കേരളത്തിലേക്ക് തിരിച്ചു. അതേസമയം, ചീഫ് ജസ്റ്റിസുമായുള്ള വിഷയം പരിഹരിക്കപ്പെടുമെന്നാണ് തന്റെ പ്രതീക്ഷയെന്ന് അദ്ദേഹം പറഞ്ഞു.

അതേസമയം, തങ്ങളുയർത്തിയ പ്രശ്നങ്ങൾ ജനങ്ങൾക്കിടയിൽ കൂടുതൽ ചർച്ച ചെയ്യിക്കാനാണ് നാല് ജസ്റ്റിസുമാരും തീരുമാനിച്ചിരിക്കുന്നതെന്നാണ് വിവരം. “അവരുന്നയിച്ച പ്രശ്നങ്ങൾ പൊതുസമൂഹം വിലയിരുത്തും. പൊതുജനം പ്രശ്നങ്ങളെ കുറിച്ച് ബോധവാന്മാരായാൽ ആർക്കും ഇത് കണ്ടില്ലെന്ന് നടിച്ച് മുന്നോട്ട് പോകാനാവില്ല. പൗരന്മാർ ഇവരെക്കുറിച്ച് അറിഞ്ഞുകഴിഞ്ഞു”, എന്നാണ് ഇന്ത്യൻ എക്സ്‌പ്രസിന് നൽകിയ വിശദീകരണത്തിൽ ജസ്റ്റിസുമായി അടുത്ത ബന്ധമുള്ള ഒരാൾ പറഞ്ഞത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook