ന്യൂഡല്‍ഹി : ചരിത്രത്തില്‍ ഇന്നേവരെ കണ്ടിട്ടില്ലാത്തൊരു സാഹചര്യത്തിലൂടെയാണ് ഇന്ത്യന്‍ ജഡീഷ്യറി ഇന്ന് കടന്നുപോയത്. ജസ്റ്റിസ് ജെ. ചെലമേശ്വർ, ജസ്റ്റിസ് കുര്യൻ ജോസഫ്, ജസ്റ്റിസ് മഥൻ വി ലോക്കൂർ, ജസ്റ്റിസ് രഞ്ജൻ ഗോഗോയി എന്നീ നാല് ജസ്റ്റിസുമാരാണ് ചീഫ് ജസ്റ്റിസിനെതിരെ രംഗത്ത് വന്നത്. ദീപക് മിശ്രയുടെ കാലാവധി കഴിഞ്ഞാൽ സുപ്രീം കോടതിയുടെ ചീഫ് ജസ്റ്റിസ് പദവിയിലെത്തേണ്ടത് രഞ്ജൻ ഗൊഗോയിയാണ്.

സംഭവത്തിൽ വിവിധ മേഖലകളിൽ നിന്നും പ്രതികരണങ്ങൾ വന്നുതുടങ്ങി.

“ഇത് ഭരണപരമായ പ്രശ്നമാണ്. നമുക്കാരെയും കുറ്റപ്പെടുത്താൻ സാധിക്കില്ല. തങ്ങളുടെ ജീവിതകാലം മുഴുവൻ നീതിന്യായ വ്യവസ്ഥിതിക്ക് വേണ്ടി ഉഴിഞ്ഞുവച്ചവരാണ് അവർ നാല് പേരും. അതിനാൽ പ്രധാനമന്ത്രി നേരിട്ട് ഇടപെടണം. നാല് ജസ്റ്റിസുമാരെയും ചീഫ് ജസ്റ്റിസിനെയും വിളിച്ചിരുത്തി പ്രധാനമന്ത്രി പ്രശ്നത്തിന് പരിഹാരം കാണണം” എന്നാണ് മുതിർന്ന ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമി പറഞ്ഞത്.

“രാജ്യം മുൻപ് കണ്ടിട്ടില്ലാത്ത ഒന്നാണ് ചീഫ് ജസ്റ്റിസിനെതിരെ സുപ്രീം കോടതി ജസ്റ്റിസുമാരുടെ പത്രസമ്മേളനം. ദേശീയ താത്പര്യം പ്രധാന പരിഗണനയാകുമ്പോൾ ഇത്തരം അസാധാരണ സംഭവങ്ങൾക്ക് രാജ്യം സാക്ഷിയാകും”, യശ്വന്ത് സിൻഹ ട്വിറ്ററിൽ കുറിച്ചു.

നാല് ജസ്റ്റിസുമാരെയും ഇംപീച്ച് ചെയ്യണമെന്ന് റിട്ട ജസ്റ്റിസ് ആർഎസ് സോധി പറഞ്ഞു. “ജനാധിപത്യത്തിന് ഒരു കുഴപ്പവുമില്ല. ഇവിടെ പാർലലമെന്റും കോടതികളും പൊലീസും പ്രവർത്തിക്കുന്നുണ്ട്. സുപ്രീം കോടതിയിൽ ട്രേഡ് യൂണിയൻ പ്രവർത്തനം പാടില്ല”, അദ്ദേഹം പറഞ്ഞു.

“ചീഫ് ജസ്റ്റിസിന് മേൽ നിഴൽ വീണിരിക്കുന്ന വളരെ ഗുരുതരമായ സംഭവമാണ് ഇത്. ചീഫ് ജസ്റ്റിസ് തന്റെ അധികാരം ദുർവിനിയോഗം ചെയ്യുമ്പോൾ ആരെങ്കിലും ഒക്കെ പ്രതികരിക്കണം”, പ്രശാന്ത് ഭൂഷൺ പറഞ്ഞു.

“ഇത് ജുഡീഷ്യറിയുടെ കറുത്ത ദിനമാണ്. ഇന്ന് മുതൽ സുപ്രീം കോടതിയുടെ എല്ലാ വിധിന്യായങ്ങളും സാധാരണക്കാരായ ജനം സംശയത്തോടെയേ നോക്കൂ. എല്ലാ വിധികളും ചോദ്യം ചെയ്യപ്പെടും”, സുപ്രീം കോടതിയിലെ സീനിയർ അഭിഭാഷകൻ ഉജ്ജ്വൽ നികം പറഞ്ഞു.

“ജുഡീഷ്യറിയുടെ സ്വാതന്ത്ര്യത്തെ ചോദ്യം ചെയ്തുകൊണ്ട് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്, ബെഞ്ചുകൾ രൂപീകരിക്കുകയും സ്വന്തം താത്പര്യ പ്രകാരം കേസുകൾ ഓരോ ബെഞ്ചിനും കൈമാറുകയും ചെയ്യുന്നു” എന്ന് ദുഷ്യന്ത് ദവെ പറഞ്ഞു.

“സുപ്രീം കോടതിയിൽ വളരെ ഗുരുതരമായ പ്രശ്നങ്ങൾ ഉണ്ടെന്നാണ് ഇത് സൂചിപ്പിക്കുന്നത്. ഇത്തരം സംഭവങ്ങൾ നടക്കുമ്പോൾ ജസ്റ്റിസുമാർ മുന്നോട്ട് വരിക തന്നെ വേണം”, സുപ്രീം കോടതി മുൻ ജസ്റ്റിസ് പിബി സാവന്ത് പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ